image

25 Feb 2024 5:30 AM GMT

Equity

കരുത്താർജ്ജിച്ചു സ്വർണം, നിർണായകമായി ജിഡിപി കണക്കുകൾ; ആഗോളവിപണികളെ അടുത്ത ആഴ്ച കാത്തിരിക്കുന്നത്

MyFin Research Desk

another european country headed for recession
X

Summary

  • യുഎസ് സൂചികകൾ വിപണികൾക്ക് നിർണായകം
  • മാന്ദ്യ ഭീഷണി നേരിടുന്ന പട്ടികയിലേക്ക് ഏതൊക്കെ യൂറോപ്യൻ രാജ്യങ്ങൾ?
  • സ്വർണവില എങ്ങോട്ട് ?


യുഎസ് സൂചികകളുടെ റെക്കോർഡ് നേട്ടം, എൻവീഡിയ ഓഹരികളുടെ മുന്നേറ്റം, മാന്ദ്യ ഭീഷണി നേരിടുന്ന ജർമനി, തുടങ്ങി ആഗോള വിശേഷങ്ങൾ നിരവധിയാണ്. യുഎസ് ഡാറ്റകൾ ഫെഡ് തീരുമാനത്തെ എങ്ങനെ സ്വാധീനിക്കും എന്നതും യൂറോസോണിലെ മറ്റേതെല്ലാം സമ്പദ് വ്യവസ്ഥകൾ മാന്ദ്യത്തിലേക്ക് നീങ്ങും എന്നുള്ളതും വരാനിരിക്കുന്ന ആഴ്ചയുടെ ചിത്രങ്ങളാണ്.

അമേരിക്കൻ വിപണിയിൽ ഡൗ ജോൺസ് ചരിത്രത്തിലാദ്യമായി ക്ലോസിങ് അടിസ്ഥാനത്തിൽ 39,000 കീഴടക്കിയപ്പോൾ എസ്ആൻഡ്പി 500 സൂചിക പുതിയ റെക്കോർഡ് ഉയരം സൃഷ്ടിച്ചു. അമേരിക്കൻ സെമികണ്ടക്ടർ കമ്പനിയായ എൻവീഡിയയുടെ പാദഫലപ്രതീക്ഷകളിലെ സമ്മർദങ്ങളും തുടർന്ന് പ്രഖ്യാപിച്ച മികച്ച പാദഫലങ്ങളുടെ ആഘോഷവും യു എസ് സൂചികകളിൽ കണ്ടു. .പ്രതിവാര പ്രകടനം വിലയിരുത്തുമ്പോൾ ഡൗ ജോൺസ്‌ 1.3 ശതമാനവും എസ്ആൻഡ്പി 500, നാസ്ഡാക് എന്നിവ യഥാക്രമം 1.4%, 1.6% എന്നിങ്ങനെ നേട്ടം രേഖപ്പെടുത്തി.

