image

23 Dec 2022 2:30 AM GMT

Stock Market Updates

അനിശ്ചിതത്വം തുടരുന്നു; ആഗോള വിപണികൾ താഴ്ചയിൽ

Mohan Kakanadan

share market
X

Summary

  • രാവിലെ 8.00-മണിക്ക് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -84.50 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത ഇത് തുറക്കുന്നു.
  • ആഗോള തലത്തിൽ നല്ല വാർത്തകളല്ല കാണുന്നത്. ഇതിന്റെയൊക്കെ അലയൊലി ആഭ്യന്തര വിപണിയിലും ഇന്ന് പ്രതീക്ഷിക്കാം


കൊച്ചി: വിപണിയെക്കുറിച്ച് പ്രത്യേകിച്ച് ദിശാസൂചനകളൊന്നും പറയാനാകാത്ത ഒരു ദിവസം കൂടി വരുകയാണ്. മൂന്നാം പാദത്തിൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ വിചാരിച്ചതിലും കൂടുതൽ ചുരുങ്ങിയാതായി ഇന്നലെ പുറത്തായ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്സിന്റെ ഡാറ്റ കാണിക്കുന്നു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം 0.3 ശതമാനം ചുരുങ്ങി. അമേരിക്കയിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി പുതിയ ക്ലെയിമുകൾ ഫയൽ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ആഴ്ച പ്രതീക്ഷിച്ചതിലും കുറവാണെന്നു മറ്റൊരു കണക്ക് പറയുന്നൂ. ജപ്പാനിലാകട്ടെ പ്രധാന ഉപഭോക്തൃ പണപ്പെരുപ്പം നവംബറിൽ 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 3.7 ശതമാനത്തിലെത്തി. ഇങ്ങനെ ആഗോള തലത്തിൽ നല്ല വാർത്തകളല്ല കാണുന്നത്. ഇതിന്റെയൊക്കെ അലയൊലി ആഭ്യന്തര വിപണിയിലും ഇന്ന് പ്രതീക്ഷിക്കാം.

ഇന്നലെ സെന്‍സെക്‌സ് 241.02 പോയിന്റ് താഴ്ന്നു 60,826.22ലും നിഫ്റ്റി 71.75 പോയിന്റ് താഴ്ന്നു 18,127.35 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 209.15 പോയിന്റ് താഴ്ന്ന് 42408.80 ൽ അവസാനിച്ചു.

രാവിലെ 8.00-മണിക്ക് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -84.50 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത ഇത് തുറക്കുന്നു.

കേരള കമ്പനികൾ

ജ്യോതി ലാബ് ഇന്ന് വ്യാപാരത്തിനിടയിൽ 52 ആഴ്ച ഉയരത്തിൽ 217.90 ൽ എത്തി.

കേരളം ആസ്ഥാനമായുള്ള മറ്റ്‌ കമ്പനികളിൽ ആസ്റ്റർ ഡി എമ്മും, കേരള സോൾവെന്റും മാത്രമാണ് ലാഭത്തിൽ അവസാനിച്ചത്. കൊച്ചിൻ ഷിപ് യാഡും, സിഎസ്‌ബി ബാങ്കും, ധനലക്ഷ്മി ബാങ്കും, ഫെഡറൽ ബാങ്കും, ജിയിജിത്തും, ഫാക്റ്റും, എച് എം ടീയും, കിംസും, മണപ്പുറവും,

ഹാരിസൺ മലയാളവും, കിറ്റെക്‌സും, വി ഗാർഡും, മുത്തൂറ്റ് ക്യാപിറ്റലും, മുത്തൂറ്റ് ഫൈനാൻസും, സൗത്ത് ഇന്ത്യൻ ബാങ്കും, വണ്ടർ ലയും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ ശോഭയും പുറവങ്കരയും ഇന്ന് നഷ്ടത്തിൽ അവസാനിച്ചപ്പോൾ പി എൻ സി ഇൻഫ്ര നേട്ടത്തിലാണ്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 22) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,206.59 കോടി രൂപയ്ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 928.63 കോടി രൂപയ്ക്കും ഓഹരികൾ അധികം വാങ്ങി.

