image

30 Dec 2022 1:45 AM GMT

Stock Market Updates

ആർബിഐയുടെ ശുഭാപ്തി വിശ്വാസവും ആഗോള വിപണിയും നിക്ഷേപകർക്ക് തുണയാകും

Mohan Kakanadan

Sensex
X

Summary

  • രാവിലെ 7.15-നു സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 69.50 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ഗ്യാപ് അപ് തുടക്കത്തിനുള്ള സാധ്യത ഇത് തുറക്കുന്നു.
  • കെഫിൻ ടെക്‌നോളജീസ് വ്യാഴാഴ്ച വിപണിയിൽ തുടക്കം കുറിച്ചെങ്കിലും വലിയ ചലനമുണ്ടാക്കിയില്ല. ബിഎസ്ഇ-യിലെ ഇഷ്യു വിലയായ 366 രൂപയ്‌ക്കെതിരെ വെറും 0.81 ശതമാനം ഉയർന്ന് 369 രൂപയിലാണ് ഈ ഓഹരിയുടെ അരങ്ങേറ്റം.
  • പോളിമർ നിർമ്മാതാക്കളായ സഹ് പോളിമേഴ്‌സ്ന്റെ ഐ പി ഓ ഇന്ന് ആരംഭിച്ച് 2023 ജനുവരി 4-ന് അവസാനിക്കും.


കൊച്ചി: 2022-ലെ അവസാന വ്യാപാര ദിവസമായ ഇന്ന് വിപണി സജീവമായിരിക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. പ്രത്യേകിച്ച് ഒരു സാമ്പത്തിക റിപ്പോർട്ടുകളുടെയും പിന്തുണയില്ലാതെ തന്നെ ആഗോള സൂചികകളെല്ലാം ഇന്നലെ നേട്ടത്തിലായിരുന്നു എന്നതാണ് ഒരു പ്രധാന കാരണം. പിന്നെ, 2021 വർഷാവസാനത്തിൽ എഫ് ഐ ഐ-കൾ 575.39 കോടി രൂപയുടെ അധിക വാങ്ങലുകാരായപ്പോൾ ആഭ്യന്തര നിക്ഷേപകർ 1,165.62 കോടി രൂപയ്ക്കാണ് അധികം വാങ്ങിയത്. അതേ പ്രവണത ഈ വർഷവും തുടർന്നേക്കാമെന്ന് നിക്ഷേപകർ കണക്കുകൂട്ടുന്നു.

മാത്രമല്ല, ആർ ബി ഐയും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ആഗോള ആഘാതങ്ങൾക്കും വെല്ലുവിളികൾക്കും ഇടയിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വിജയകരമായി പ്രതിരോധിച്ചു നിക്കുകയാണെന്ന് ഗവർണർ ശക്തികാന്ത ദാസ് 26-ാമത് ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ടിന്റെ (എഫ്എസ്ആർ; FSR) മുഖവുരയിൽ പറഞ്ഞു, അന്താരാഷ്ട്ര സാമ്പത്തിക ക്രമം വെല്ലുവിളി നേരിടുന്നുവെന്നും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സാമ്പത്തിക പ്രതിസന്ധി മൂലം വിപണികൾ പ്രക്ഷുബ്ധമായിരിക്കുകയാണെന്നും അദ്ദേഹം തുടർന്നു. എന്നാൽ, ഇന്ത്യയിൽ പണപ്പെരുപ്പം ഉയർന്നതാണെങ്കിലും, നയപരമായ പണനയ നടപടികൾക്കും വിതരണ വശത്തെ ഇടപെടലുകൾക്കും മുന്നിൽ എല്ലാം കൈപ്പിടിയിലൊതുങ്ങുന്നുണ്ടെന്നും ആർബിഐ വ്യക്തമാക്കി.

എങ്കിലും, വ്യാഴാഴ്ച റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, വർദ്ധിച്ചുവരുന്ന വ്യാപാര വിടവ് മൂലം നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി 3,640 കോടി ഡോളർ, അഥവാ ജിഡിപിയുടെ 4.4 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇത്‌ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ 1,820 കോടി ഡോളറിൽ നിന്നും (ജിഡിപിയുടെ 2.2 ശതമാനം) 2020-21 ഇതേ കാലയളവിലെ 970 കോടി ഡോളറിൽ നിന്നും (ജിഡിപിയുടെ 1.3 ശതമാനം) കാര്യമായ വർധനയാണ് പ്രകടമാക്കുന്നത്.

ഇന്നലെ സെന്‍സെക്‌സ് 223.60 പോയിന്റ് ഉയർന്ന് 62,133.88 ലും നിഫ്റ്റി 68.50 പോയിന്റ് ഉയർന്ന് 18,191.00 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 424.65 പോയിന്റ് നേട്ടത്തിൽ 43,252.35 ൽ അവസാനിച്ചു.