ഫെഡ് മിനിട്സിന്റെ പ്രസിദ്ധീകരണത്തിന് പിന്നാലെ നിരവധി നിർണായക ഡാറ്റകളാണ് യുഎസ് വിപണിയെ കാത്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം ഫെബ്രുവരി 26 ന് റിലീസാകുന്ന ജനുവരിയിലെ ന്യൂ ഹോം സെയിൽസ് ഡാറ്റയാണ്. സമ്പദ്‌വ്യവസ്ഥയിലെ ചലനങ്ങളെക്കുറിച്ചുള്ള സൂചനകൾക്കായി നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഫെഡ് ഉടനെ പലിശ നിരക്ക് കുറയ്ക്കില്ല എന്ന വ്യക്തമായതോടെ റിയൽ എസ്റ്റേറ്റ് മേഖലയുടെ ഗതിയെ ഇത് സ്വാധീനിക്കാം. ഫെബ്രുവരി 27ന് പുറത്ത് വരുന്ന കോർ ഡ്യൂറബിൾ ഗുഡ്സ് ഓർഡേഴ്സ് ഡാറ്റയും വിപണിയിൽ സ്വാധീനം ചെലുത്തും. നോൺ ഡ്യൂറബിൾ ഗുഡ്സ് ഒഴിവാക്കിയുള്ള ഡാറ്റ ആയതുകൊണ്ട് തന്നെ കോർ മേഖലയിലെ വ്യവസായങ്ങളുടെ ശെരിയായ ചിത്രം നിക്ഷേപകരിലേക്കെത്തും. കോൺഫറൻസ് ബോർഡ് (CB) കൺസ്യൂമർ കോൺഫിഡൻസ് ഡാറ്റയും അന്ന് തന്നെ വരും. ഇത് ഉപഭോക്താക്കൾക്ക് സമ്പദ്‌വ്യവസ്ഥയിൽ ഉള്ള ആത്മവിശ്വാസത്തിൻ്റെ നിലവാരം അളക്കുന്നു. ജനങ്ങളുടെ ഉപഭോഗം വർധിക്കുന്നത് സാമ്പത്തിക വളർച്ച വർധിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ഉപഭോഗം വർധിക്കുന്നത് പണപ്പെരുപ്പം വളരുന്നതിലേക്ക് നയിക്കാനുള്ള സാഹചര്യവുമുണ്ട്. പണപ്പെരുപ്പം കുറച്ചു കൊണ്ടുവരിക എന്നത് ഫെഡ് റിസേർവിന്റെ സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. അതിനാൽ ഈ ഡാറ്റയും നിക്ഷേപക ശ്രദ്ധ ആകർഷിക്കും.

ഫെബ്രുവരി 28 ന് പുറത്തു വരുന്ന പാദാടിസ്ഥാനത്തിലുള്ള ജിഡിപി ഡാറ്റയാണ് ഗൗരവമുള്ള മറ്റൊരു സൂചകം. നിലവിൽ വികസിത രാജ്യങ്ങളായ യുകെ, ജപ്പാൻ തുടങ്ങിയവ മാന്ദ്യത്തിലേക്ക് പോവുകയും ജർമ്മനി മാന്ദ്യ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ആഗോള മാർക്കറ്റ് ലീഡർ ആയ അമേരിക്കയുടെ ജിഡിപി കണക്കുകൾ ആഗോള വിപണികളിൽ ചലനം സൃഷ്ടിച്ചേക്കാം. നിലവിലെ 3.3% ത്തിൽ നിന്നും 4.9% വരെ ജിഡിപി വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്ന് തന്നെ പുറത്തു വരുന്ന ക്രൂഡ് ഇൻവെന്ററി ഡാറ്റയും പ്രധാനമാണ്. പോയ വാരത്തിൽ ഇൻവെന്ററിയിൽ വന്ന ഇടിവ് ക്രൂഡിൽ മൊമെന്റം സൃഷ്ടിച്ചിരുന്നു. വരുന്ന ആഴ്ചയിൽ നിക്ഷേപരെ വലയ്ക്കുന്ന മറ്റൊരു പ്രധാന ഡാറ്റ ഫെഡിന്റെ പ്രധാന പണപ്പെരുപ്പ സൂചകങ്ങളിൽ ഒന്നായ കോർ പിസിഇ അഥവാ പേർസണൽ കൺസംപ്‌ഷൻ എക്സ്പെൻഡിച്ചർ ഇൻഡെക്‌സാണ്. പണപ്പെരുപ്പ സൂചികകളായ സിപിഐ ഉം പിപിഐ ഉം (CPI and PPI) ഉയർന്ന വിലക്കയറ്റത്തിന്റെ അടയാളമായിരുന്നു നൽകിയത്. പ്രതിവാര തൊഴിലില്ലായ്മാ കണക്കുകൾ (JOBLESS CLAIM) കൂടി വരുന്നതോടെ പണപ്പെരുപ്പ നിയന്ത്രണനടപടികളുടെ ചിത്രം നിക്ഷേപകർക്ക് ലഭിക്കും. മാർച്ച് ഒന്നിന് വിപണിയെ സ്വീകരിക്കുക നിർമാണ മേഖലയിലെ ട്രെൻഡുകൾ വ്യക്തമാക്കുന്ന ഫെബ്രുവരിയിലെ പിഎംഐ ഡാറ്റയും ഐഎസ്എം പിഎംഐ ഡാറ്റയുമാണ്. റാഫേൽ ബോസ്‌റ്റിക്‌, മേരി ഡാലി, വില്യംസ് എന്നീ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളൂം വിപണിയിൽ ചലനം സൃഷ്ടിച്ചേക്കാം.