വിദഗ്ധാഭിപ്രായം

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബെയറുകൾ ഉയർന്ന തലത്തിൽ സൂചികയെ ആക്രമിക്കുന്നത് വിൽപ്പന സമ്മർദ്ദത്തിന് കാരണമായി. ബാങ്ക് നിഫ്റ്റി 43,000 ന് താഴെയായി തുടരുന്നിടത്തോളം കാലം 'ഉയരുമ്പോൾ വിൽക്കുക' എന്ന മോഡിൽ തുടരും. സൂചികയുടെ അടുത്ത പിന്തുണ 42,000 ആണ്, ഇതിന് താഴെയുള്ള പോക്ക് അതിനെ 41,500-41,400 സോണിലേക്ക് വലിച്ചിടും.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഉയർന്ന തലത്തിൽ, 18350 നിഫ്റ്റിക്ക് നിർണായക പിന്തുണയായി പ്രവർത്തിച്ചേക്കാം, കൂടാതെ സൂചിക 18350-18500 ന് താഴെ തുടരുന്നത് വരെ ഉയർച്ചയിലെ വില്പന എന്ന തന്ത്രം തുടരാം. താഴെ തട്ടിൽ, 18070-ന് താഴെയുള്ള നിർണായകമായ ഇടിവ് വിൽപ്പന സമ്മർദ്ദത്തിന് കാരണമായേക്കാം.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികളിൽ ഹോങ്കോങ് ഹാങ്‌സെങ് (-46.03), ചൈന ഷാങ്ഹായ് (-3.76), സൗത്ത് കൊറിയൻ കോസ്‌പി (-36.49), തായ്‌വാൻ (-161.47) ജപ്പാൻ നിക്കേ (-293.67), ജക്കാർത്ത കോമ്പസിറ്റ് (-35.61) എന്നിവയെല്ലാം ഇടിഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച അമേരിക്കൻ വിപണിയിൽ ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (-348.99), എസ് ആൻഡ് പി 500 (-56.05), നസ്‌ഡേക് കോമ്പസിറ്റ് (-233.25) എന്നിവയെല്ലാം താഴ്ന്നു.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (-183.75), പാരീസ് യുറോനെക്സ്റ്റ് (-62.27), ലണ്ടൻ ഫുട്‍സീ (-28.04) എന്നിവയും ചുവപ്പിൽ അവസാനിച്ച ഒരു ദിവസമായിരുന്നു ഇന്നലെ.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഡിഷ് ടിവി (ഓഹരി വില 17.90 രൂപ), ഏഷ്യൻ ഹോട്ടൽസ് (നോർത്ത്) (ഓഹരി വില 79.35 രൂപ), അവന്താ റിയൽറ്റി എന്നിവയുൾപ്പെടെ ഏഴ് കമ്പനികളുടെ ഇൻവോക്ക്ഡ് ഷെയറുകൾ യെസ് ബാങ്ക് (ഓഹരി വില 18.95 രൂപ) അതിന്റെ 48,000 കോടിയിലധികം രൂപയുടെ കടം തിരിച്ചുപിടിക്കാൻ നിയോഗിച്ചിട്ടുള്ള ജെസി ഫ്ലവേഴ്സ് അസറ്റ് റീകൺസ്ട്രക്ഷന് കൈമാറി.

ഇന്ത്യൻ റീട്ടെയിൽ മേഖലയിൽ ആധിപത്യം ശക്തിപ്പെടുത്തുന്നതിന് റിലയൻസ് ഇൻഡസ്ട്രീസ് (ഓഹരി വില 2577.80 രൂപ) ജർമ്മൻ കമ്പനിയായ മെട്രോ എ ജിയുടെ ഇന്ത്യയിലെ മൊത്തവ്യാപാര പ്രവർത്തനങ്ങൾ 2,850 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നു.

പെയിന്റ് ബിസിനസ്സിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി ജെകെ സിമന്റ് (ഓഹരി വില 3039.45 രൂപ) വ്യാഴാഴ്ച 153 കോടി രൂപയ്‌ക്ക് രാജസ്ഥാൻ ആസ്ഥാനമായുള്ള അക്രോ പെയിന്റ്‌സിന്റെ 60 ശതമാനം ഓഹരികൾ സ്വന്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം, പെയിന്റ് ഉപയോഗിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഓഹരി വില 304.05 രൂപ) പശ്ചിമ ബംഗാളിലെ ദുർഗാപൂരിലും അസൻസോളിലും ജിഞ്ചർ ബ്രാൻഡഡ് രണ്ട് ഹോട്ടലുകൾ ഏറ്റെടുക്കുന്നു. ഐഎച്ച്‌സിഎല്ലിന് വികസനത്തിനുള്ള 65 എണ്ണം സഹിതം 250 ഹോട്ടലുകലളുണ്ട്.

സൈഡസ് ലൈഫ് സയൻസസ്ന്റെ (ഓഹരി വില 423.55 രൂപ) അനുബന്ധ സ്ഥാപനമായ സൈഡസ് വേൾഡ് വൈഡ് ഡിഎംസിസിക്ക് സെലക്‌സിപാഗ് ടാബ്‌ലെറ്റുകളുടെ ജനറിക് പതിപ്പ് വിപണനം ചെയ്യുന്നതിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചു.

ബേസൽ III-കംപ്ലയിന്റ് അഡീഷണൽ ടയർ 1 ബോണ്ടുകൾ വഴി 880 കോടി രൂപ സമാഹരിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് മഹാരാഷ്ട്ര (ഓഹരി വില 28.85 രൂപ) വ്യാഴാഴ്ച അറിയിച്ചു.