രാവിലെ 7.15-നു സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 69.50 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ഗ്യാപ് അപ് തുടക്കത്തിനുള്ള സാധ്യത ഇത് തുറക്കുന്നു.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, സിഎസ്ബി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജ്യോതി ലാബ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല എന്നിവ ഇന്നലെ പച്ചയിലാണ് അവസാനിച്ചത്.

എന്നാൽ ധനലക്ഷ്മി ബാങ്ക്, കിംസ്, മുത്തൂറ്റ് ക്യാപിറ്റൽ, ജിയോജിത്, കല്യാൺ ജൂവല്ലേഴ്‌സ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, വി ഗാർഡ്, എന്നിവ നഷ്ടത്തിൽ കലാശിച്ചു. റിയാലിറ്റി കമ്പനികളായ പുറവങ്കരയും, പി എൻ സി ഇൻഫ്രയും ചുവപ്പിൽ തന്നെ അവസാനിച്ചപ്പോൾ, ശോഭ നേട്ടത്തിലായിരുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 29) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 515.83 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -572.78 കോടി രൂപയുടെ വില്പനക്കാരായി.

വിദഗ്ധാഭിപ്രായം

രൂപക് ഡെ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റിയുടെ മൊമെന്റം ഇൻഡിക്കേറ്റർ RSI (14) ബുള്ളിഷ് ക്രോസ്ഓവറിലാണ്. സമീപകാലത്ത്, സൂചിക 17,950 ന് മുകളിൽ തുടരുന്നിടത്തോളം കാലം പോസിറ്റീവ് ആയി തുടരാൻ സാധ്യതയുണ്ട്. അതിനാൽ, 17,950 എത്തുന്നത് വരെ താഴ്ചയിൽ വാങ്ങുന്നത് ഒരു നല്ല തന്ത്രമായിരിക്കും. ഉയർന്ന തലത്തിൽ, പ്രതിരോധം 18,350 ൽ കാണാം.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഇന്നലെ ബാങ്ക് നിഫ്റ്റിയുടെ 43,000 എന്ന കടമ്പ മറികടന്ന് ബുള്ളുകൾ ശക്തമായി തിരിച്ചെത്തി ബെയറുകളെ തുരത്തി. സൂചിക ഒരു വാങ്ങൽ മോഡിൽ തുടരുകയാണ്. 42,700-42,400 ലെവലിൽ ലോംഗ് പൊസിഷനുകൾ ആരംഭിക്കാൻ ഈ താഴ്ച അനുയോജ്യമായ അവസരമാണ്. മൊമെന്റം സൂചകങ്ങൾ ശക്തമായ വാങ്ങൽ മേഖലയിലാണ്. അതിനാൽ സൂചിക 44,000-45,000 ലെവലിലേക്ക് ഉയരാൻ സാധ്യതയുണ്ട്.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികളിൽ ഹോങ്കോങ് ഹാങ്‌സെങ് (-157.77), ചൈന ഷാങ്ഹായ് (-13.70), സൗത്ത് കൊറിയൻ കോസ്‌പി (-44.05), എന്നിവ ഇടിവിൽ തുടക്കമിട്ടപ്പോൾ തായ്‌വാൻ വെയ്റ്റഡ് (136.37) ജപ്പാൻ നിക്കേ (52.22), ജക്കാർത്ത കോമ്പസിറ്റ് (9.56) എന്നിവയെല്ലാം നേട്ടത്തിൽ വ്യാപാരം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച അമേരിക്കൻ വിപണിയിൽ നേട്ടത്തിലായിരുന്നു. ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (345.09), എസ് ആൻഡ് പി 500 (66.06), നസ്‌ഡേക് കോമ്പസിറ്റ് (264.80) എന്നിവ ശക്തമായ തിരിച്ചു വരവ് നടത്തി.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (146.12), പാരീസ് യുറോനെക്സ്റ്റ് (62.98) ലണ്ടൻ ഫുട്‍സീ (15.53) എന്നിവയും പച്ചയിൽ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡിന്റെ (ഓഹരി വില: 776.10 രൂപ) പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് ഓവർസീസ് ഹോൾഡിംഗ്‌സ് ലിമിറ്റഡ്, റിപ്പബ്ലിക് ഓഫ് ദക്ഷിണാഫ്രിക്കയിലെ ജോക്കൽസ് ടീ പാക്കേഴ്‌സിന്റെ 23.3 ശതമാനം അതിന്റെ സംയുക്ത സംരംഭ പങ്കാളികളിൽ നിന്ന് 43.65 കോടി രൂപയ്ക്ക് വാങ്ങാൻ തീരുമാനിച്ചു.

