image

21 Jun 2023 12:35 PM IST

Gold

സ്വര്‍ണം ഇനിയും താഴേക്ക് പോകുമോ?

MyFin Desk

gold price updation
X

Summary

  • 11 ദിവസങ്ങള്‍ക്കിടെ വര്‍ധന ജൂണ്‍ 16 വെള്ളിയാഴ്ച മാത്രം
  • 2022 ലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 20 ശതമാനത്തോളം ഉയര്‍ച്ചയില്‍
  • യുഎസിന്‍റെ കടബാധ്യത സ്വര്‍ണത്തെ തുണയ്ക്കും


സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ മൂന്നാം ദിവസവും വിലയിടിവ് തുടരുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 30 രൂപ ഇടിഞ്ഞ് 5470 രൂപയിലേക്ക് എത്തി. പവന് 43,760 രൂപയാണ് വില , 240 രൂപയുടെ ഇടിവ്. ജൂണ്‍ 15ന്, രണ്ടു മാസത്തിലേറേ നീണ്ട കാലയളവിന് ശേഷം 22 കാരറ്റ് സ്വര്‍ണം പവന്‍റെ വില 44,000 രൂപയ്ക്ക് താഴേക്കെത്തിയിരുന്നു. അന്നത്തെ അതേ വിലനിലവാരത്തിലേക്കാണ് ഇന്ന് വീണ്ടും സ്വര്‍ണ വില എത്തിയിരിക്കുന്നത്. ഇതോടെ ഈ വിലയിടിവ് തുടരുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകരും വ്യാപാരികളും. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 5,967 രൂപയാണ്. 33 രൂപയുടെ ഇടിവാണ് ഇന്നലത്തെ വിലയില്‍ നിന്നുണ്ടായിട്ടുള്ളത്. 24 കാരറ്റ് പവന് 47,736 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 264 രൂപയുടെ ഇടിവാണ് ഇത്.

ആഗോള തലത്തിലും കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍ വലിയ കയറ്റിറക്കങ്ങള്‍ സ്വര്‍ണവിലയില്‍ ഉണ്ടായി. ഫെഡറൽ റിസർവിന്‍റെ കഴിഞ്ഞ ആഴ്‌ചയിലെ പലിശ നിരക്ക് തീരുമാനത്തിന്റെ സ്വാധീനത്തെ നിക്ഷേപകർ ജാഗ്രതയോടെ വിലയിരുത്തുന്നതിന്‍റെ ഫലമായാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴോട്ടുള്ള പ്രവണത പ്രകടിപ്പിക്കുന്നത്. 11 ദിവസങ്ങള്‍ക്കിടെ ജൂണ്‍ 16 വെള്ളിയാഴ്ച മാത്രമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഏപ്രിലിൽ ഔണ്‍സിന് 2,082 ഡോളര്‍ എന്ന റെക്കോഡ് ഉയരത്തിലേക്ക് സ്വര്‍ണ വില ആഗോള വിപണിയില്‍ എത്തിയിരുന്നു. അവിടെ നിന്ന് അത് ഇപ്പോള്‍ 1,960 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. എങ്കിലും 2022ലെ ഏറ്റവും താഴ്ന്ന നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ശതമാനത്തിലധികം ഉയർച്ചയിലാണ് സ്വര്‍ണ വില.

വില ഇനിയും താഴുമോ?

അടുത്ത ഏതാനും മാസങ്ങൾ കൂടി സ്വർണ വില ഉയര്‍ന്ന തലത്തില്‍ തന്നെ തുടര്‍ന്നേക്കാം. ഫെഡറൽ റിസർവ് അതിന്‍റെ പലിശ നിരക്കു വര്‍ധനയുടെ ചക്രം അവസാനിപ്പിക്കുന്നതിലേക്ക് നീങ്ങുമെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആഴ്ച പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ ബാങ്ക് തീരുമാനിച്ചിരുന്നു. എങ്കിലും ഈ വർഷാവസാനം ഹൈക്കിംഗ് സൈക്കിൾ പുനരാരംഭിക്കുന്നതിനുള്ള സാധ്യതയും ഫെഡ് റിസര്‍വ് മുന്നോട്ടുവെച്ചിട്ടുണ്ട്. പക്ഷേ, പണപ്പെരുപ്പം കുറയുന്നതിനാൽ ബാങ്ക് വീണ്ടും പലിശ നിരക്ക് കൂട്ടുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം മേയില്‍ 4.0% ആയി കുറഞ്ഞു. ഈ പ്രവണത തുടരുകയാണെങ്കിൽ, പണപ്പെരുപ്പം ഈ വർഷം നാലാം പാദത്തിലോ അടുത്ത വർഷം ആദ്യ പാദത്തിലോ ഫെഡ് റിസര്‍വ് മുന്നോട്ടുവെക്കുന്ന 2 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് എത്തിയേക്കും.

