image

29 Jan 2022 10:41 AM GMT

Forex

അറിയാം, യു എസ് ഫെഡറല്‍ റിസര്‍വ്

MyFin Desk

അറിയാം, യു എസ് ഫെഡറല്‍ റിസര്‍വ്
X

Summary

വാഷിംഗ്ടണ്‍ ഡി.സി. ആസ്ഥാനമായുള്ള അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കിനെയാണ് ഫെഡറല്‍ റിസര്‍വ് എന്നു വിളിക്കുന്നത്.


വാഷിംഗ്ടണ്‍ ഡി.സി. ആസ്ഥാനമായുള്ള അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കിനെയാണ് ഫെഡറല്‍ റിസര്‍വ് എന്നു വിളിക്കുന്നത്. അമേരിക്കയുടെ പലിശ നിരക്ക് നിര്‍ണ്ണയിക്കുക, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളെ ശക്തമാക്കുക എന്നിവയൊക്കെ ഈ കേന്ദ്ര ബാങ്കിന്റെ ഉത്തരവാദിത്വമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) നമ്മുടെ രാജ്യത്ത് നിര്‍വ്വഹിക്കുന്നതും ഇതേ ജോലികളാണ്.

അമേരിക്കന്‍ ഡോളറിന് ലോക കമ്പോളത്തിലുള്ള മേധാവിത്വം കണക്കിലെടുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തിയുള്ള കേന്ദ്ര ബാങ്കാണ് ഫെഡറല്‍ റിസര്‍വ്. പ്രമുഖ ധനകമ്പോളങ്ങളിലേക്കുള്ള ഡോളറിന്റെ ഒഴുക്കു നിയന്ത്രിക്കുന്നത് അവരുടെ തീരുമാനങ്ങളാണ്. അതിനനുസരിച്ചായിരിക്കും ആഗോള ഓഹരി വിപണികളിലെ ഉയര്‍ച്ച താഴ്ചകളും. ലോകമെമ്പാടും ഡോളറിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് സ്ഥിരത നല്‍കുകയെന്നതും അവരുടെ ലക്ഷ്യമാണ്.

ഫെഡറല്‍ റിസര്‍വിന് ഒരു ചെയര്‍മാനും, വൈസ് ചെയര്‍മാനും അടക്കം ഏഴ് ഗവര്‍ണര്‍മാരുണ്ട്. ഇവര്‍ ഏഴുപേരും സുപ്രധാന നയ രൂപീകരണ സമിതിയായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ചെയര്‍മാനും, വൈസ് ചെയര്‍മാനും നാലു വര്‍ഷ കാലാവധിയാണുള്ളത്. മറ്റു ഗവര്‍ണര്‍മാര്‍ 14 വര്‍ഷത്തേക്കാണ് നിയമിക്കപ്പെടുന്നത്. ജെറോമി എച്ച് പവല്‍ ആണ് ഇപ്പോഴത്തെ ചെയര്‍മാന്‍. യു എസ് പ്രസിഡന്റാണ് ഇവരെ നിയമിക്കുന്നതെങ്കിലും ഈ നിയമനങ്ങള്‍ യു എസ് കോണ്‍ഗ്രസിന്റെ സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ നിന്നു വ്യത്യസ്തമായി, അമേരിക്കയിലെ പന്ത്രണ്ടു സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കുകളുണ്ട്. ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ഫിലാഡെല്‍ഫിയ, ക്ലീവ് ലാന്‍ഡ്, റിച്ച്മണ്ട്, അറ്റ്‌ലാന്റാ, ചിക്കാഗോ, സെന്റ് ലൂയിസ്, മിനാപ്പോളിസ്, കന്‍സാസ് സിറ്റി, ഡാലസ്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.

സംസ്ഥാന റിസര്‍വ് ബാങ്കുകളുടെ പ്രതിനിധികളും, ഫെഡറല്‍ റിസര്‍വിന്റെ ഏഴു ഗവര്‍ണര്‍മാരും അടങ്ങുന്ന 12 അംഗ കമ്മിറ്റിയാണ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി. ഇവര്‍ സാധാരണയായി ഒരു വര്‍ഷം 8 തവണ ചേരാറുണ്ട്. അതായത്, ആറ് ആഴ്ചയിലൊരിക്കല്‍. ഇതിലാണ് സുപ്രധാന നയ തീരുമാനങ്ങളെടുക്കുന്നത്.