image

18 Feb 2024 9:53 AM GMT

Equity

200 ഡേ മൂവിങ് ആവറേജ് സപ്പോർട്ടിൽ ഈ സ്‌മോൾ ക്യാപ് ഓഹരി

Jesny Hanna Philip

this small cap stock is at 200 day moving average support
X

Summary

  • ഏറ്റവും ബുള്ളിഷായ അനലിസ്റ്റും ബിയറിഷായ അനലിസ്റ്റും നൽകുന്ന ടാർഗറ്റ് വിലകളിലെ വ്യത്യാസം വലുതല്ല.
  • 7 ട്രേഡിങ്ങ് സെഷനുകളിലായി 22% ഇടിവ്
  • 200 ഡേ മൂവിങ് ആവറേജിൽ 'മെയ്ക് ഓർ ബ്രേക്ക്' എന്നതാണ് നയം


ഇത് ഒരു സ്ത്രീയുടെ മാന്ത്രിക പാചകക്കുറിപ്പുകളുടെ വിജയത്തിന്റെ കഥയാണ്. 1980കളിൽ പഞ്ചാബിലെ ലുധിയാനയിൽ ഒട്ടു മിക്ക ആഘോഷങ്ങളും കൂട്ടിയിണക്കിയ രുചിക്കൂട്ടുകൾ! വിവാഹ വിരുന്നുകളോ പാർട്ടികളോ ഒത്തുചേരലുകളോ എന്തുമാവട്ടെ, ഐസ്ക്രീമുകൾ, പുഡ്ഡിംഗുകൾ, കേക്കുകൾ, കുക്കികൾ എന്നിവയെലാം ഒരേ ഒരിടത്തു നിന്ന് തന്നെ. പിന്നീട് അവർ വീട്ടുമുറ്റത്ത് ഒരു അടുക്കള സ്ഥാപിച്ചു, അവിടെ നിന്ന് ബേക്കിംഗ് മാജിക് ആരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ ക്യുഎസ്ആറുകളിലേക്കും റെസ്റ്റോറൻ്റുകളിലേക്കുമുള്ള ബർഗർ ബണ്ണുകളുടെ ഔദ്യോഗിക വിതരണക്കാരായി വളർന്നു. ക്രീമിക (Cremica) എന്ന ബിസ്ക്കറ്റ് ബ്രാൻഡിലൂടെ 23-ലധികം സംസ്ഥാനങ്ങളിൽ 550,000 ഔട്ട്ലെറ്റുകളിലായി വില്പന നടത്തുന്നു. കാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ബിസ്‌ക്കറ്റ് വിതരണക്കാരായി മാറി. ഇംഗ്ലീഷ് ഓവൻ (English Oven) ഇപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ബേക്കറി ബ്രാൻഡുകളിലൊന്നാണ്. സംരഭകയാകാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും പ്രെചോദനം ആകേണ്ട പേരും ബ്രാൻഡും, ശ്രീമതി രജനി ബെക്ടർ, അവരുടെ സ്വപ്നമായ മിസിസ് ബെക്‌ടേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റീസ് ലിമിറ്റഡ്!! നാല് പതിറ്റാണ്ടുകൾക്ക് ശേഷം ആ മാജിക്കിന് കേന്ദ്ര സർക്കാർ പദ്മശ്രീ നൽകി ആദരിച്ചു.