ഇതിനൊപ്പം യുഎസിന്‍റെ കട ബാധ്യത സംബന്ധിച്ച ആശങ്കകള്‍ ശക്തമാണ് എന്നതാണ്. ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് അമേരിക്കയുടെ പൊതു കടം 32 ട്രില്യൺ ഡോളറായി ഉയർന്നു എന്നാണ്. വായ്പാ പരിധി ഉയര്‍ത്തുന്നതിന് അംഗീകാരം ലഭിച്ചതോടെ കടം 36 ട്രില്യൺ ഡോളറിലെത്തുമെന്ന് അടുത്തിടെ നടന്ന ഡെറ്റ് സീലിംഗ് ഡീലിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്നു. അമേരിക്ക ഉടന്‍ വായ്പാ പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള സാധ്യതയൊന്നും മുന്നിലില്ലെങ്കിലും ഭാവിയില്‍ വായ്പാദാതാക്കല്‍ യുഎസിനോട് ഉയർന്ന പലിശനിരക്ക് ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിലെല്ലാം സ്വർണം നിക്ഷേപകർക്ക് നല്ലൊരു സുരക്ഷിത താവളമായി മാറും. .

കൂടാതെ വിവിധ രാജ്യങ്ങൾ ഡോളറിന്‍ മേലുള്ള ആശ്രിതത്വം കുറച്ച്, തങ്ങളുടെ കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കുന്നതില്‍ സ്വര്‍ണത്തെ കൂടുതലായി ആശ്രയിക്കുകയാണ്. റഷ്യ, ചൈന, ഇന്ത്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളെല്ലാം തങ്ങളുടെ സ്വർണശേഖരം വര്‍ധിപ്പിക്കുന്നത് തുടരുകയാണ്. ഇതും സ്വര്‍ണത്തിന്‍റെ ആവശ്യകത ഉയര്‍ത്തും. അതേസമയം, സ്വർണ ഉൽപ്പാദനം ആവശ്യകതയ്ക്ക് അനുസരിച്ച് വേഗത്തിൽ വളരുന്ന ഒന്നല്ല. ഈ വര്‍ഷം ആദ്യ പാദത്തിൽ വിതരണത്തില്‍ വെറും 1% ഉയർച്ച മാത്രമാണ് ഉണ്ടായത്.

ഇതിനാല്‍ വരാനിരിക്കുന്ന ഏതാനും മാസങ്ങളില്‍ സ്വര്‍ണ വിലയില്‍ തിരിച്ചുവരവ് പ്രകടമാകുമെന്ന പ്രതീക്ഷയിലാണ് ആഗോള തലത്തില്‍ അനലിസ്റ്റുകള്‍. ആഭ്യന്തര വിപണിയിലും വരാനിരിക്കുന്ന ഉത്സവ, വിവാഹ സീസണുകള്‍ ആവശ്യകത ഉയരുന്നതിന് ഇടയാക്കും. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞ തലത്തില്‍ തന്നെ തുടരുന്നതും സ്വര്‍ണ വില ഉയര്‍ന്നു നിക്കുന്നതിലേക്ക് നയിക്കും.

വെള്ളി വിലയിലും ഇടിവ്

വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് പൊതുവില്‍ കാണാനാകുന്നത്. ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 2.40 രൂപയുടെ ഇടിവോടെ 76.50 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 612 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 16.80 രൂപയുടെ ഇടിവാണിത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നു, 1 ഡോളറിന് 82.07 രൂപ എന്ന നിലയിലാണ് ഇന്നത്തെ വിനിമയം.