image

31 July 2023 2:41 AM GMT

Stock Market Updates

പുതുവാരത്തില്‍ വിപണി തുറക്കുമ്പോള്‍; ഇന്നത്തെ ചലനങ്ങള്‍ അറിയാം

MyFin Desk

Stock Market|Trade
X

Summary

  • ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍ തുടങ്ങി
  • എഫ്‍പിഐകള്‍ കഴിഞ്ഞ വാരത്തിലും വാങ്ങലുകാരായി തുടര്‍ന്നു


പൊതുവില്‍ നഷ്ടം രേഖപ്പെടുത്തിയ ഒരു വാരമായിരുന്നു ആഭ്യന്തര ഓഹരി വിപണികളെ സംബന്ധിച്ച് കഴിഞ്ഞുപോയത്. അഞ്ച് വ്യാപാര ദിനങ്ങളില്‍ ഒന്നില്‍ മാത്രമാണ് സെന്‍സെക്സ് നേട്ടം രേഖപ്പെടുത്തിയത്. നിഫ്റ്റി രണ്ട് ദിനങ്ങളില്‍ നേട്ടത്തില്‍ എത്തിയെങ്കിലും അതിലൊന്ന് തീര്‍ത്തും നേര്‍ത്തതായിരുന്നു. വിപണിയിലെ ശ്രദ്ധേയമായ ചില കമ്പനികളുടെ ആദ്യ പാദ ഫലങ്ങള്‍ പ്രതീക്ഷക്കൊത്ത് എത്താതിരുന്നതും യുഎസ് കേന്ദ്ര ബാങ്കും യൂറോപ്യന്‍ കേന്ദ്രബാങ്കും ധനനയം കടുപ്പിച്ചതും നിക്ഷേപക വികാരത്തെ സ്വാധീനിച്ചു. മുന്‍വാരങ്ങളുടെ റെക്കോഡ് ഭേദിക്കല്‍ റാലിക്ക് ശേഷം നിക്ഷേപകരില്‍ ഒരു വിഭാഗം ലാഭമെടുപ്പിലേക്ക് നീങ്ങിയതും ഇടിവിന് കാരണമായി.

ഇന്ന് വീണ്ടും വിപണി തുറക്കുമ്പോള്‍ വാരാന്ത്യത്തില്‍ പുറത്തുവന്ന ആദ്യപാദ ഫലങ്ങളും പ്രഖ്യാപനങ്ങളും വിപണിയെ സ്വാധീനിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന യോഗം അടുത്ത വാരം ചേരാനിരിക്കെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും ശക്തി പ്രാപിച്ചിട്ടുണ്ട്. ജിഎസ്‍ടി കൌണ്‍സില്‍ യോഗവും അടുത്തയാഴ്ച ചേരുന്നുണ്ട്.

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

രണ്ട് അന്തർ-സംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം പ്രോജക്ടുകളുടെ കരാര്‍ സ്വന്തമാക്കിയതാണ് പൊതുമേഖലയിലുള്ള പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ ശ്രദ്ധേയമാക്കുന്നത്. ഇന്ന് പ്രഖ്യാപിക്കുന്ന ആദ്യപാദ ഫലവും ഈ കമ്പനിയുടെ ഓഹരികളിലെ ചലനങ്ങള്‍ക്ക് ഇടയാക്കും. വെള്ളിയാഴ്ച പുറത്തുവന്ന ഐഡിഎഫ്‍സി ഫസ്റ്റ്ബാങ്കിന്‍റെ ആദ്യപാദ ഫലത്തില്‍ 61.3 ശതമാനം അറ്റാദായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അറ്റ പലിശ വരുമാനത്തില്‍ 36% വളര്‍ച്ച നേടിയിട്ടുണ്ട്. മറ്റു വരുമാനങ്ങളില്‍ 49 ശതമാനം ഉയര്‍ച്ച നേടി. ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്താനും ബാങ്കിനായിട്ടുണ്ട്.

