image

8 March 2023 2:00 AM GMT

Stock Market Updates

സിംഗപ്പൂർ തുടക്കം താഴ്ച്ചയിൽ; ദിശയറിയാതെ ആഭ്യന്തര വിപണി

Mohan Kakanadan

share market asian opening
X

Summary

  • തിങ്കളാഴ്ച (മാർച്ച് 6) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 757.23 കോടി രൂപയ്‌ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 721.37 കോടി രൂപയ്‌ക്കും ഓഹരികൾ അധികം വാങ്ങി
  • ഇന്നലെ യുഎസ് സൂചികകൾ കുത്തനെ ഇടിഞ്ഞു


കൊച്ചി: ഹോളി പ്രമാണിച്ച് ഇന്നലെ മാർച്ച് 7 (ചൊവ്വ) ബിഎസ്ഇയും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും അവധിയായിരുന്നു. ഇന്ന് വീണ്ടും തുറക്കുമ്പോൾ വിപണിയെ മുന്നോട്ടു നയിക്കാൻ തക്ക ആവേശകരമായ വാർത്തകളൊന്നുമില്ല. ഇന്നലെ വ്യാപാരം നടന്ന ആഗോള വിപണികൾ എല്ലാം വമ്പിച്ച നഷ്ടത്തിലാണ് അവസാനിച്ചിട്ടുള്ളത്. മാത്രമല്ല, സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.30 ന് -118.00 പോയിന്റ് താഴ്ചയിൽ വ്യാപാരം തുടങ്ങിയിരിക്കുന്നത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ് ഡൗൺ തുടക്കത്തിന് സാധ്യത നൽകുന്നതായി വിദഗ്ധർ കരുതുന്നു.

തിങ്കളാഴ്ച തുടക്കം മുതൽ ആഗോള വിപണികളുടെ ചുവടു പിടിച്ച് ആഭ്യന്തര വിപണികൾ ഉയർച്ചയിൽ തന്നെയായിരുന്നു. ഒടുവിൽ വിപണി അവസാനിക്കുമ്പോൾ സെൻസെക്സ് 415.49 പോയിന്റ് ഉയർന്നു 60,224.46 ലും നിഫ്റ്റി 117.10 പോയിന്റ് വർധിച്ചു 17711.45 ലും എത്തി. ബാങ്ക് നിഫ്റ്റിയും 99.05 പോയിന്റ് ഉയർന്ന് 41,350.40-ലാണ് അവസാനിച്ചത്.

എൽകെപി സെക്യൂരിറ്റിസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷായുടെ അഭിപ്രായത്തിൽ തിങ്കളാഴ്ച ഉയർന്ന തലത്തിൽ ചില സമ്മർദ്ദത്തിന് ബാങ്ക് നിഫ്റ്റി സൂചിക സാക്ഷ്യം വഹിച്ചുവെങ്കിലും വിശാലമായി ഒരു ബുള്ളിഷ് പ്രവണത തുടരുകയാണ്. അതിനാൽ, താഴുമ്പോൾ വാങ്ങുക എന്ന സമീപനം പിന്തുടരണം. സൂചികയുടെ ലോവർ-എൻഡ് സപ്പോർട്ട് 41000 ആണ്; അവിടെ 'പുട്ട്' സൈഡിൽ ഏറ്റവും കൂടുതൽ ഓപ്പൺ ഇന്ററസ്റ് കാണാനുണ്ട്. അടുത്ത ചില ട്രേഡിംഗ് സെഷനുകളിൽ സൂചിക ഈ ശ്രേണിയിൽ വ്യാപാരം നടത്താൻ സാധ്യതയുണ്ട് എന്നും ഷാ പറയുന്നു.

രൂപക് ഡെ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ് പറയുന്നത് 17650 ൽ താഴെയുള്ള ഇടിവ് കമ്പോളത്തിൽ കുത്തനെയുള്ള തിരുത്തലിന് ഇടയാക്കിയേക്കാം എന്നാണ്. എന്നാൽ, 17750 ന് മുകളിൽ വ്യാപാരം പോയാൽ അത് വിപണിയിൽ ഒരു വാങ്ങലിനും കാരണമായേക്കാമെന്ന് അദ്ദേഹം കരുതുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം തിങ്കളാഴ്ച (മാർച്ച് 6) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 757.23 കോടി രൂപയ്‌ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 721.37 കോടി രൂപയ്‌ക്കും ഓഹരികൾ അധികം വാങ്ങി.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ജിയോജിത്ത് ഫൈനാൻഷ്യൽക്കയാണ് ജൂവല്ലേഴ്‌സ്, കേരള ആയുവേദിക് എന്നിവ ഒഴിച്ച് ബാക്കിയെല്ലാം തിങ്കളാഴ്ച ചുവപ്പിലാണവസാനിച്ചത്.

റിയാൽറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്ര ഉയർന്നപ്പോൾ പുറവങ്കരയും ശോഭയും നഷ്ടത്തിലായി..

ആഗോള വിപണി

ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ നഷ്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ങ്ഹായ് (-36.93), തായ്‌വാൻ (-44.59), ദക്ഷിണ കൊറിയ കോസ്‌പി (-21.71), ഹോങ്കോംഗ് ഹാങ്ങ് സെങ് (-68.71) ജക്കാർത്ത കോമ്പോസിറ്റ് (-40.24) എന്നിവ ചുവപ്പിലാണ് തുടക്കം. എന്നാൽ, ജപ്പാൻ നിക്കേ (116.59) ഉയർച്ചയിലാണ്.

