image

29 Feb 2024 9:55 AM GMT

Equity

പേടിഎം ചുവപ്പിൽ; വിഹിതം വെട്ടിക്കുറച്ചു സോഫ്റ്റ് ബാങ്ക്

MyFin Desk

പേടിഎം ചുവപ്പിൽ; വിഹിതം വെട്ടിക്കുറച്ചു സോഫ്റ്റ് ബാങ്ക്
X

Summary

  • ആർബിഐ നടപടി സ്വീകരിച്ചതിനെ തുടർന്ന് കനത്ത പ്രഹരം നേരിട്ട് ഓഹരികൾ
  • 318.05 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന നിലവാരം


തുടർച്ചയായ മൂന്നാം സെഷനിലും ഇടിവ് നേരിട്ട് പേടിഎം ഓഹരികൾ. ഇൻട്രാഡേയിൽ ഓഹരികൾ 385.90 താഴ്ന്ന നിലയിലേക്ക് എത്തി. 318.05 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന നിലവാരം. ഇന്നലത്തെ സെഷനിലും 5% ലോവർ സർക്യൂട്ടിലേക്ക് ഓഹരികൾ എത്തിയിരുന്നു. ജനുവരി 31ന് പേറ്റിഎം പേയ്മെന്റ് ബാങ്കിനെതിരെ ആർബിഐ നടപടി സ്വീകരിച്ചതിനെ തുടർന്ന് കനത്ത പ്രഹരം ഓഹരികൾ നേരിടുന്നുണ്ട്. 318 രൂപയുടെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിച്ചേർന്നതിനുശേഷം 20 ശതമാനത്തോളം തിരിച്ചുവരവ് കഴിഞ്ഞ ആഴ്ച നടത്തിയെങ്കിലും, ആ നേട്ടങ്ങൾ കഴിഞ്ഞ സെഷനുകളിലായി വിട്ടുകൊടുക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച പേയ്മെന്റ് ബാങ്കിൻറെ ബോർഡിൽ നിന്നും വിജയ് ശേഖർമ പടിയിറങ്ങിയിരുന്നു.

ജാപ്പനീസ് നിക്ഷേപ ഭീമനായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ പേടിഎമ്മിൻ്റെ 2.17 ശതമാനം ഓഹരികൾ വെട്ടിക്കുറച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2022 സെപ്റ്റംബറിൽ പേടിഎമ്മിൽ 17.5 ശതമാനം ഓഹരിയുണ്ടായിരുന്ന ഈ കമ്പനിക്ക് ഇപ്പോൾ ഇന്ത്യൻ പേയ്‌മെൻ്റ് സ്റ്റാർട്ടപ്പിൻ്റെ 2.83 ശതമാനം വിഹിതം മാത്രമാണ് ഉള്ളത്. ആർബിഐ നടപടികളിൽ ഓഹരികളിൽ ഇടിഞ്ഞതോടെ $100-150 മില്യൺ ഡോളറിന്റെ നഷ്ടം സോഫ്റ്റ്ബാങ്കിന് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇടിവിനു മുൻപായി ജനുവരിയിലും സോഫ്റ്റ്ബാങ്ക് പേടിഎം ഓഹരികൾ വിറ്റഴിച്ചിരുന്നു. ആഗോള നിക്ഷേപകരിൽ വാറൻ ബഫറ്റിൻ്റെ ബെർക്‌ഷെയർ ഹാത്‌വേ, ചൈനയുടെ ആലിബാബ ഗ്രൂപ്പ് തുടങ്ങിയവർ 2023 ൽ തന്നെ ഓഹരിപങ്കാളിത്തം വിറ്റൊഴിഞ്ഞിരുന്നു. ചൈനീസ് ഫിൻടെക് സ്ഥാപനമായ ആൻ്റ് ഫിനാൻഷ്യലിൻ്റെ നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള യൂണിറ്റ് ഉൾപ്പെടെയുള്ളവരും തങ്ങളുടെ ഓഹരികൾ കുറച്ചു.