Summary
- ഡിസംബർ 2 നു അവസാനിച്ച ആഴ്ചയിൽ വിദേശ നാണ്യ കരുതൽ ശേഖരം 11.02 ബില്യൺ ഡോളർ ഉയർന്ന് 561.16 ബില്യൺ ഡോളറായി.
- സ്വർണ ശേഖരം 1.086 ബില്യൺ ഡോളർ വർധിച്ച് 41.025 ബില്യൺ ഡോളറായി.
മുംബൈ: തുടർച്ചയായ നാലാം ആഴ്ചയിലും ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം വർധിച്ചു. ഡിസംബർ 2 നു അവസാനിച്ച ആഴ്ചയിൽ വിദേശ നാണ്യ കരുതൽ ശേഖരം 11.02 ബില്യൺ ഡോളർ ഉയർന്ന് 561.162 ബില്യൺ ഡോളറായി.
അതിനു തൊട്ടു മുൻപുള്ള ആഴ്ചയിൽ ഇത് 2.9 ബില്യൺ ഡോളർ വർധിച്ച് 550.14 ബില്യൺ ഡോളറായിരുന്നു. നവംബർ 25 നു അവസാനിച്ച ആഴ്ചയിൽ 14.72 ബില്യൺ ഡോളർ ഉയർന്നിരുന്നു.
2021 ഒക്ടോബറിൽ വിദേശ നാണ്യ കരുതൽ ശേഖരം എക്കാലത്തെയും റെക്കോർഡ് ആയ 645 ബില്യൺ ഡോളറിലെത്തിയിരുന്നു. എന്നാൽ ആഗോള സമ്മർദങ്ങൾ മൂലം രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് ആർബിഐ വിദേശ നാണ്യം വിറ്റഴിച്ചിരുന്നു.
ആർ ബി ഐ പുറത്തുവിട്ട പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്പ്ളിമെന്റിലെ കണക്കു പ്രകാരം കരുതൽ ശേഖരത്തിന്റെ അവിഭാജ്യ ഘടകമായ വിദേശ കറൻസി ആസ്തി(എഫ് സി എ) ഡിസംബർ 2-നു അവസാനിച്ച ആഴ്ചയിൽ 9.694 ബില്യൺ ഡോളർ വർധിച്ച് 496.984 ബില്യൺ ഡോളറായി.
യൂറോ, പൗണ്ട്, യെൻ മുതലായ യു എസ് ഇതര കറൻസികളുടെ മൂല്യ വർധനവിന്റയെയോ അല്ലെങ്കിൽ ഇടിവിന്റെയോ ഫലം ഡോളറിന്റെ അടിസ്ഥാനത്തിൽ സൂചിപ്പിക്കുന്നതാണ് വിദേശ കറൻസി ആസ്തികൾ.
സ്വർണ ശേഖരം 1.086 ബില്യൺ ഡോളർ വർധിച്ച് 41.025 ബില്യൺ ഡോളറായി.
എന്നാൽ, സ്പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് 164 മില്യൺ ഡോളർ ഇടിഞ്ഞ് 18 .04 ബില്യൺ ഡോളറായി.
ഐഎംഎഫിൽ രാജ്യത്തിൻറെ കരുതൽ ശേഖരം 75 മില്യൺ ഡോളർ ഇടിഞ്ഞ് 5.108 ബില്യൺ ഡോളറായി.