കൽക്കരി പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് എൻടിപിസി (ഓഹരി വില 28.85 രൂപ) ജിഇ പവർ ഇന്ത്യയുമായി കരാർ ഒപ്പിട്ടു.

ബംഗളൂരുവിൽ പുതിയ സ്മാർട്ട് ഫാക്ടറി വികസിപ്പിക്കുന്നതിന് ഷ്നൈഡർ ഇലക്ട്രിക് (ഓഹരി വില 149.50 രൂപ) 425 കോടി രൂപ നിക്ഷേപിക്കുന്നു. കമ്പനിയുടെ നിലവിലുള്ള 10 ഫാക്ടറികളിൽ 6 എണ്ണവും ഒരു കുടക്കീഴിൽ ഏകീകരിക്കുന്നതാണ് പുതിയ സ്മാർട്ട് സൗകര്യം.

സുല വൈൻയാർഡ്‌സിന്റെ ഓഹരികൾ ഇന്നലെ ലിസ്റ്റിംഗിൽ ഇഷ്യു വിലയായ 357 രൂപയ്‌ക്കെതിരെ ഏകദേശം 8 ശതമാനം ഇടിഞ്ഞ് 331.15 രൂപയിൽ അവസാനിച്ചു.

റിയൽറ്റി സ്ഥാപനമായ മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് (ഓഹരി വില 368.05 രൂപ) 365 കോടി രൂപയ്ക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിൽ (ഓഹരി വില 1233.95 രൂപ) നിന്ന് മുംബൈയിലെ 9.24 ഏക്കർ ഭൂമി ഏറ്റെടുത്തു.

ഓൺലൈൻ കമ്പനിയായ ഇൻഫോ എഡ്ജിലെ (ഓഹരി വില 4095.20 രൂപ) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ഓഹരി വില 681.60 രൂപ) ഷെയർഹോൾഡിംഗ് 12 കോടിയിലധികം രൂപയുടെ അധിക നിക്ഷേപത്തോടെ 5 ശതമാനം കടന്നു. naukri.com (ഓൺലൈൻ റിക്രൂട്ട്‌മെന്റ്), 99acres.com (ഓൺലൈൻ റിയൽ എസ്റ്റേറ്റ്), jeevansathi.com (ഓൺലൈൻ മാട്രിമോണിയൽ), shiksha.com (ഓൺലൈൻ വിദ്യാഭ്യാസ സേവനങ്ങൾ) തുടങ്ങിയ ബ്രാൻഡുകളുടെ ഒരു പോർട്ട്‌ഫോളിയോ ഉള്ള ഒരു ഓൺലൈൻ ക്ലാസിഫൈഡ് കമ്പനിയാണ് ഇൻഫോ എഡ്ജ്.

ടാറ്റ കമ്മ്യൂണിക്കേഷൻസ് (ഓഹരി വില 1265.55 രൂപ) ന്യൂയോർക്ക് ആസ്ഥാനമായുള്ള എൻഡ്-ടു-എൻഡ് ലൈവ് വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ ദി സ്വിച്ച് എന്റർപ്രൈസസിനെ 486 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു.

അജന്ത ഫാർമയുടെ (ഓഹരി വില 1227.40 രൂപ) പ്രൊമോട്ടർ സ്ഥാപനങ്ങൾ വ്യാഴാഴ്ച ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ കമ്പനിയുടെ 4.3 ശതമാനം ഓഹരി 637 കോടി രൂപയ്ക്ക് രണ്ട് ഡസനിലധികം ഫണ്ടുകൾക്കായി വിറ്റു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5010 രൂപ (+15 രൂപ)

യുഎസ് ഡോളർ = 82.79 രൂപ (-5 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 81.85 ഡോളർ (+1.07%)

ബിറ്റ് കോയിൻ = 14,38,996 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.01% ശതമാനം ഉയർന്ന് 104.05 ആയി.

ഐപിഒ

ഇലക്‌ട്രോണിക്‌സ് മാനുഫാക്‌ചറിംഗ് സേവന കമ്പനിയായ എലിൻ ഇലക്ട്രോണിക്‌സിന്റെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് വ്യാഴാഴ്ച അവസാന ദിവസം 3.09 തവണ സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു. എൻഎസ്ഇയിൽ ലഭ്യമായ കണക്കുകൾ പ്രകാരം 1,42,09,386 ഓഹരികൾക്കെതിരെ 4,39,67,400 ഓഹരികൾക്കാണ് ബിഡ് ലഭിച്ചത്.

റേഡിയന്റ് ക്യാഷ് മാനേജ്‌മെന്റ് ഐപിഒ ഇന്ന് വിപണിയിലെത്തും, ഡിസംബർ 27-ന് ക്ലോസ് ചെയ്യുന്ന ഇഷ്യൂ വഴി ഏകദേശം ₹387 കോടി സമാഹരിക്കാനാണ് പദ്ധതി. ഒരു ഷെയറിന് ₹94-99 രൂപയാണ് പ്രൈസ് ബാൻഡ്.