31 March 2026 11:55 AM IST
Summary
ഓഹരി വിലയിൽ 65 ശതമാനം മുന്നേറ്റം പ്രവചിച്ച് പ്രമുഖ ബ്രോക്കറേജ് ബൈ കോൾ നൽകിയിരിക്കുന്ന ഒരു ഓഹരി
ഇപ്പോൾ വാച്ച്ലിസ്റ്റിൽ സൂക്ഷിക്കാൻ ഒരു ഓഹരി. ബ്രോക്കറേജ് സ്ഥാപനമായ വെഞ്ചുറ സെക്യൂരിറ്റീസ് ഓഹരി വിലയിൽ പ്രവചിക്കുന്നത് 65 ശതമാനം മുന്നേറ്റം. ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡാണ് ബ്രോക്കറേജ് 'ബൈ' റേറ്റിംഗ് നൽകിയിരിക്കുന്ന ആ ഓഹരി. വിവിധ മേഖലകളിൽ സിങ്ക് ആവശ്യകത ഉയരുന്നതും ഭാവിയിലെ ശക്തമായ വളർച്ചാ സാധ്യതയും ആകർഷകമായ വിലയും ഓഹരി ഇപ്പോൾ ആകർഷകമാക്കുന്നു എന്ന് ബ്രോക്കറേജ് സൂചിപ്പിക്കുന്നു.
മൂന്നു മാസത്തിനുള്ളിൽ ഓഹരി വിലയിൽ 30 ശതമാനത്തിലധികം കറക്ഷനുണ്ടായിരുന്നു .2026 ജനുവരിയിൽ 732.60 രൂപ എന്ന ഉയർന്ന നിലയിലായിരുന്നു വില. തിങ്കളാഴ്ച 502.20 രൂപയിലാണ് ക്ലോസ് ചെയ്തത്. രണ്ട് വർഷത്തെ ടാർഗറ്റ് വിലയായി വെഞ്ചുറ നൽകിയിരിക്കുന്നത് 829 രൂപയാണ്. 65 ശതമാനം മുന്നേറ്റമാണ് പ്രവചിക്കുന്നത്.
വരുമാനം ഉയർന്നേക്കും
ആഗോളതലത്തിൽ ആധിപത്യം പുലർത്തുന്ന കമ്പനി ഏറ്റവും കുറഞ്ഞ ചെലവിലുള്ള സംയോജിത സിങ്ക് ഉൽപാദകരാണ്. സ്ഥിരമായ ഉയർന്ന ഡിവിഡന്റ് പേഔട്ടുകളും മികച്ച റിട്ടേണും നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. സിങ്ക് ഉൽപാദനത്തിൽ കമ്പനി വിപണിയിൽ മുന്നിലാണ്. ആഗോള സിങ്ക് ഖനനത്തിലും നിർണായക സ്ഥാനമുണ്ട്. 2025-28 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 11.5 ശതമാനം ശരാശരി വാർഷിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. 56,698 കോടി രൂപയായി വരുമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
2027 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പുനരുപയോഗ ഊർജ്ജ ഉപയോഗം 35-40 ശതമാനത്തിലെത്തിക്കാൻ ലക്ഷ്യമിടുകയാണ്. ടങ്സ്റ്റൺ (ആന്ധ്രാപ്രദേശ്), പൊട്ടാഷ് (രാജസ്ഥാൻ), റെയർ എർത്ത് എലമെന്റ്സ് (ഉത്തർപ്രദേശ്) എന്നിവയുൾപ്പെടെയുള്ള നിർണ്ണായക ധാതു ഖനനത്തിനുള്ള ലൈസൻസും കമ്പനി നേടിയിട്ടുണ്ട്.
(Disclaimer : ഓഹരി നിക്ഷേപം നഷ്ട സാധ്യതകൾക്കും വിധേയമാണ്. കൃത്യമായ പഠനത്തിന് ശേഷം സ്വന്തം റിസ്കിൽ വേണം ഓഹരികളിൽ നിക്ഷേപിക്കാൻ)
പഠിക്കാം & സമ്പാദിക്കാം
Home
