image

12 Dec 2022 11:14 AM GMT

Forex

രൂപയെ രക്ഷിക്കാന്‍ ആര്‍ബിഐ ആറ് മാസം കൊണ്ട് വിറ്റഴിച്ചത് 33.42 ബില്യണ്‍ ഡോളര്‍

MyFin Desk

Rupee Dollar
X


നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആര്‍ബിഐ വിദേശ വിനിമയ വിപണിയില്‍ 33.42 ബില്യണ്‍ ഡോളര്‍ വിറ്റഴിച്ചു. ഡോളറിനെതിരെ രൂപയ്ക്കുണ്ടായ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ വര്‍ഷം ഒക്ടോബര്‍ 20 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.20 ആയി. ആഗോള സമ്മര്‍ദങ്ങളും, കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കുന്ന കര്‍ശനമായ പണ നയങ്ങളും, ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ 30 വരെയുള്ള കണക്കു പ്രകാരം ഡോളര്‍ 7.8 ശതമാനം വര്‍ധിക്കുന്നതിനു കാരണമായെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഈ കാലയളവില്‍ രൂപയുടെ മൂല്യം 6.9 ശതമാനം ഇടിഞ്ഞിരുന്നു. എങ്കിലും മറ്റു ഏഷ്യന്‍ കറന്‍സികളായ ചൈനയുടെ യുവാന്‍ (10.6 ശതമാനം), ഇന്തോനേഷ്യന്‍ റുപിയ (8.7 ശതമാനം), ഫിലിപ്പീന്‍ പെസോ (8.5 ശതമാനം), ദക്ഷിണ കൊറിയന്‍ വോണ്‍ (8.1 ശതമാനം), തായ്വാനീസ് ഡോളര്‍ (7.3 ശതമാനം) തുടങ്ങിയവയെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്.

വിനിമയ നിരക്കിലെ ചാഞ്ചാട്ടം ലഘൂകരിക്കുന്നതിനായി ഫോറെക്‌സ് ഫണ്ടിംഗിന്റെ ഉറവിടങ്ങള്‍ വിപുലീകരിക്കുന്നതിനു ആര്‍ബിഐ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ബാഹ്യ വാണിജ്യ വായ്പയുടെ പരിധി 1.5 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ഈ വര്‍ഷം ഡിസംബര്‍ 31 വരെ ചില വായ്പകളുടെ ഓള്‍-ഇന്‍-കോസ്റ്റ് പരിധി 100 ബേസിസ് പോയിന്റ് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള വിപണിയില്‍ രൂപയില്‍ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തെ പിന്തുണയ്ക്കുന്നതിനുമായി, ഈ വര്‍ഷം ജൂലായ് 11-ന് കയറ്റുമതി-ഇറക്കുമതി രൂപയില്‍ വ്യാപാരം നടത്തുന്നതിനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചു.