image

6 March 2023 2:00 AM GMT

Stock Market Updates

വെള്ളിയാഴ്ചത്തെ കുതിപ്പ് നിലനിർത്താൻ വിപണി; സിംഗപ്പൂർ തുടക്കം ഉയർച്ചയിൽ

Mohan Kakanadan

share market
X

Summary

  • ബിഎസ്ഇയും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ഹോളി പ്രമാണിച്ച് നാളെ മാർച്ച് 7 (ചൊവ്വ) അവധിയാണ്.
  • കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ മുത്തൂറ്റ് ഫിനാൻസ് ഒഴികെ എല്ലാ ഓഹരികളും താഴ്ചയിലാണവസാനിച്ചത്.


കൊച്ചി: പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡ് പലിശനിരക്ക് ഉയർത്തുന്നത് തുടരുമെന്ന ഭയത്തിനിടയിൽ ഇന്ത്യൻ ഓഹരി വിപണികൾ അസ്ഥിരമായി തുടരുമെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. യുഎസ് ബോണ്ട് യീൽഡുകളും മാക്രോ ഇക്കണോമിക് നമ്പറുകളും ഉയരുന്നത് വിപണിയുടെ പ്രവണത ഇതേ രീതിയിൽ തുടരാൻ ഇടയാക്കും എന്നാണവർ കരുതുന്നത്.

ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി കെ വിജയകുമാർ പറയുന്നു: മാർച്ച് ആദ്യ ദിവസങ്ങളിലും വിദേശ പോർട്ടഫോളിയോ നിക്ഷേപകർ (FPI) വിൽപ്പന തുടർന്നു. എന്നിരുന്നാലും, എൻഎസ് ഡി എൽ ഡാറ്റ പ്രകാരം മാർച്ച് 4 വരെ 8902 കോടി രൂപയുടെ അറ്റ വാങ്ങൽ അവർ നടത്തിയതായി കാണാം. യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ജിക്യുജി നാല് അദാനി സ്റ്റോക്കുകളിലായി 15446 കോടി രൂപയുടെ വൻ നിക്ഷേപം നടത്തിയതാണ് ഈ വ്യത്യാസത്തിന് കാരണം. ഇത് ഒഴിച്ച് നിർത്തിയാൽ, മാർച്ച് 4 വരെ എഫ്പിഐകൾ 6544 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായി തുടർന്നു. ജിക്യുജി നിക്ഷേപം ഒഴികെ, FPI-കൾ 2023-ൽ 41169 കോടി രൂപയുടെ ഓഹരികൾ വിറ്റിട്ടുണ്ട്. യുഎസ് 10 വർഷത്തെ ബോണ്ട് യീൽഡ് 4% ആയതിനാൽ FII-കൾ ഉയർന്ന തലങ്ങളിൽ ഇനിയും വിൽക്കാൻ സാധ്യതയുണ്ട്; കാരണം ഇത് FPI-കൾക്ക് ആകർഷകമായ അപകടസാധ്യതയില്ലാത്ത നിക്ഷേപമാണ്. ഫിനാൻഷ്യൽ, ക്യാപിറ്റൽ ഗുഡ്‌സ്, ഓട്ടോകൾ എന്നിവയിൽ എഫ്‌പിഐകൾ വാങ്ങുന്നവരും ഓയിൽ ആൻഡ് ഗ്യാസ്, ലോഹങ്ങൾ എന്നിവയിൽ വിൽക്കുന്നവരുമാണ്.

വെള്ളിയാഴ്ച സെൻസെക്സ് 899.62 പോയിന്റ് കുതിച്ചു കയറി 59,808.97 ലും നിഫ്റ്റി 272.45 പോയിന്റ് ഉയർച്ചയിൽ 17,594.35 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റിയാകട്ടെ 861.55 പോയിന്റ് ഉയർന്ന് 41251.35 -ലെത്തി.

ബിഎസ്ഇയും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ഹോളി പ്രമാണിച്ച് നാളെ മാർച്ച് 7 (ചൊവ്വ) അവധിയാണ്. എന്നിരുന്നാലും, സർക്കാർ അവധി ബുധനാഴ്ച ആയതിനാൽ വിപണിയുടെ അവധിയും മാർച്ച് 8 ലേക്ക് മാറ്റണമെന്ന് സ്റ്റോക്ക് ബ്രോക്കേഴ്‌സ് അസോസിയേഷൻ എഎൻഎംഐ സർക്കാരിനോടും എക്‌സ്‌ചേഞ്ചുകളോടും സെബിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.30 ന് 68.00 പോയിന്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങിയിരിക്കുന്നത് ഇന്ത്യൻ വിപണിക്ക് ആവേശം പകരാൻ സാധ്യതയുണ്ട്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (മാർച്ച് 3) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,089.92 കോടി രൂപയ്‌ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 246.24 കോടി രൂപയ്‌ക്കും ഓഹരികൾ അധികം വാങ്ങി.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ മുത്തൂറ്റ് ഫിനാൻസ് ഒഴികെ എല്ലാ ഓഹരികളും താഴ്ചയിലാണവസാനിച്ചത്. വണ്ടർ ല വെള്ളിയാഴ്ച മാത്രം 5.96 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ 52 ആഴ്ചക്കുള്ളിൽ കമ്പനിയുടെ ഓഹരി 201.10 രൂപയിൽ നിന്ന് 453.90 രൂപ വരെ എത്തി.

ആഗോള വിപണി

ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ങ്ഹായ് (3.63), ജപ്പാൻ നിക്കേ (314.65) തായ്‌വാൻ (101.42), ദക്ഷിണ കൊറിയ കോസ്‌പി (12.45) എന്നിവ ഉയർച്ചയിലാണ്. എന്നാൽ ഹോങ്കോംഗ് ഹാങ്ങ് സെങ് (-129.67) ജക്കാർത്ത കോമ്പോസിറ്റ് (-43.78) എന്നിവ ചുവപ്പിലാണ് തുടക്കം.

വെള്ളിയാഴ്ച യുഎസ് സൂചികകൾ വീണ്ടും നേട്ടം തിരിച്ചുപിടിച്ചു. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ 387.40 പോയിന്റും, എസ് ആൻഡ് പി 64.29 പോയിന്റും, നസ്‌ഡേക് 226.02 പോയിന്റും നേട്ടത്തിലാണ് അവസാനിച്ചത്.

യൂറോപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലണ്ടൻ ഫുട്‍സീയും (3.07), പാരീസ് യുറോനെക്സ്റ്റും (63.90), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (250.75) പച്ചയിൽ തന്നെ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

മത്സരത്തെ മറികടക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ (ഓഹരി വില 172.90 രൂപ) ഞായറാഴ്ച ഭവനവായ്പ പലിശ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ച് 8.5 ശതമാനമാക്കി. കൂടാതെ, 8.40 ശതമാനം മുതൽ ആരംഭിക്കുന്ന എംഎസ്എംഇ വായ്പാ പലിശ നിരക്കും ബാങ്ക് കുറച്ചു.

വേനൽക്കാല കേന്ദ്രീകൃത ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് പാനീയങ്ങൾക്കും ഗ്ലൂക്കോസ് പോർട്ട്‌ഫോളിയോയ്ക്കും ദൈർഘ്യമേറിയ വേനൽ നല്ലതാണെന്ന് ഡാബർ ഇന്ത്യ (ഓഹരി വില 534.80 രൂപ) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആദർശ് ശർമ്മ പറഞ്ഞു. ഈ ഉൽപ്പന്നങ്ങൾക്ക് നല്ല ഡിമാൻഡ് പ്രതീക്ഷിക്കുന്നതിനാൽ ചില്ലറ വിൽപ്പനയിൽ അതിനായി കൂടുതൽ ഇൻവെന്ററി നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്.

ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്ര (ICRA), അദാനി പോർട്സിന്റെ (ഓഹരി വില 684.65 രൂപ) റേറ്റിംഗ് ICRA]AA+ ൽ നിലനിർത്തിയപ്പോൾ കമ്പനിയുടെ ഔട്ടിലൂക് 'സ്റ്റേബിളി'ൽ നിന്നും 'നെഗറ്റീവ്' (Stable to Negative) ആയി കുറച്ചു. അദാനി പോർട്സിന്റെ ആഭ്യന്തര ആഗോള വിപണികളിൽ നിന്ന് ഫണ്ട് സമാഹരിക്കുന്നതിനുള്ള ശേഷി പരിശോധിച്ചു വരികയാണെന്നും ഇക്ര വ്യക്തമാക്കി.

സൗത്ത് ബിഹാർ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിൽ (എസ്ബിപിഡിസിഎൽ) നിന്ന് 564.87 കോടി രൂപയുടെ കരാർ ഇപിസി ഡിവിഷൻ നേടിയതായി ബജാജ് ഇലക്ട്രിക്കൽസ് (ഓഹരി വില 1102.80 രൂപ) അറിയിച്ചു. ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്നതിനാണ് കരാർ.

യുഎസ് ഡോളർ = 81.97 രൂപ (-63 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 83.52 ഡോളർ (-1.45%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,175 രൂപ (0 രൂപ)

ബിറ്റ് കോയിൻ = 19,92,999 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.31 ശതമാനം താഴ്ന്ന് 104.70 ന് വ്യാപാരം നടക്കുന്നു.