image

20 April 2023 7:28 PM IST

Market

അക്ഷയതൃതീയ: സ്വര്‍ണ്ണ ഡിമാന്‍ഡ് 20% ഇടിഞ്ഞേക്കും

MyFin Desk

അക്ഷയതൃതീയ: സ്വര്‍ണ്ണ ഡിമാന്‍ഡ് 20% ഇടിഞ്ഞേക്കും
X

Summary

  • ഡിജിറ്റല്‍ സ്വർണ്ണ വില്‍പ്പനയില്‍ പ്രതീക്ഷിക്കുന്നത് വന്‍കുതിപ്പ്
  • ഉയർന്ന വില ഇപ്പോള്‍ തന്നെ വില്‍പ്പനയെ ബാധിച്ചു
  • അക്ഷയതൃതീയ വ്യാപാരത്തിന്‍റെ 40 % ദക്ഷിണേന്ത്യയില്‍ നിന്ന്


വിലയിലുണ്ടായ വലിയ കുതിപ്പ് അക്ഷയതൃതീയയോട് അനുബന്ധിച്ച സ്വര്‍ണ്ണ ആവശ്യകതയില്‍ ഇടിവുണ്ടാക്കുമെന്ന് വിലയിരുത്തല്‍. വില്‍പ്പന അളവില്‍ 20% ഇടിവാണ് മുന്‍വര്‍ഷം അക്ഷയതൃതീയ വില്‍പ്പനയെ അപേക്ഷിച്ച് പ്രതീക്ഷിക്കുന്നത് എന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമെസ്റ്റിക് കൗണ്‍സില്‍ (ജിജെസി) സയാം മെഹ്റ പറയുന്നു. നിലവില്‍ രാജ്യത്തെ സ്വര്‍ണവില 10 ഗ്രാമിന് ഏതാണ്ട് 60,000 രൂപയ്ക്ക് അടുത്താണ്.

അക്ഷയതൃതീയ വ്യാപാരത്തിലെ 40 ശതമാനം ദക്ഷിണേന്ത്യയിലാണ് നടക്കുന്നത്, 25 ശതമാനം പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും, 20 ശതമാനം കിഴക്കന്‍ സംസ്ഥാനങ്ങളിലും, ബാക്കി 15 ശതമാനം വടക്കന്‍ സംസ്ഥാനങ്ങളിലും നടക്കുന്നു. വില ഇടയ്ക്ക് താഴോട്ടു വന്നെങ്കിലും ബുള്ളിഷ് പ്രവണത നിലനില്‍ക്കുന്നതിനാല്‍ എല്ലാ മേഖലയിലെയും വ്യാപാരത്തില്‍ കുറവുണ്ടാകുമെന്നാണ് വ്യാപാരികള്‍ വിലയിരുത്തുന്നത്.

വിലയിലെ കുതിച്ചുകയറ്റം ഇപ്പോള്‍ തന്നെ വില്‍പ്പന അളവിനെ ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. എങ്കിലും പെട്ടെന്ന് കാര്യമായ ഒരു ഇടിവ് സ്വര്‍ണ വിലയില്‍ വന്നാല്‍ വില്‍പ്പന വേഗത്തില്‍ ഉയരും.

കുറഞ്ഞ അളവിലുള്ള വാങ്ങലിലേക്ക് ഈ അക്ഷയതൃതീയയില്‍ ഉപഭോക്താക്കള്‍ കൂടുതലായി നീങ്ങുമെന്നും ഇത് ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്‍ഫോമുകളുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ഇടയാക്കുമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ ഇന്ത്യന്‍ സിഇഒ സോമസുന്ദരം പിആര്‍ ചൂണ്ടിക്കാണിക്കുന്നു. നികുതിയില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ ഗോള്‍ഡ് ഫണ്ടുകള്‍ക്ക് പ്രതികൂലമാകുന്നുണ്ട്. ഇതും ഡിജിറ്റല്‍ സ്വര്‍ണ വാങ്ങലിനെ പ്രോല്‍സാഹിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ആഗോള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സ്വര്‍ണത്തിന്‍റെ ഉയര്‍ന്ന വില നിലവാരം കുറച്ചുകാലത്തേക്കു കൂടി തുടരുമെന്നാണ് കണക്കാക്കുന്നത്. യുഎസിലെ ബാങ്കിംഗ് പ്രതിസന്ധിക്കു പുറമേ റഷ്യ-ഉക്രൈന്‍ യുദ്ധം തുടരുന്നതും സ്വര്‍ണ വിലയെ പരിപോഷിപ്പിക്കുന്നു.