image

14 Dec 2022 2:03 AM GMT

Stock Market Updates

യുഎസ്‌ പണപ്പെരുപ്പം കുറയുന്നു; ആഭ്യന്തര വിപണി മുന്നേറ്റം തുടരാൻ സാധ്യത

Mohan Kakanadan

trading
X

Summary

  • കഴിഞ്ഞ 148 ദിവസത്തിനുള്ളിൽ, അതായത് ജൂലൈ 18 നും ഡിസംബർ 13 നും ഇടയിൽ, 1 കോടി നിക്ഷേപക അക്കൗണ്ടുകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ചേർത്തതായി ബിഎസ്ഇ.
  • ലാൻഡ് മാർക്ക് കാർസിന്റെ 150 കോടിയുടെ പുതിയ ഇഷ്യൂവും 402 കോടി രൂപയുടെ വിൽപ്പനയ്ക്കുള്ള ഓഫറും ആദ്യ ദിനത്തിൽ 17 ശതമാനം സബ്സ്ക്രൈബ് ചെയ്തു


കൊച്ചി: യുഎസ്‌ ഉപഭോക്തൃ വില സൂചിക ഒക്ടോബറിലെ 7.7 ശതമാനത്തിൽ നിന്ന് നവംബറിൽ 7.1 ശതമാനമായി കുറഞ്ഞു. ഇത് ഒരു വർഷത്തിലെ ഏറ്റവും താഴ്ന്നതാണ്. കോർ സിപിഐ പണപ്പെരുപ്പ നിരക്കും (core inflation) ഒക്ടോബറിലെ 6.3 ശതമാനത്തിൽ നിന്ന് 6 ശതമാനമായി. എന്നിരുന്നാലും, ഈ നേട്ടം നാളെ ഫെഡറൽ റിസർവ് പ്രഖ്യാപിക്കാനിരിക്കുന്ന നിരക്ക് വർദ്ധനയെ എത്രത്തോളം സ്വാധീനിക്കുമെന്ന് വ്യക്തമല്ല, എങ്കിലും ആഗോള വിപണിക്ക് ഇത് ആവേശം പകർന്നിട്ടുണ്ട്: ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (103.60), എസ് ആൻഡ് പി 500 (29.09), നസ്‌ഡേക് കോമ്പസിറ്റ് (113.07) എന്നിവയെല്ലാം മുന്നോട്ടു കുതിച്ചു. ആഭ്യന്തര വിപണിയിലും ഇന്ന് അതിന്റെ അലയടികൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

കഴിഞ്ഞ 148 ദിവസത്തിനുള്ളിൽ, അതായത് ജൂലൈ 18 നും ഡിസംബർ 13 നും ഇടയിൽ, 1 കോടി നിക്ഷേപക അക്കൗണ്ടുകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ചേർത്തതായി ബിഎസ്ഇ ചൊവ്വാഴ്ച അറിയിച്ചു; അതോടെ ബി എസ്‌ ഇ-യിലെ മൊത്തം നിക്ഷേപകരുടെ എണ്ണം 12 കോടിയായി. ഓഹരി വിപണി കൂടുതൽ ഉർജത്തോടെ മുന്നോട്ടു കുതിക്കുന്നെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

കൂടാതെ, രാവിലെ 7.30-ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 83.00 പോയിന്റ് ഉയർന്ന് നിൽക്കുന്നതും ആഭ്യന്തര വിപണിയിൽ ഒരു ഗാപ് അപ് തുടക്കത്തിനുള്ള സാധ്യത തുറക്കുന്നുണ്ട്.

ഇന്നലെ സെന്‍സെക്‌സ് 402.73 പോയിന്റ് ഉയർന്ന് 62,533.30-ലവസാനിച്ചപ്പോൾ നിഫ്റ്റി 110.85 പോയിന്റ് ഉയർന്ന് 18,608 ൽ ക്ലോസ് ചെയ്തു. അതെ സമയം ബാങ്ക് നിഫ്റ്റി ഉയർന്ന് സർവകാല റെക്കോർഡ് ആയ 43,983.80 ൽ എത്തിയ ശേഷം 237.80 പോയിന്റ് വർധിച്ച് 43,946.55 ൽ അവസാനിച്ചു.

കേരള ലിസ്റ്റഡ് കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ്‌ ബി ബാങ്കും, കല്യാൺ ജൂവല്ലേഴ്‌സും, വി ഗാർഡും, ജ്യോതി ലാബും,കിംസും, ഫെഡറൽ ബാങ്കും, ആസ്റ്റർ ഡി എമ്മും, ധനലക്ഷ്മി ബാങ്കും, മണപ്പുറവും, മുത്തൂറ്റ് ക്യാപിറ്റലും ഇന്നലെ ലാഭത്തിലായിരുന്നു. എന്നാൽ, മുത്തൂറ്റ് ഫൈനാൻസും, വണ്ടർ ലയും കിറ്റെക്‌സും, ഹാരിസൺ മലയാളവും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ പുറവങ്കരയും ശോഭയും താഴ്ചയിലേക്ക് നീങ്ങിയപ്പോൾ പി എൻ സി ഇൻഫ്ര നേട്ടത്തിൽ അവസാനിച്ചു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 13) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 36.75 കോടി രൂപയ്ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 619.92 കോടി രൂപയ്ക്കും ഓഹരികൾ അധികം വാങ്ങി.

