image

30 Jun 2023 5:54 AM GMT

Gold

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

MyFin Desk

gold price updation
X

Summary

  • വെള്ളി വിലയില്‍ ഇന്ന് ഇടിവ്
  • ജൂണില്‍ വില ഉയര്‍ന്നത് 7 ദിവസങ്ങള്‍ മാത്രം
  • ഇന്ന് ആഗോള തലത്തിലും സ്വര്‍ണവിലയില്‍ മുന്നേറ്റം


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 10 രൂപ വര്‍ധിച്ച് 5395 രൂപയായി. പവന് 43,160 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 80 രൂപയുടെ വര്‍ധന. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമാണ് പ്രകടമായിട്ടുള്ളത്. തുടര്‍‌ച്ചയായ അഞ്ചു ദിവസങ്ങളിലെ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണ വില ഉയര്‍ന്നിരുന്നു. അതിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും വില നേരിയ തോതില്‍ ഉയര്‍ന്നു. ചൊവ്വാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. പിന്നീട് ബുധനും വ്യാഴവും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.

ജൂണ്‍ 15നാണ്, രണ്ടു മാസത്തിലേറേ നീണ്ട കാലയളവിന് ശേഷം 22 കാരറ്റ് സ്വര്‍ണം പവന്‍റെ വില 44,000 രൂപയ്ക്ക് താഴേക്കെത്തിയത്. ഇടയ്ക്ക് വീണ്ടും ഇതിന് മുകളിലേക്ക് പോയെങ്കിലും പിന്നെയും താഴോട്ടേക്ക് വന്ന് മൂന്നുമാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വിലയെത്തി. വീണ്ടും വിലയിടിവിലേക്ക് നീങ്ങി വില 43,000ന് താഴേക്കെത്തുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍. 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഇന്ന് ഗ്രാമിന് 5885 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 10 രൂപയുടെ വര്‍ധനയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. 24 കാരറ്റ് പവന്‍ 80 രൂപയുടെ വര്‍ധനയോടെ 47, 080 രൂപയിലെത്തി.

യുഎസ് നടപ്പു പാദത്തില്‍ ശക്തമായ സാമ്പത്തിക പ്രകടനമാണ് രേഖപ്പെടുത്തുന്നത് എന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള തലത്തിലും സ്വര്‍ണവില മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. എങ്കിലും ഫെഡറൽ റിസർവ് നിരക്കു വര്‍ധന സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി ട്രേഡര്‍മാര്‍ ജാഗ്രതാപൂര്‍ണമായ സമീപനമാണ് കൈക്കൊള്ളുന്നത്.ഇന്ന് ആഗോള തലത്തിലും സ്വര്‍ണവിലയില്‍ മുന്നേറ്റം പ്രകടമാകുന്നു. ഔണ്‍സിന് ഏകദേശം 1,908 -1909 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് സ്വര്‍ണത്തിന്‍റെ ആഗോള വില്‍പ്പന പുരോഗമിക്കുന്നത്. എങ്കിലും വ്യാപാരം പുരോഗമിക്കവേ വിലയില്‍ ചാഞ്ചാട്ടം പ്രകടമാകുന്നുണ്ട്.

ഏപ്രിലിലും മേയ് തുടക്കത്തിലും സംസ്ഥാനത്തെ സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ ജൂണില്‍ ഏറെ ദിവസങ്ങളിലും ഇടിവാണ് ഉണ്ടായത്. ജൂണില്‍ കേവലം 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്.

വെള്ളി വില പൊതുവില്‍ സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് പ്രകടമാക്കുന്നത് എങ്കിലും ഇന്ന് വില ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് വെള്ളിവില ഗ്രാമിന് 50 പൈസയുടെ ഇടിവോടെ 74.80 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 598.40 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 4 രൂപയുടെ ഇടിവാണിത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 82.04 രൂപ എന്ന നിലയിലാണ്. ശ

ക്തമായ യുഎസ് സാമ്പത്തിക ഡാറ്റയുടെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ മറ്റു വിപണികളിലേക്ക് തിരിയുന്നത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ വീണ്ടും താഴോട്ടു വലിച്ചേക്കാം. എങ്കിലും ഒരു ഹ്രസ്വകാലയളവില്‍ സ്വര്‍ണവില വലിയ താഴ്ചയിലേക്ക് പോകാനുള്ള സാധ്യതയെ വിശകലന വിദഗ്ധര്‍ തള്ളിക്കളയുകയാണ്. ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച സംബന്ധിച്ച അവലോകനം ഉയര്‍ത്തിയത്, പ്രതീക്ഷിച്ചതിലും വളരേ കുറഞ്ഞ തൊഴിലില്ലായ്മ ക്ലെയിമുകള്‍ തുടങ്ങി സമ്പദ് വ്യവസ്ഥയെ കുറിച്ച് ശുഭസൂചന നല്‍കുന്ന സാമ്പത്തിക ഡാറ്റകള്‍ പുറത്തുവന്നത് ആഗോള വ്യാപകമായി ഓഹരിവിപണികളെ ഇന്ന് സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആഭ്യന്തര ഓഹരി വിപണികളായ സെന്‍സെക്സും നിഫ്റ്റിയും പുതിയ സര്‍വകാല ഉയരം കുറിച്ചുകൊണ്ടാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.