image

15 Jan 2023 6:50 AM GMT

Gold

തിളക്കം മങ്ങി സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

MyFin Desk

തിളക്കം മങ്ങി സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍
X

Summary

  • കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്വര്‍ണ്ണ വില ഉയരുന്നതും എസ്ജിബികളുടെ ഡിമാന്‍ഡ് കുറയാന്‍ കാരണമായിയെന്നാണ് നിക്ഷേപ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.


സ്വര്‍ണ വില ഉയരുന്നതിനിടയില്‍ തിളക്കം നഷ്ടപ്പെട്ട് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി). ഗോള്‍ഡ് ബോണ്ടുകളുടെ ഡിമാന്‍ഡ് മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയിലേക്കാണെത്തിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ജ്വല്ലറികള്‍ തുറന്നതോടെ സ്വര്‍ണം വാങ്ങുന്നതിലേക്ക് കൂടുതല്‍ ആളുകളും മാറി. ഇഷ്യു മാനേജ്‌മെന്റ്, വിതരണം, പലിശ എന്നിങ്ങനെയുള്ള ചെലവുകളും ബോണ്ട് ഇഷ്യു കുറയാന്‍ കാരണമായിരിക്കാം. കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്വര്‍ണ്ണ വില ഉയരുന്നതും എസ്ജിബികളുടെ ഡിമാന്‍ഡ് കുറയാന്‍ കാരണമായിയെന്നാണ് നിക്ഷേപ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഇഷ്യു ചെയ്ത മൂന്ന് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ 8.73 ടണ്‍ സ്വര്‍ണത്തില്‍ മാത്രമാണ് നിക്ഷേപം നടത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന എസ്ജിബി ഇഷ്യു മാര്‍ച്ചിലാണ്. 2021, 2022 സാമ്പത്തിക വര്‍ഷങ്ങളില്‍ 12, 10 ഘട്ടങ്ങളില്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്തിരുന്നു. ഇവയിലെ നിക്ഷേപം യഥാക്രമം 32 ടണ്ണും 27 ടണ്ണുമായിരുന്നു. ഏറ്റവും ഫലപ്രദമായ ഡിജിറ്റല്‍ ഗോള്‍ഡ് ആസ്തിയായതിനാലും, മികച്ച റിട്ടേണ്‍ നല്‍കുന്ന നിക്ഷേപമായതിനാലും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ എസജിബി ഇഷ്യു ആര്‍ബിഐ നടത്തുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍, ആര്‍ബിഐ 62 ഘട്ടങ്ങളിലായി ബോണ്ട് ഇഷ്യു നടത്തുകയും 99 ടണ്‍ നിക്ഷേപം സമാഹരിക്കുകയും ചെയ്തു. എട്ട് വര്‍ഷത്തെ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് അഞ്ച് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാനുള്ള ഓപ്ഷനുണ്ട്. ഇതുവരെയുള്ളതില്‍ 21 ഇഷ്യുകള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. പക്ഷേ, ഒരു ടണ്‍ നിക്ഷേപം മാത്രമാണ് പിന്‍വലിച്ചത്. നിക്ഷേപകര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഈ ബോണ്ടുകള്‍ വില്‍ക്കാനുള്ള ഓപ്ഷനുമുണ്ട്.

ഭൗതികമായ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനുമാണ് സര്‍ക്കാര്‍ എസ്ജിബികള്‍ ആരംഭിച്ചത്. എന്നാല്‍ സ്വര്‍ണ്ണ ഇറക്കുമതിയില്‍ കാര്യമായ ഇടിവ് ഉണ്ടായിട്ടില്ല.