കെഫിൻ ടെക്‌നോളജീസ് വ്യാഴാഴ്ച വിപണിയിൽ തുടക്കം കുറിച്ചെങ്കിലും വലിയ ചലനമുണ്ടാക്കിയില്ല. ബിഎസ്ഇ-യിലെ ഇഷ്യു വിലയായ 366 രൂപയ്‌ക്കെതിരെ വെറും 0.81 ശതമാനം ഉയർന്ന് 369 രൂപയിലാണ് ഈ ഓഹരിയുടെ അരങ്ങേറ്റം. ഇടയ്ക്ക് ഇത് ഉയർന്ന വിലയായ 372.40 രൂപയിലും താഴ്ന്ന നിലയിൽ 351.10 രൂപയിലും എത്തിയെങ്കിലും ഒടുവിൽ 0.54 ശതമാനം കുറഞ്ഞ് 364 രൂപയിലാണ് അവസാനിച്ചത്.

സെൻട്രൽ യൂട്ടിലിറ്റികളിലൊന്നിൽ നിന്ന് 123 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതായി ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡ് (ഓഹരി വില: 56.75 രൂപ) വ്യാഴാഴ്ച അറിയിച്ചു. ഇതോടെ കമ്പനിയുടെ ഓർഡർ ബുക്ക് ഇപ്പോൾ 1,513 കോടി രൂപയായതായി റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു.

എൻ‌ടി‌പി‌സി ലിമിറ്റഡിന്റെയും (ഓഹരി വില: 166.75 രൂപ) തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷന്റെയും (TANGEDCO) 50:50 സംയുക്ത സംരംഭമായ എൻ‌ടി‌പി‌സി തമിഴ്‌നാട് എനർജി കമ്പനി ലിമിറ്റഡ് (എൻ‌ടി‌ഇ‌സി‌എൽ) 2022-23ൽ എൻ‌ടി‌പി‌സിക്ക് 100.11 കോടി രൂപയിലധികം ഇടക്കാല ലാഭവിഹിതം നൽകി.

മൾട്ടിപ്പിൾ മൈലോമ ചികിത്സയിൽ ഉപയോഗിക്കുന്ന റെവ്‌ലിമിഡ് എന്ന മരുന്നുമായി ബന്ധപ്പെട്ട് യുഎസിൽ സമർപ്പിച്ച ആന്റിട്രസ്റ്റ് വ്യവഹാരത്തിൽ തങ്ങൾക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും യുഎസ് കോടതി നിരസിച്ചതായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് (ഓഹരി വില: 4260.60 രൂപ) വ്യാഴാഴ്ച അറിയിച്ചു.

2,500 കോടി രൂപയുടെ വിൽപ്പന സാധ്യതയുള്ള ഒരു ഭവന പദ്ധതി വികസിപ്പിക്കുന്നതിനായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് (ഓഹരി വില: 1216.35 രൂപ) ഗുരുഗ്രാമിൽ ഏകദേശം 9 ഏക്കർ സ്ഥലം വാങ്ങി. ഈ പദ്ധതി ഏകദേശം 1.6 ദശലക്ഷം ചതുരശ്ര അടി പ്രീമിയം റെസിഡൻഷ്യൽ വികസനമാണ് പദ്ധതിയിടുന്നത്.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,005 രൂപ (-10 രൂപ)

യുഎസ് ഡോളർ = 82.82 രൂപ (-2 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 83.80 ഡോളർ (+1.87%)

ബിറ്റ് കോയിൻ = 14,17,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.05% ശതമാനം ഉയർന്ന് 103.67 ആയി.

ഐ പി ഓ

പോളിമർ നിർമ്മാതാക്കളായ സഹ് പോളിമേഴ്‌സ്ന്റെ (Sah Polymers) ഐ പി ഓ ഇന്ന് ആരംഭിച്ച് 2023 ജനുവരി 4-ന് അവസാനിക്കും. 66 കോടി രൂപയുടെ ഇഷ്യൂവിന് ഒരു ഷെയറിന് 61 രൂപ മുതൽ 65 രൂപ വരെയാണ് വില. ഉദയ്‌പൂർ ആസ്ഥാനമായുള്ള കമ്പനി, പ്രാഥമികമായി പോളിപ്രൊഫൈലിൻ, പോളിയെത്തിലീൻ ബാഗുകൾ, നെയ്ത ചാക്കുകൾ, നെയ്ത തുണിത്തരങ്ങൾ, പോളിമർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവയാണ് നിർമിക്കുന്നത്.