മാന്ദ്യ ഭീഷണി നേരിടുന്ന യൂറോ സോണിന് അടുത്ത വാരം നിർണായകമാണ് .ഫെബ്രുവരി 29ന് പുറത്തു വരുന്ന ഫ്രാൻസിന്റെ സിപിഐ, ജിഡിപി കണക്കുകളാണ് ഏറ്റവും പ്രധാനം. അനുമാന ജിഡിപി വളർച്ച പൂജ്യമാണ്. സാങ്കേതികമായി മാന്ദ്യത്തിലേക്ക് പോയ യുകെയും ,മാന്ദ്യ ഭീഷണി നേരിടുന്ന ജെർമനിയുടെയും പട്ടികയിലേക്ക് ഫ്രാൻസ് കൂടി എത്തിച്ചേർന്നാൽ പ്രധാന സമ്പദ്‌വ്യവസ്ഥകൾ മാന്ദ്യം നേരിടുന്ന സ്ഥിതിയിലേക്ക് യൂറോ സോൺ എത്തും. ഇത് മേഖലയിലെ വിപണികളിൽ സമ്മർദ്ദം ചെലുത്തും. ജെർമനിയുടെ ഫെബ്രുവരിയിലെ സിപിഐ, റീറ്റെയ്ൽ സെയിൽസ് ഡാറ്റയും നിക്ഷേപക ശ്രദ്ധ ആകർഷിക്കും. മാർച്ച് ഒന്നിന് പുറത്തു വരുന്ന ഫ്രാൻസ്, യുകെ, ജർമ്മനി, യൂറോസോൺ എന്നിവിടങ്ങളിലെ നിർമാണ മേഖലയുടെ ഫെബ്രുവരി പിഎംഐ ഡാറ്റ പുറത്തു വരും. രാജ്യങ്ങളിലെ പിഎംഐ അനുമാനം യഥാക്രമം 46.8, 47.1, 42.3, 46.1 എന്നിങ്ങനെയാണ്. 50 പോയിന്റിന് താഴെ ആയതുകൊണ്ട് തന്നെ മേഖലയുടെ വളർച്ച കുറയുന്നു എന്നാണ് സൂചനകൾ. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ഓഹരികളെ ഇത്തരം അനുമാനങ്ങൾ പ്രതികൂലമായി ബാധിക്കാം. യൂറോ സോണിന്റെ സിപിഐ പണപ്പെരുപ്പ കണക്കുകൾ കൂടി പുറത്തു വരുന്നതോടെ മേഖലയുടെ ചിത്രം വ്യക്തമാകും .