വിദഗ്ധാഭിപ്രായം

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്. എൽകെപി സെക്യൂരിറ്റീസ്: ഇന്നലെ നിഫ്റ്റി നിർണായക നിലവാരത്തിന് താഴെയുള്ള ചെറിയ വീഴ്ചക്ക് ശേഷം 18,500 തിരിച്ചുപിടിച്ചു. എന്നിരുന്നാലും, ബുള്ളുകൾക്ക് നിയന്ത്രണം ഏറ്റെടുക്കാൻ സൂചിക 18,700-ന് മുകളിൽ നീങ്ങേണ്ടതുണ്ട്. വരും ദിവസങ്ങളിൽ, 18,500-ന്റെ പിന്തുണയിൽ കയറ്റിറക്കങ്ങളിലൂടെ സൂചിക നീങ്ങാം. ഉയർന്ന തലത്തിലുള്ള പ്രതിരോധം 18,630/18,700 ൽ കാണാവുന്നതാണ്.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "ബാങ്ക് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തതിനാൽ മൊമെന്റം സൂചകങ്ങൾ ശക്തമായ വാങ്ങൽ മേഖലയിലാണ്, ഇത് സൂചികയെ ഹ്രസ്വകാലത്തേക്ക് 45,000 ലെവലിലേക്ക് ഉയർത്താൻ സഹായിക്കും. 43,400-ൽ പിന്തുണ ദൃശ്യമാണ്. അത് ലംഘിച്ചാൽ 43,000 ലെവലിലേക്ക് കൂടുതൽ തിരുത്തലിലേക്ക് നയിക്കും.

ലോക വിപണി

ഏഷ്യൻ വിപണികൾ ഇന്ന് ഉയർച്ചയിലാണ്. ഹോങ്കോങ് ഹാങ്‌സെങ് (179.13), ചൈന ഷാങ്ഹായ് (2.22), സൗത്ത് കൊറിയൻ കോസ്‌പി (20.72), ജപ്പാൻ നിക്കേ (173.68), തായ്‌വാൻ (45.80), ജക്കാർത്ത കോമ്പസിറ്റ് (75.87) എന്നിവയെല്ലാം പച്ചയിൽ തുടരുന്നു.

ചൊവ്വാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (191.26), പാരീസ് യുറോനെക്സ്റ്റ് (94.43), ലണ്ടൻ ഫുട്‍സീ (56.92) എന്നിവ നേട്ടത്തിൽ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ 240 മെഗാവാട്ടിന്റെ ദേവികോട്ട് സോളാർ പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചതായി എൻടിപിസി (ഓഹരി വില: 169.20 രൂപ) ചൊവ്വാഴ്ച ഒരു ബിഎസ്‌ഇ ഫയലിംഗിൽ അറിയിച്ചു.

പ്രമുഖ ബ്രാൻഡഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബാലാക്സി ഫാർമസ്യൂട്ടിക്കൽസ് (ഓഹരി വില: 583.70 രൂപ) തെലങ്കാനയിലെ ജഡ്‌ചെർല മണ്ഡലിൽ 85 കോടി രൂപ ചെലവിൽ നിർമിക്കുന്ന അതിന്റെ യുഎസ്-എഫ്ഡിഎ കോംപ്ലിയൻറ് പ്ലാന്റിന്റെ തറക്കല്ലിട്ടു.

വേദാന്ത ഗ്രൂപ്പ് (ഓഹരി വില: 313.15 രൂപ) 30 ജാപ്പനീസ് ടെക്‌നോളജി കമ്പനികളുമായി ഇന്ത്യൻ സെമികണ്ടക്ടർ ഗ്ലാസ് ഡിസ്‌പ്ലേ നിർമ്മാണ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് കരാർ ഒപ്പിട്ടു.

മുൻനിര റിഫ്രാക്റ്ററീസ് സൊല്യൂഷൻ പ്രൊവൈഡറായ ഐഎഫ്‌ജിഎൽ (ഓഹരി വില: 253.15 രൂപ) പ്ലാന്റുകളുടെ ശേഷി വർധിപ്പിക്കാൻ 160 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിച്ചു..

വർദ്ധിച്ചുവരുന്ന അസംസ്‌കൃത പദാർത്ഥങ്ങളുടെ ചെലവ് നികത്താൻ ജനുവരി മുതൽ വാണിജ്യ വാഹനങ്ങളുടെ വില 2 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് (ഓഹരി വില: 418.50 രൂപ) ചൊവ്വാഴ്ച അറിയിച്ചു.

