image

17 Feb 2023 1:54 PM IST

Gold

ജനുവരിയിൽ സ്വർണ്ണ ഇറക്കുമതിയിൽ 76 ശതമാനത്തിന്റെ ഇടിവ്

MyFin Desk

gold import down
X


ജനുവരി മാസത്തിൽ രാജ്യത്തെ സ്വർണ്ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. വാർഷികാടിസ്ഥാനത്തിൽ 76 ശതമാനം കുറഞ്ഞ് 32 മാസത്തെ കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തി. ആഭ്യന്തര വിപണിയിൽ സ്വർണ വില കുതിച്ചുയർന്ന് റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കുറയുന്നതിന് കാരണമായി. കൂടാതെ ജ്വല്ലറികൾ ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തുമെന്ന പ്രതീക്ഷയിൽ നിലവിൽ ഇറക്കുമതി ചെയ്ത സ്വർണം വാങ്ങാത്ത സാഹചര്യവുമുണ്ട്.

ഇറക്കുമതി കുറയുന്നത് സ്വർണ്ണ വിലയെ സാരമായി ബാധിക്കും. എന്നാൽ ഈ ഇടിവ് ഇന്ത്യയുടെ വ്യാപാര കമ്മി കുറക്കുന്നതിനും, രൂപയുടെ മൂല്യത്തെ പിന്തുണക്കുന്നതിനും സഹായകമാണ്. ജനുവരിയിൽ 11 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 45 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തിരുന്നത്. മുൻവർഷം 2.38 ബില്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തപ്പോൾ ഇത്തവണ ജനുവരിയിൽ ഇത് 697 മില്യൺ ഡോളറായി കുറഞ്ഞു.

ജനുവരി മാസത്തിൽ ഗോൾഡ് ഫ്യൂച്ചർ, 10 ഗ്രാമിന് റെക്കോർഡ് വർധനയായ 57,270 രൂപയിലെത്തിയിരുന്നു. എന്നാൽ വിവാഹ സീസണോടനുബന്ധിച്ച് ഡിമാന്റിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷക്ക് ഇത് തടസമായി. സർക്കാർ വാർഷിക ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ജനുവരിയുടെ രണ്ടാം പകുതിയിൽ ജ്വല്ലറികൾ സ്വർണം വാങ്ങുന്നത് മാറ്റിവച്ചു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചില്ല, എന്നാൽ വെള്ളിയുടെ ഇറക്കുമതി തീരുവ ഉയർത്തി.

പ്രാദേശിക സ്വർണ്ണ വില എക്കാലത്തെയും ഉയർന്നതിൽ നിന്ന് ഏകദേശം 5 ശതമാനം കുറഞ്ഞതിനാൽ റീട്ടെയിൽ ഉപഭോക്താക്കൾക്കിടയിൽ ആശ്വാസമായിട്ടുണ്ട്. ഫെബ്രുവരിയിൽ ഇറക്കുമതിയിൽ പുരോഗതി ഉണ്ടാകുമെന്നാണ് ഡീലർമാർ കണക്കാക്കുന്നത്.