പാപ്പരത്വ പരിഹാര നടപടികളിലൂടെ കടന്നുപോകുന്ന റിലയന്‍സ് ക്യാപിറ്റലിന് 444 കോടി രൂപയുടെ അറ്റാദായം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ രേഖപ്പെടുത്താനായി. 491 കോടി രൂപയുടെ നഷ്ടമാണ് മുന്‍ വര്‍ഷം സമാന കാലയളവില്‍ രേഖപ്പെടുത്തിയിരുന്നത്. കമ്പനിയുടെ മൊത്തം വരുമാനം 3,604 കോടി രൂപയില്‍ നിന്ന് 6001 കോടി രൂപയായി ഉയര്‍ന്നു. പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാന്‍റ് എലോണ്‍ അറ്റാദായം 176 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി., അറ്റ ​​പലിശ വരുമാനം 45 ശതമാനം ഉയര്‍ന്നു. പ്രവർത്തന ലാഭത്തില്‍ 72 ശതമാനവും പലിശേതര വരുമാനത്തില്‍ 27 ശതമാനവും വർധനയുണ്ടായി.

എസ്‌ബി‌ഐ കാര്‍ഡ്സ് ആന്‍ഡ് പേമെന്‍റ് സര്‍വീസസിന്‍റെ ലാഭം ആദ്യ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനം ഇടിവോടെ 593 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനം വർധിച്ചു

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ സംയോജിത അറ്റാദായം ആദ്യപാദത്തില്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,844 കോടി രൂപയിലെത്തി. സംയോജിത പ്രവര്‍ത്തന വരുമാനത്തില്‍ 13 ശതമാനം വളര്‍ച്ച നേടാനായിട്ടുണ്ട്. ലിഗ്‍നൈറ്റ്, വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എല്‍സി ഇന്ത്യാ ലിമിറ്റഡിന്‍റെ അറ്റാദായത്തില്‍ 35 ശതമാനം വാര്‍ഷിക ഇടിവാണ് ആദ്യ പാദത്തില്‍ ഉണ്ടായിട്ടുള്ളത്. വരുമാനത്തില്‍ 16 ശതമാനം ഇടിവും ഉണ്ടായി. പൊതുമേഖലാ ഊര്‍ജ്ജ കമ്പനി എൻടിപിസി 9.4 ശതമാനം വാര്‍ഷിക വളര്‍ച്ച ആദ്യപാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗെയ്മിംഗ് മേഖലയില്‍ നിന്നുള്ള നസര ടെക്നോളജീസിന്‍റെ ആദ്യപാദ അറ്റാദായം 31 ശതമാനം ഉയര്‍ച്ചയോടെ 21 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. ഗെയ്മിംഗ് വ്യവസായത്തിന്‍റെ ജിഎസ്‍ടി 28 ശതമാനത്തിലേക്ക് ഉയര്‍ത്തിയ തീരുമാനം ഗെയ്മിംഗ് ഓഹരികള്‍ക്ക് പൊതുവില്‍ തിരിച്ചടി നല്‍കിയിരുന്നു. എഫ്എംസിജി കമ്പനിയായ മാരികോ 15.6 ശതമാനത്തിന്‍റെ ആരോഗ്യകരമായ വളര്‍ച്ചയാണ് ആദ്യപാദത്തില്‍ സ്വന്തമാക്കിയത്.

ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

ഏഷ്യന്‍ വിപണികളി‍ല്‍ പൊതുവേ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ഷങ്ഹായ്, ഹോംഗ്കോംഗ്‍, നിക്കെയ് , തായ്വാന്‍ തുടങ്ങിയ വിപണികളില്‍ നേട്ടത്തില്‍ വ്യാപാരം പുരോഗമിക്കുന്നു. യൂറോപ്യന്‍ വിപണികള്‍ സമ്മിശ്രമായ തലത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചിരുന്നത്. യുഎസിലെ പ്രധാന വിപണികളായ ഡൌ ജോണ്‍സ്, നാസ്‍ഡാഖ്, എസ്‍ & പി എന്നിവ നേട്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഗുജറാത്തിലെ ഗിഫ്റ്റ്സിറ്റിയിലുള്ള ഡെറിവേറ്റിവ് വിപണി ഇന്ന് തീര്‍ത്തും നേരിയ ഇടിവിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച 0.01 ശതമാനം നഷ്ടത്തോടെ തുടങ്ങി, ഫ്യൂച്ചറുകൾ 19,788 പോയിന്റായി. ഇത് വിശാലമായ വിപണി സൂചികയുടെ ഫ്ലാറ്റ് തുടക്കത്തിന്‍റെ സാധ്യത മുന്നോട്ടുവെക്കുന്നു.