ഈ വിജയ കഥ ഓഹരിവിപണിയും സ്വീകരിച്ചു. ക്ഷമയും പരിശ്രമവും റിവാർഡ് ചെയ്യുക എന്നതാണല്ലോ വിപണിയുടെ ശീലം. 2020 ഡിസംബറിൽ ലിസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം മൾട്ടിബാഗർ നേട്ടം നൽകി കഴിഞ്ഞു. പക്ഷെ മൂന്നാം പാദ ഫലങ്ങളോട് അനുബന്ധമായി 7 ട്രേഡിങ്ങ് സെഷനുകളിലായി 22% ഇടിവാണ് ഓഹരികളിൽ ഉണ്ടായത്. 200 ഡേ മൂവിങ് ആവറേജിൽ 'മെയ്ക് ഓർ ബ്രേക്ക്' എന്നതാണ് നയം. നിലവിൽ ഏറ്റവും ബുള്ളിഷായ അനലിസ്റ്റും ബിയറിഷായ അനലിസ്റ്റും നൽകുന്ന ടാർഗറ്റ് വിലകളിലെ വ്യത്യാസം വലുതല്ല. വിശകലന വിദഗ്ധർക്ക് ബിസിനസ്സിന്റെ സാധ്യതകളെക്കുറിച്ചുള്ള എന്ത് സൂചനകളാണിത് നൽകുന്നത് ?

ഒൻപതു മാസങ്ങളിലായി 71% ലാഭ വർധന

കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 17% ഉയർന്നു 429 കോടി രൂപയായി രേഖപ്പെടുത്തി. നികുതിക്ക് ശേഷമുള്ള ലാഭം 25% ഉയർന്നു 34.6 കോടി രൂപയാണ്. സമാനകാലയളവിൽ എബിറ്റ്ഡാ 19% ഉയർന്നപ്പോൾ എബിറ്റ്ഡാ മാർജിൻ 14.3% ആയി മാറി. എബിറ്റ്ഡാ മാർജിനും ലാഭ മാർജിനും പാദാടിസ്ഥാനത്തിൽ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും വാർഷികാടിസ്ഥാനത്തിൽ ഉയർച്ച രേഖപ്പെടുത്താൻ മാർജിനുകൾക്ക് സാധിച്ചു.

സെഗ്മെന്റ് അടിസ്ഥാനത്തിൽ ബിസ്ക്കറ്റ് വിഭാഗത്തിന്റെ വരുമാനം 22 ശതമാനം ഉയർച്ച രേഖപ്പെടുത്തി. ആഭ്യന്തര, കയറ്റുമതി സെഗ്മെന്റ് ഉൾപ്പെടെയാണ് വാർഷികാടിസ്ഥാനത്തിൽ ഈ നേട്ടം രേഖപ്പെടുത്തിയത്. ബേക്കറി വിഭാഗത്തിന്റെ വരുമാനം 146 കോടി രൂപയായി രേഖപ്പെടുത്തി. റീട്ടെയിൽ, ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗങ്ങൾ ഉൾപ്പെടെ 2023 ലെ മൂന്നാം പാദത്തെ അപേക്ഷിച്ചു 15 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2023-ലെ ആദ്യ 9 മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 45% ഉയർച്ച എബിറ്റ്ഡായിലും 71% ഉയർച്ച ലാഭത്തിലും രേഖപ്പെടുത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

