image

24 Feb 2023 2:04 AM GMT

Stock Market Updates

അഞ്ച് സെഷനിൽ സെൻസെക്‌സ് ഇടിഞ്ഞത് 1,713.71 പോയിന്റ്; ഇന്ന് ആറാം ദിനം

Mohan Kakanadan

Stock Market
X

Summary

  • തുടർച്ചയായ നാല് സെഷനിലെ വീഴ്ചക്ക് ശേഷം ഇന്നലെ യുഎസ് സൂചികകൾ ഉയർന്നു
  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.30 ന് 45.50 പോയിന്റ് ഉയർന്നാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്


കൊച്ചി: ഇന്നലെ, ആഭ്യന്തര വിപണിയിൽ അഞ്ചാം ദിവസവും തുടർച്ചയായി സൂചികകൾ താഴേക്ക് പോയി. സെൻസെക്സ് 139.18 പോയിന്റ് ഇടിഞ്ഞ് 59,605.80 ലും നിഫ്റ്റി 43.05 പോയിന്റ് നഷ്ടത്തിൽ 17,511.25 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 59,406.31 ലേക്ക് താഴുകയും ചെയ്തിരുന്നു. ബാങ്ക് നിഫ്റ്റിയാകട്ടെ 5.65 പോയിന്റ് ഉയർന്ന് 40,001.55-ലാണ് അവസാനിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ബിഎസ്ഇ സെൻസെക്‌സ് 1,713.71 പോയിന്റ് അഥവാ 2.79 ശതമാനം ഇടിഞ്ഞു. തന്മൂലം അഞ്ച് ട്രേഡിംഗ് സെഷനുകളിലായി ബിഎസ്ഇ-ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ വിപണി മൂലധനത്തിൽ 7,48,887.04 കോടി രൂപയുടെ ഇടിവുണ്ടായിട്ടുണ്ട് (ബിഎസ്ഇ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ വിപണി മൂലധനം ഇപ്പോൾ 2,60,82,098.56 കോടി രൂപയാണ്).

ദുർബലമായ യുഎസ് സൂചനകൾ, അദാനി ഓഹരികളിലെ തുടർച്ചയായ തകർച്ച, ബാങ്കിംഗ് സംവിധാനത്തെ ബാധിക്കുന്ന അദാനി പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾ, ഇതെല്ലാമാണ് വിപണി ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളെന്നു ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

"ചില അംഗങ്ങൾ 50 ബേസിസ് പോയിന്റ് നിരക്ക് വർദ്ധനയ്ക്കായി വാദിച്ചിട്ടുണ്ടെന്ന വസ്തുത ഫെഡ് മിനിറ്റ്സ് വെളിപ്പെടുത്തുന്നു. ഇത് ആഗോളതലത്തിൽ ഇക്വിറ്റി മാർക്കറ്റുകൾക്ക് ഏറ്റവും വലിയ നെഗറ്റീവ് ആണ്," വിജയകുമാർ കൂട്ടിച്ചേർത്തു.

എന്നാൽ, മൂന്നു ദിവസത്തെ വീഴ്ചക്ക് ശേഷം സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.30 ന് 45.50 പോയിന്റ് ഉയർന്നാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം വ്യാഴാഴ്ച (ഫെബ്രുവരി 23) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,586.06 കോടി രൂപയ്‌ക്ക്‌ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,417.24 കോടി രൂപയ്‌ക്ക്‌ ഓഹരികൾ അധികം വിറ്റു.

കേരള കമ്പനികൾ

ഇന്നലെ കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്,ജ്യോതി ലാബ്, കല്യാൺ ജൂവല്ലേഴ്‌സ് കേരള കെമിക്കൽസ്, കിംസ്,സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡും, വണ്ടർ ല എന്നിവ പച്ചയിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളിൽ പുറവങ്കരയും ശോഭയും ഇടിഞ്ഞപ്പോൾ പി എൻ സി ഇൻഫ്ര ഉയര്ന്നു.

ആഗോള വിപണി

ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്രമായാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ങ്ഹായ് (3.67), ഹോങ്കോംഗ് ഹാങ്ങ് സെങ് (-72.49) എന്നിവ താഴ്ചയിൽ തുടക്കം കുറിച്ചിരിക്കുന്നു. എന്നാൽ ജപ്പാൻ നിക്കേ (305.75) തായ്‌വാൻ (45.74), ദക്ഷിണ കൊറിയ കോസ്‌പി (6.15), ജക്കാർത്ത കോമ്പോസിറ്റ് (29.48) എന്നിവയെല്ലാം നേട്ടത്തിലാണ്.