വിദേശ ഫണ്ടിന്‍റെ വരവ്

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ജൂലൈയിലും ഇന്ത്യന്‍വിപണിയിലെ വാങ്ങൽ പ്രവാഹം തുടരുന്നു, സുസ്ഥിരമായ സൂക്ഷ്മ സാമ്പത്തിക ഘടകങ്ങളും സ്ഥിരമായ വരുമാന വളർച്ചയും പരിഗണിച്ച് ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ 45,365 കോടി രൂപയുടെ അറ്റ ​​നിക്ഷേപമാണ് ജൂലൈയില്‍ ഇതുവരെ അവര്‍ നടത്തിയത്. എന്നാല്‍ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ഇനിയുമുള്ള വര്‍ധനയ്ക്ക് സാധ്യത മുന്നോട്ടുവെക്കുകയും ചെയ്തത് ഭാവിയിലെ നിക്ഷേപങ്ങളില്‍ വീണ്ടുവിചാരം നടത്താന്‍ എഫ്‍പിഐകളെ പ്രേരിപ്പിച്ചേക്കും എന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച 1,023.91 കോടി രൂപയുടെ ഓഹരികൾ ഇന്ത്യന്‍ വിപണിയില്‍ വിറ്റു, അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) ജൂലൈ 28 ന് 1,634.37 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ കാണിക്കുന്നു.

വിപണിയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ ഏഴിന്റെയും സംയുക്ത വിപണി മൂല്യത്തില്‍ കഴിഞ്ഞ ആഴ്ച 77,434.98 കോടി രൂപയുടെ ഇടിവുണ്ടായി. ഐടിസിയും എച്ച്‌ഡിഎഫ്‌സി ബാങ്കും ഏറ്റവും വലിയ നഷ്ടം രേപ്പെടുത്തി. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 524.06 പോയിന്റ് അഥവാ 0.78 ശതമാനം ഇടിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ബജാജ് ഫിനാൻസ് ലിമിറ്റഡ് എന്നിവ നഷ്ടത്തിലേക്ക് നീങ്ങിയപ്പോള്‍ ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ എന്നിവ അവരുടെ വിപണിയിൽ നേട്ടമുണ്ടാക്കി.

എണ്ണ വിലയും സ്വര്‍ണവും

വെള്ളിയാഴ്ച എണ്ണവില സ്ഥിരത പുലർത്തി. ആരോഗ്യകരമായ ഡിമാൻഡും വിതരണം വെട്ടിക്കുറച്ചതും മൂലം ക്രൂഡ് ഓയിലിലെ നിക്ഷേപകര്‍ക്ക് തുടര്‍ച്ചയായ അഞ്ചാം വാരത്തിലും നേട്ടമുണ്ടാക്കാനിയ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 9 സെൻറ് കുറഞ്ഞ് 84.15 ഡോളറിലെത്തി, യു.എസ്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് 3 സെൻറ് കുറഞ്ഞ് ബാരലിന് 80.06 ഡോളറിലെത്തി.

ഡോളറിന്‍റെ മൂല്യത്തിലുണ്ടായ ഇടിവ് മൂലം വെള്ളിയാഴ്ച സ്വർണവില തിരിച്ചുകയറി., പക്ഷേ കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കിടയിലെ ഏറ്റവും മോശം നിലവാരത്തിലായിരുന്നു ആഗോള തലത്തില്‍ കഴിഞ്ഞ വാരം സ്വര്‍ണവില. സ്‌പോട്ട് ഗോൾഡ് 0.6 ശതമാനം ഉയർന്ന് ഔൺസിന് 1,956.69 ഡോളറിലെത്തി, ജൂലൈ 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.5 ശതമാനം ഉയർന്ന് 1,955.70 ഡോളറിലെത്തി.