വിപുലീകരണ പദ്ധതികൾ

പഞ്ചാബിൽ 2 ബിസ്ക്കറ്റ് ലൈനുകൾ കമ്മീഷൻ ചെയ്തു കഴിഞ്ഞു. സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ രണ്ട് ലൈനുകൾ കൂടെ കൂട്ടിച്ചേർക്കപ്പെടുമെന്നാണ് കരുതുന്നത്. ഭിവാഡി, ധാർ,കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.ഇത്തരം പദ്ധതികളോട് അനുകൂലമായ നയമാണ് എസ്ബിഐ സെക്യൂരിറ്റീസിലെ സണ്ണി അഗർവാളിനു ഉള്ളത്. "ഇന്ത്യയിലെ ബിസ്ക്കറ്റ്, ബേക്കറി വിഭാഗത്തിലെ മുൻനിര കമ്പനിയാണ് മിസിസ് ബെക്‌ടേഴ്‌സ്. ബിസ്ക്കറ്റ് ബ്രാൻഡ് ക്രീമിക്ക, ബേക്കറി വിഭാഗമായ ഇംഗ്ലീഷ് ഓവൻ എന്നി ബ്രാന്ഡുകളിലൂടെയാണ് അവർ റാലി നടത്തുന്നത്. വടക്കേ ഇന്ത്യയിൽ ശക്തമായ വിജയം നേടാൻ സാധിച്ചതിനു ശേഷം പാൻ ഇന്ത്യ അടിസ്ഥാനത്തിൽ വിപുലീകരിക്കാനാണ് കമ്പനിയുടെ ശ്രമം. അടുത്ത 12 മാസത്തിനുള്ളിൽ വാണിജ്യ അടിസ്ഥാനത്തിൽ കൂടുതൽ യൂണിറ്റുകൾ കടന്നുവരാം. പഞ്ചാബ്, മധ്യപ്രദേശ്,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാങ്ങളിൽ ബിസിനസ് കൂടുതൽ വിപുലീകരിക്കും. ഇത്തരം വിപുലീകരണങ്ങൾ അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിലായി സെയിൽസിലും വോളിയത്തിലും ഒരു കുതിച്ചുചാട്ടം കമ്പനിക്ക് നൽകിയേക്കാം" അദ്ദേഹം അഭിപ്രായപ്പെടുന്നു. ഉത്തരേന്ത്യയിൽ നിലവിലുള്ള വിപണികളിൽ വിതരണം വ്യാപിപ്പിക്കാൻ അവസരമുണ്ടെന്നാണ് മൂന്നാം പാദഫലങ്ങൾക്കു ശേഷമുള്ള എർണിങ്സ് കോളിൽ മാനേജ്മന്റ് അറിയിച്ചത്. നിലവിലുള്ള ഉപഭോക്താക്കൾ വഴിയും പുതിയവരെ കുട്ടിച്ചേർക്കുന്നത് വഴിയും കയറ്റുമതി, ക്യുഎസ്ആർ ബിസിനസുകളുടെ വളർച്ച കമ്പനി ലക്ഷ്യമിടുന്നു.

അടുത്ത 5-6 പാദങ്ങളിലായി കമ്മീഷൻ ചെയ്യുന്ന അധികശേഷികൾ നോർത്ത് ഇന്ത്യ അടിസ്ഥാനമാക്കിയുള്ള മാർക്കറ്റുകളിൽ വിതരണം വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം. അതേസമയം മുംബൈ, പൂനെ, ബംഗളൂരു തുടങ്ങിയ പുതിയ മാർക്കറ്റുകളിൽ ബിസ്ക്കറ്റ് സെഗ്മെന്റ് ക്രമേണ വളരുമെന്നാണ് കണക്കുകൂട്ടൽ. ക്യുഎസ്ആർ ശൃംഖലകകളുടെ വളർച്ചയും ഇൻസ്റ്റിറ്റ്യൂഷണൽ ബേക്കറി ബിസിനസിന് ഊർജ്ജം പകരും. 14-15% മാർജിൻ വളർച്ച മാർഗനിർദേശം മാനേജ്മെൻറ് നിലനിർത്തുന്നുണ്ട്. അതേസമയം ക്രമേണ വളർച്ചയുടെ തോത് ഉയർത്തും എന്നും സൂചിപ്പിക്കുന്നു. പ്രധാന അസംസ്കൃത വസ്തുക്കളുടെ വിലയിൽ സ്ഥിരത കൈവന്നതും വിൽപ്പന വർദ്ധിക്കുകയും ചെയ്യുന്നത് മാർജിൻ വളർച്ചയ്ക്കും ആശ്വാസം നൽകുമെന്നാണ് കണക്കുകൂട്ടൽ.

