29 May 2026 7:07 PM IST
Summary
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സൃഷ്ടിച്ച അനിശ്ചിതത്വവും, രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ഫോറെക്‌സ് വിപണിയില്‍ നടത്തിയ ഇടപെടലുകളുമാണ് ശേഖരത്തില്‍ ഇടിവുകാന്‍ പ്രധാന കാരണം
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന ഇടിവ് ആശങ്ക വര്‍ധിപ്പിക്കുന്നു. മെയ് 22-ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 7.511 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 681.384 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു തൊട്ടുമുമ്പുള്ള ആഴ്ചയില്‍ 8.094 ബില്യണ്‍ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 728.494 ബില്യണ്‍ ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയ ശേഷമാണ് വിപണിയില്‍ ഇത്രയും വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സൃഷ്ടിച്ച അനിശ്ചിതത്വവും, രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ഫോറെക്‌സ് വിപണിയില്‍ നടത്തിയ ഇടപെടലുകളുമാണ് ശേഖരത്തില്‍ ഇടിവുണ്ടാകാന്‍ പ്രധാന കാരണം.
കരുതല്‍ ശേഖരത്തിലെ എല്ലാ പ്രധാന ഘടകങ്ങളിലും ഈ ആഴ്ച ഇടിവ് പ്രകടമാണ്. വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ നട്ടെല്ലായ വിദേശ കറന്‍സി ആസ്തികള്‍ 2.872 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 543.032 ബില്യണ്‍ ഡോളറിലെത്തി. ഇതിനു പുറമെ, സ്വര്‍ണ ശേഖരത്തിന്റെ മൂല്യത്തില്‍ 4.53 ബില്യണ്‍ ഡോളറിന്റെ കനത്ത ഇടിവുണ്ടായി. പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ (എസ്ഡിആര്‍) 77 മില്യണ്‍ ഡോളറും, അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) ഇന്ത്യയുടെ കരുതല്‍ ധനം 33 മില്യണ്‍ ഡോളറും കുറഞ്ഞിട്ടുണ്ട്. വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഡോളര്‍ ഇതര കറന്‍സികളുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും ഈ ഇടിവിനെ സ്വാധീനിച്ചിട്ടുണ്ട്.
സമ്പദ് വ്യവസ്ഥയിലെ ഈ പ്രതിസന്ധി ഘട്ടത്തില്‍ വിദേശനാണ്യം ലാഭിക്കാനായി പൊതുജനങ്ങളോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തെത്തിയിരുന്നു. വിദേശ യാത്രകള്‍ പരിമിതപ്പെടുത്താനും, ഇന്ധന ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും, കൂടാതെ ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