ഇന്നലെ യുഎസ് സൂചികകൾ കുത്തനെ ഇടിഞ്ഞു ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ -574.98 പോയിന്റും, എസ് ആൻഡ് പി -62.05 പോയിന്റും, നസ്‌ഡേക് -145.40 പോയിന്റും താഴ്ചയിലേക്ക് കൂപ്പുകുത്തി.

യൂറോപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലണ്ടൻ ഫുട്‍സീയും (-10.31), പാരീസ് യുറോനെക്സ്റ്റും (-33.94), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-94.05) ചുവപ്പിൽ തന്നെ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

അദാനി പവർ (ഓഹരി വില 177.75 രൂപ) ആറ് അനുബന്ധ സ്ഥാപനങ്ങളായ അദാനി പവർ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവർ രാജസ്ഥാൻ ലിമിറ്റഡ്, ഉഡുപ്പി പവർ കോർപ്പറേഷൻ ലിമിറ്റഡ്, റായ്പൂർ എനർജൻ ലിമിറ്റഡ്, റായ്ഗഡ് എനർജി ജനറേഷൻ ലിമിറ്റഡും, അദാനി പവർ (മുന്ദ്ര) എന്നിവയെ തങ്ങളുമായി സംയോജിപ്പിച്ചതായി ചൊവ്വാഴ്ച ഒരു ബിഎസ്ഇ ഫയലിംഗിൽ പ്രസ്താവിച്ചു.

ഹോം അപ്ലിക്കേഷൻ കമ്പനിയായ ബ്ലൂ സ്റ്റാർ ലിമിറ്റഡ് (ഓഹരി വില 1481.55 രൂപ) ദാദ്രയിലും ശ്രീ നഗരത്തിലും ശേഷി വിപുലീകരണ പദ്ധതികൾ ഏറ്റെടുക്കും. 350 കോടി രൂപ മുതൽമുടക്കിൽ ആന്ധ്രാ പ്രദേശിലെ ശ്രീസിറ്റിയിൽ ആരംഭിച്ച യുണിറ്റ് ജനുവരിയിൽ ഉത്പാദനം ആരംഭിച്ചിരുന്നു.

പേടിഎം ബ്രാൻഡിന്റെ ഉടമസ്ഥരായ ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് (ഓഹരി വില 625.65 രൂപ) സാമ്പത്തിക ഉൾപ്പെടുത്തൽ, പൊതുജനാരോഗ്യം, സൈബർ സുരക്ഷ എന്നിവയിൽ സംരംഭങ്ങൾ നടത്തുന്നതിന് ആന്ധ്രാപ്രദേശ് സർക്കാരുമായി കരാർ ഒപ്പിട്ടതായി അറിയിച്ചു.

ഏകദേശം 85 മെഗാ വാട്ട് (MW) പുനരുപയോഗ ഊർജ ശേഷി സ്ഥാപിക്കുന്നതിന് 35 കോടി രൂപയുടെ നിക്ഷേപം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് രാമകൃഷ്ണ ഫോർജിംഗ്സ് (ഓഹരി വില 269.25 രൂപ) സിഎഫ്ഒ ലളിത് ഖേതൻ പറഞ്ഞു.

പാക്കേജിംഗ് പിശക് കാരണം ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡി ലബോറട്ടറിയുടെ (ഓഹരി വില 4439.20 രൂപ) ജനറിക് മരുന്നായ ടാക്രോലിമസ് കാപ്സ്യൂളുകളുടെ 4,320 കുപ്പികൾ തിരിച്ചുവിളിക്കാൻ യുഎസ് അധികൃതർ നിർദ്ദേശിച്ചു.

രാജ്യത്തെ രണ്ട് ട്രാൻസ്മിഷൻ പ്രോജക്ടുകൾക്കായി സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഗ്രിഡ് കോർപ്പറേഷൻ (ഓഹരി വില 172.90 രൂപ) 4,071 കോടി രൂപയുടെ നിക്ഷേപം അംഗീകരിച്ചു. 524.04 കോടി രൂപ ചെലവിൽ ഈസ്റ്റേൺ മേഖല വിപുലീകരണ പദ്ധതിയും അംഗീകരിച്ചു, നവംബർ 2025 നവംബറോടെ ഇത് കമ്മീഷൻ ചെയ്യും.

വികാസ് ലൈഫ്ടെയറിനു വേണ്ടി സ്മാർട്ട് മീറ്റർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഉല്പത്തി ഗ്യാസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഓഹരി വില 445.05 രൂപ) മായി ഒരു കരാറിൽ പ്രവേശിച്ചു.

ഷെയർ പണയം വെച്ചുള്ള 7,374 കോടി രൂപ കടം തിരിച്ചടച്ചതായി അദാനി ഗ്രൂപ്പ് (അദാനി എന്റർപ്രൈസസ്: ഓഹരി വില 1982.90 രൂപ) അറിയിച്ചു. ഗ്രൂപ്പിന്റെ മൊത്തം കടം 2019 ൽ 1.11 ലക്ഷം കോടി രൂപയിൽ നിന്ന് 2023 ൽ 2.21 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്.

മുൻവർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ വൈദ്യുതി ഉൽപാദനത്തിൽ 12 ശതമാനം വളർച്ച 364.2 ബില്യൺ യൂണിറ്റിലെത്തിയെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ ഭീമനായ എൻടിപിസി (ഓഹരി വില 176.80 രൂപ) തിങ്കളാഴ്ച അറിയിച്ചു.

യുഎസ് ഡോളർ = 81.92 രൂപ (-5 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 81.17 ഡോളർ (-0.77%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,165 രൂപ (-20 രൂപ)

ബിറ്റ് കോയിൻ = 19,25,876 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.06 ശതമാനം ഉയർന്ന് 104.58 ന് വ്യാപാരം നടക്കുന്നു.