ബ്രോക്കറേജ് സ്ഥാപനമായ ഇക്വിറസ് സെക്യൂരിറ്റീസ് കൂടുതൽ മുന്നേറ്റങ്ങൾ പ്രതീക്ഷിക്കുന്നു. 2023 മുതൽ മിസിസ് ബെക്ടർസിൻ്റെ പാത ആരോഗ്യകരമാണെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. മാക്രോ ഘടകങ്ങൾ ദുർബലമായിരുന്നിട്ടുകൂടി എക്സിക്യൂഷനിൽ കൂടുതൽ കേന്ദ്രീകരിച്ച് വളർച്ച നില നിർത്താൻ കമ്പനിക്ക് സാധിച്ചു. വിതരണവും പ്രീമിയമൈസേഷനും വഴിയുള്ള നേട്ടങ്ങൾ തുടരുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. മൂന്നാം പാദത്തിൽ പ്രീമിയം ബിസ്കറ്റുകളുടെ വരുമാന സംഭാവന 34-35% ആയിരുന്നു. നിലവിലെ വിപുലീകരണ പദ്ധതികളിലൂടെ ബിസ്‌ക്കറ്റ് ബിസിനസ്സ് 2x സ്‌കെയിൽ ചെയ്യാനും ബേക്കറി ബിസിനസ്സ് +40-45% സ്കെയിൽ ചെയ്യാനും സൗകര്യമുണ്ട്. വിതരണ വിപുലീകരണം, പ്രീമിയവൽക്കരണം, മാർക്കറ്റിംഗ് എന്നിവ വളർച്ചയുടെ പ്രധാന പ്രേരകങ്ങളായി പ്രവർത്തിക്കും.

ഓഹരികളിലും കാണാനാവുമോ ബെക്ടർസ് മാജിക് ?

2022 ജൂണിൽ ഓഹരികൾ ബോട്ടം ഔട്ട് ചെയ്ത 245 രൂപയിൽ നിന്നും 460% നേട്ടം ഓഹരികൾ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്നു മാസങ്ങളിലായി നിക്ഷേപകർ ലാഭമെടുക്കുന്നതും സൈഡ് വേസ് ട്രെൻഡിലേക്ക് ഓഹരികൾ മാറുന്നതും തുടരുന്നു. മൂന്നാം പാദഫലങ്ങളുടെ പ്രഖ്യാപനത്തോട് അനുബന്ധിച്ചു തുടർച്ചയായ 7 ട്രേഡിങ്ങ് സെഷനുകളിലായി 22% ഇടിവാണ് ഓഹരികളിൽ ഉണ്ടായത്. 995 രൂപയെന്ന 200 ഡേ മൂവിങ് ആവറേജിന്റെ സപ്പോർട്ട് സ്വീകരിച്ചു കൊണ്ട് നേട്ടത്തിലേക്ക് ഓഹരികൾ ക്രമേണ തിരിച്ചു വരുന്നു. നിലവിൽ, ഏറ്റവും ബുള്ളിഷ് അനലിസ്റ്റുകൾ മിസിസ് ബെക്‌ടേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റിയുടെ ഒരു ഷെയറിന് 1,447 എന്ന നിരക്കിൽ വിലമതിക്കുന്നു. ഏറ്റവും ബിയറിഷായ അനലിസ്റ്റും നൽകുന്ന ടാർഗറ്റ് വില 1,294 രൂപയാണ്. വിശകലന വിദഗ്ധർക്ക് അതിൻ്റെ സാധ്യതകളെക്കുറിച്ച് ശക്തമായ വീക്ഷണമുണ്ട് എന്ന് തന്നെയാണ് ടാർഗറ്റ് എസ്റ്റിമേറ്റുകളുടെ നേരിയ വ്യത്യാസം സൂചിപ്പിക്കുന്നത്. ബ്രോക്കറേജ് സ്ഥാപനമായ ഇക്വിറസ് സെക്യൂരിറ്റീസ് നൽകുന്ന ടാർഗറ്റ് വില 1296 രൂപയാണ്. അതായത് നിലവിലെ ഓഹരിവിലയിൽ നിന്നും കുറഞ്ഞത് 25% മുന്നേറ്റം പ്രതീക്ഷിക്കാം.