ലോധ ബ്രാൻഡിന് കീഴിൽ സ്വത്തുക്കൾ വിൽക്കുന്ന മുംബൈ ആസ്ഥാനമായുള്ള മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ (ഓഹരി വില: 1026.85 രൂപ) പ്രമോട്ടർമാർ കമ്പനിയുടെ 7.2 ശതമാനം ഓഹരികൾ സ്ഥാപന നിക്ഷേപകർക്ക് നൽകി 3,547 കോടി രൂപ സമാഹരിച്ചു.

കാർലൈൽ ഗ്രൂപ്പ് സ്ഥാപനമായ സിഎ ബാസ്‌ക് ഇൻവെസ്റ്റ്‌മെന്റ്‌സിനും അഡ്വെന്റ് ഇന്റർനാഷണലിനും 185 കോടി ഓഹരികൾ ഷെയറൊന്നിന് 13.78 രൂപയ്ക്കും 128 കോടി കൺവെർട്ടിബിൾ വാറന്റുകൾ വാറന്റിന് 14.82 രൂപയ്ക്കും അനുവദിക്കാൻ യെസ് ബാങ്ക് (ഓഹരി വില: 23.95 രൂപ) ബോർഡ് അനുമതി നൽകി.

എച്ച്‌ഡിഎഫ്‌സി ബാങ്ക് (ഓഹരി വില: 1648.30 രൂപ) ലയിപ്പിക്കുന്നതിന് ബിഎസ്‌ഇയും എൻഎസ്‌ഇയും തത്വത്തിൽ അനുമതി നൽകിയതായി ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഓഹരി വില: 2702.60 രൂപ) ഡിസംബർ 13ന് പ്രസ്താവിച്ചു.

പേയ്‌മെന്റ് സൊല്യൂഷൻസ് സ്ഥാപനമായ പേടിഎമ്മിന്റെ (ഓഹരി വില: 539.40 രൂപ) മാതൃസ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻസ് ഒരു ഓഹരിക്ക് 810 രൂപ വിലയിൽ 850 കോടി രൂപയുടെ ഷെയർ ബൈബാക്ക് പ്ലാനിന് അംഗീകാരം നൽകി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,980 രൂപ (0 രൂപ)

യുഎസ് ഡോളർ = 82.87 രൂപ (-36 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 80.39 ഡോളർ (-0.36%)

ബിറ്റ് കോയിൻ = 15,00,100 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.01% ശതമാനം താഴ്ന്ന് 103.60 ആയി.

ഐപിഓ

പ്രീമിയം, ആഡംബര കാർ റീട്ടെയിലർ, ലാൻഡ് മാർക്ക് കാർസിന്റെ 150 കോടിയുടെ പുതിയ ഇഷ്യൂവും 402 കോടി രൂപയുടെ വിൽപ്പനയ്ക്കുള്ള ഓഫറും ആദ്യ ദിനത്തിൽ 17 ശതമാനം സബ്സ്ക്രൈബ് ചെയ്തു. എൻഎസ്ഇയിൽ ലഭ്യമായ ഡാറ്റ പ്രകാരം, 80,41,805 ഓഹരികൾക്കെതിരെ 14,04,383 ഓഹരികൾക്കാണ് ബിഡുകൾ ലഭിച്ചത്.നാളെ (ഡിസംബർ 15) അവസാനിക്കുന്ന ഐ പി ഓ-യുടെ പ്രൈസ് ബാൻഡ് 481-506 രൂപയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ നിർമ്മാതാവും വിൽപനക്കാരുമായ സുല വൈൻയാർഡ്‌സിന്റെ 960 കോടി രൂപ സമാഹരിക്കാനുള്ള ഇഷ്യൂ രണ്ടാം ദിവസം 59 ശതമാനം സബ്സ്ക്രൈബ് ചെയ്തു. എൻഎസ്ഇയിൽ ലഭ്യമായ ഡാറ്റ അനുസരിച്ച്, 1,88,30,372 ഓഹരികൾക്കെതിരെ 1,10,99,256 ഓഹരികൾക്കാണ് ബിഡ് ലഭിച്ചത്. ഒരു ഷെയറിന് 340-357 രൂപ പ്രൈസ് ബാൻഡുള്ള ഇഷ്യൂ ഇന്ന് അവസാനിക്കും.

അബാൻസ് ഹോൾഡിംഗ്‌സ് ലിമിറ്റഡ്ന്റെ38 ലക്ഷം ഓഹരികൾ വിൽക്കാനുള്ള ഐ പി ഓ രണ്ടാം ദിനത്തിൽ 28 ശതമാനം സബ്‌സ്‌ക്രൈബുചെയ്‌തു. എൻഎസ്ഇ ഡാറ്റ പ്രകാരം, 1,28,00,000 ഓഹരികൾക്കെതിരെ 35,27,260 ഓഹരികൾക്കായി ബിഡുകൾ ലഭിച്ചു. 256-270 രൂപ പ്രൈസ് ബാൻഡിലുള്ള ഇഷ്യു നാളെ (ഡിസംബർ 15 ന്) അവസാനിക്കും.