image

25 Jan 2023 12:45 PM GMT

Commodity

റംസാണ്‍ മുന്നില്‍ കണ്ട് ഏലം കയറ്റുമതി, മഴയില്‍ പ്രതീക്ഷവച്ച് റബ്ബര്‍ വ്യവസായികള്‍

MyFin Bureau

റംസാണ്‍ മുന്നില്‍ കണ്ട് ഏലം കയറ്റുമതി, മഴയില്‍ പ്രതീക്ഷവച്ച് റബ്ബര്‍ വ്യവസായികള്‍
X

Summary

  • ശബരിമലയില്‍ നിന്നുള്ള കൊപ്ര കൂടി വില്‍പ്പനയ്ക്ക് എത്തുന്നത് വിലയില്‍ വന്‍ ചാഞ്ചാട്ടം സൃഷ്ടിക്കാം


ശബരിമല സീസണ്‍ അവസാനിച്ചതോടെ സംസ്ഥാനത്തെ മുഖ്യ വിപണികളില്‍ നാളികേര ഉത്പന്നങ്ങള്‍ക്ക് തളര്‍ച്ച. രണ്ട് മാസമായി വിപണിക്ക് ശക്തമായ പിന്തുണയാണ് അയ്യപ്പ ഭക്തരില്‍ നിന്നും ലഭിച്ചത്. മണ്ഡലകാലം അവസാനിച്ചതിനിടയില്‍ കേരളത്തില്‍ നാളികേര വിളവെടുപ്പിന് തുടക്കം കുറിച്ചതോടെ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും പച്ചതേങ്ങ വരവ് ഉയര്‍ന്നു.



അടുത്ത മാസം വരവ് ശക്തിയാര്‍ജിക്കുന്ന അവസരത്തില്‍ സംഭരണം സംബന്ധിച്ച് പുതിയ പ്രഖ്യാപനങ്ങള്‍ക്ക് കൃഷി വകുപ്പ് മുന്നോട്ട് വന്നാല്‍ വില തകര്‍ച്ചയെ തടയാനാവും. ഇതിനിടയില്‍ ശബരിമലയില്‍ നിന്നുള്ള കൊപ്ര കൂടി വില്‍പ്പനയ്ക്ക് എത്തുന്നത് വിലയില്‍ വന്‍ ചാഞ്ചാട്ടം സൃഷ്ടിക്കാം.

ആഭ്യന്തര-വിദേശ വാങ്ങലുകാരില്‍ നിന്നുള്ള ശക്തമായ ഡിമാന്റ് ഏലക്ക ലേലത്തില്‍ ഉത്പന്നം നേട്ടമാക്കാനുള്ള ശ്രമത്തിലാണ്. റംസാന്‍ മുന്നില്‍ കണ്ടുള്ള ബയ്യിംഗിന് കയറ്റുമതിക്കാര്‍ ഇതിനകം തന്നെ തുടക്കം കുറിച്ചു, അടുത്ത മാസം വില വീണ്ടും വര്‍ധിക്കുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം.

സൗദി അറേബ്യ, ഇന്ത്യന്‍ ഏലം ഇറക്കുമതിക്കുള്ള നിരോധനം തുടരുകയാണെങ്കിലും ദുബായ് വഴി ചരക്ക് ശേഖരിക്കുന്നുണ്ട്. ഇന്ന് നടന്ന ലേലത്തില്‍ മികച്ചയിനം ഏലക്ക കിലോ 1710 രൂപയിലും ശരാശരി ഇനങ്ങള്‍ 1091 രൂപയില്‍ കൈമാറി.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ മഴ ലഭ്യമായതോടെ ടയര്‍ വ്യവസായികള്‍ ഷീറ്റ് സംഭരണം കുറച്ച് വിലക്കയറ്റത്തിന് തടയിട്ടു. കാലാവസ്ഥ മാറ്റം റബര്‍ ഉത്പാദനം ഉയര്‍ത്തുമെന്ന് നിലപാടിലാണ് വ്യവസായികള്‍. അതേ സമയം കാര്‍ഷിക മേഖലകളില്‍ നിന്നും വില്‍പ്പനക്കാര്‍ എത്താഞ്ഞത് വില ഇടിവിനെ തടഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വിലയായ 42,160 രൂപയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വ്യാപാരം നടന്നു. വന്‍കിട ഷോറുമുകളില്‍ പതിവ് തിരക്ക് അനുഭവപ്പെട്ടെങ്കിലും ചെറുകിട വ്യാപാര ആഭരണ ശാലകളില്‍ വില്‍പ്പനക്കാര്‍ കുടുതലായിരുന്നു. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 81.54 ലേയ്ക്ക് ശക്തിപ്രാപിച്ചത് ആഭ്യന്തര സ്വര്‍ണ വിലയെ സ്ഥിരതയില്‍ നിര്‍ത്തി, ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ ട്രോയ് ഔണ്‍സിന് 1918 ഡോളര്‍ വരെ താഴ്ന്ന മഞ്ഞലോഹം യുറോപ്യന്‍ വ്യാപാരങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ 1938 ഡോളറിലേയ്ക്ക് ഉയര്‍ന്നാണ് ഇടപാടുകള്‍ പുരോഗമിക്കുന്നത്.