ഏഷ്യയിലെ പ്രധാന സമ്പദ്‌വ്യവസ്ഥയായ ജപ്പാനെ കാത്തിരിക്കുന്നത് ജനുവരിയിലെ കോർ സിപിഐ കണക്കുകളാണ്. മാന്ദ്യത്തിലായ ജപ്പാനെ സംബന്ധിച്ച് ഈ ഡാറ്റ നിർണായകമാണ്. ചൈനയുടെ നിർമാണ മേഖലയിലെ പിഎംഐ ഡാറ്റകൾ മാർച്ച് ഒന്നിന് പുറത്തു വരും. ചൈനീസ് കോംപോസിറ്റ്, സൈഷിൻ മാനുഫാക്റ്ററിങ്‌ പിഎംഐ, നിർമാണ മേഖലയിലെ പിഎംഐ എന്നി ഡാറ്റകളാണ് പുറത്തു വരുന്നത്. സർക്കാരിന്റെ ഉത്തേജന നടപടികൾ ഫലം കണ്ടോ എന്നുള്ളത് ഈ ഡാറ്റകൾ വഴി നിക്ഷേപകർ വിലയിരുത്തും. ഇത്തരം നിർണായക ഡാറ്റകൾ പ്രഖ്യാപിക്കാനിരിക്കുന്നതിനാൽ തന്നെ വിപണിയുടെ ഗതി മാറിമറിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ആഗോള വിപണിയിൽ സ്വർണം ട്രായ് ഔണ്‍സിന് 2000 ഡോളര്‍ ലെവലില്‍ സ്ഥിരതയാര്‍ജിക്കുകയാണെന്ന് പറയാം. ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതിലേക്ക് വരാന്‍ സമയമെടുക്കുമെന്ന വാര്‍ത്ത സ്വര്‍ണത്തിന് കരുത്തായി. ഒപ്പം മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിലെ അനിശ്ചിതാവസ്ഥയും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നു. അതേസമയം, ബോണ്ട് യീല്‍ഡ് ഉയരുന്നത് വെല്ലുവിളിയാവാനുള്ള സാധ്യതയാണെന്നും വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഗോള്‍ഡ് ഇടിഎഫ്-ലെ നിക്ഷേപം പിന്‍വലിക്കുന്നത് നാല് വര്‍ഷത്തെ ഉയര്‍ച്ചയിലെത്തിയത് ഇതിന് അടിവരയിടുന്ന വസ്തുതയാണ്. സ്വർണത്തിനു 1984.07 ഡോളർ ,1810.28 ഡോളർ നിലവാരത്തിലാണ് സപ്പോർട്ട് കാണുന്നത്. 2065.38 ഡോളർ എന്ന റെസിസ്റ്റൻസ് മറികടക്കുകയാണെങ്കിൽ 2088.39 ഡോളർ, 2145.03 ഡോളർ തുടർ റെസിസ്റ്റൻസുമാണ്.

ആഗോള ഇന്ധന വിപണിക്കു നിർണായകം മിഡില്‍ ഈസ്റ്റ് സംഘര്‍ഷമാണ്. ഇന്ധന ഉപഭോഗ രാജ്യങ്ങളില്‍ പ്രധാനിയായ ചൈനയുടെ ആവശ്യകതയിലെ കുറവ്, ഇന്ധന ഉല്‍പ്പാദനം വെട്ടികുറയ്ക്കുന്നത് കൂടുതല്‍ കാലത്തേക്ക് ഒപെക് തുടരുമെന്ന സൂചന, പുതിയ ഉയരം രേഖപെടുത്തിയ യുഎസിന്റെ ഉല്‍പ്പാദനം, ഇറാഖ് ഒരു ഒരു ദശാബ്ദമായി അടച്ചിട്ടിരുന്ന റിഫൈനറി വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം എന്നിവയെല്ലാം വിപണിയ്ക്ക് നിര്‍ണായകമാണ്. ഡബ്ള്യുടിഐ ക്രൂഡിന്റെ ആദ്യ പ്രതിരോധം 77.80 പോയിന്റിലാണ്. 79.12 ഡോളർ, 79.84 ഡോളർ എന്നീ ലെവലുകളിൽ തുടര്‍ പ്രതിരോധം പ്രതീക്ഷിക്കാം. ആദ്യ പിന്തുണ 75.76 ഡോളറിലും തുടര്‍ സപ്പോര്‍ട്ടുകള്‍ 75.04 ഡോളർ ,73.72 ഡോളർ എന്നീ ലെവലുകളിലുമാണ്.