തുടർച്ചയായ നാല് സെഷനിലെ വീഴ്ചക്ക് ശേഷം ഇന്നലെ യുഎസ് സൂചികകൾ ഉയർന്നു. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ 108.82 പോയിന്റും എസ് ആൻഡ് പി 21.27 പോയിന്റും, നസ്‌ഡേക് 83.33 പോയിന്റും ഉയർച്ചയിലാണ് അവസാനിച്ചത്.

യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും (-22.91) താഴ്ന്നപ്പോൾ പാരീസ് യുറോനെക്സ്റ്റും (+18.17), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+75.80) നേട്ടം കൈവരിച്ചു.

വിദഗ്ധാഭിപ്രായം

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഇന്നലെ നിഫ്റ്റിക്ക് 17455 എന്ന താഴ്ന്ന നിലവാരത്തിന് മുകളിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞു. മുന്നോട്ട് പോകുമ്പോൾ, 17455 നിഫ്റ്റിക്ക് ഉടനടി പിന്തുണയായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്. 17450-ന് താഴെയുള്ള നിർണായകമായ ഇടിവ് വീണ്ടും ഇടിയാൻ കാരണമായേക്കാം. അങ്ങനെയെങ്കിൽ, അത് 17200-17150 വരെ താഴാം. എന്നിരുന്നാലും, താഴ്ചയിലേക്ക് വീണില്ലെങ്കിൽ 17750-17850 ലേക്ക് ഒരു വീണ്ടെടുക്കലിന് സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഹെൽത്ത്‌കെയർ കമ്പനിയായ സനോഫി ഇന്ത്യയുടെ (ഓഹരി വില 5358.55 രൂപ) ലാഭം 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 45 ശതമാനം വർധിച്ച് 130.9 കോടി രൂപയായി; എന്നാൽ ഈ പാദത്തിലെ വരുമാനം 2.3 ശതമാനം ഇടിഞ്ഞ് 672 കോടി രൂപയായി. 2022 ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന് 194 രൂപയും (മുഖവില 10 രൂപ വീതം) രണ്ടാമത്തെ പ്രത്യേക ലാഭവിഹിതം 183 രൂപയും കമ്പനി പ്രഖ്യാപിച്ചു.

അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് (ഓഹരി വില 749.75 രൂപ) പുറത്തിറക്കിയ 400 മില്യൺ യുഎസ് ഡോളറിന്റെ സീനിയർ സെക്യൂർഡ് നോട്ടുകൾക്ക് സ്ഥിരമായ കാഴ്ചപ്പാടോടെ ഫിച്ച് റേറ്റിംഗ്സ് അതിന്റെ 'BBB' റേറ്റിംഗുകൾ സ്ഥിരീകരിച്ചു.

ഡോളർ ബോണ്ട് വിൽപ്പനയിലൂടെ 750 മില്യൺ യുഎസ് ഡോളർ സമാഹരിച്ചതായി എച്ച്ഡിഎഫ്സി ബാങ്ക് (ഓഹരി വില 1603.25 രൂപ) വ്യാഴാഴ്ച പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ബോണ്ടുകൾക്ക് 5.686 ശതമാനം കൂപ്പൺ നൽകുമെന്ന് ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ ബാങ്ക് അറിയിച്ചു.

സീ എന്റർപ്രൈസസിന്റെ (ഓഹരി വില 198.65 രൂപ) മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ പുനീത് ഗോയങ്ക വ്യാഴാഴ്ച എൻ സി എൽ എ ടി (NCLAT) അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു, സ്ഥാപനത്തിനെതിരെ പാപ്പരത്വ നടപടിക്രമങ്ങൾ സ്വീകരിക്കാൻ ഇൻഡസ് ഇൻഡ് ബാങ്ക് (ഓഹരി വില 1075.60 രൂപ) നൽകിയ ഹർജി ഇന്നലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ അംഗീകരിച്ചിരുന്നു.

യുഎസ് ഡോളർ = 82.73 രൂപ (-15 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 80.87 ഡോളർ (-0.34%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,200 രൂപ (0 രൂപ)

ബിറ്റ് കോയിൻ = 20,76,740 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.02 ശതമാനം ഉയർന്ന് 104.61 ന് വ്യാപാരം നടക്കുന്നു.