19 May 2023 1:13 PM IST
Summary
- തുടര്‍ച്ചയായ മൂന്നാം ദിനത്തിലും വിലയിടിവ്
- വെള്ളി വിലയിലും ഇടിവ് തുടരുന്നു
- രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്
സംസ്ഥാനത്ത് ്സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിനത്തിലും കുറഞ്ഞു. ആഗോള തലത്തില്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നതും മൂലധന വിപണികളിലെ അന്തരീക്ഷം മെച്ചപ്പെട്ടതും സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ വരവിനെ ബാധിച്ചു.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,580 രൂപയാണ് ഇന്ന് വില, ഇന്നലത്തെ വിലയില്‍ നിന്ന് 30 രൂപയുടെ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മൊത്തം 95 രൂപയുടെ ഇടിവാണ് ഗ്രാമിന് ഉണ്ടായിരിക്കുന്നത്.
22 കാരറ്റ് സ്വര്‍ണം പവന് 44,640 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്ന് 240 രൂപയുടെ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് മൊത്തം 760 രൂപ കുറഞ്ഞു. 24 കാരറ്റ് സ്വർണം ഗ്രാമിന് 6,087 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്ന് 33 രൂപയുടെ ഇടിവുണ്ടായി.
ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വര്‍ധനയാണ് പ്രകടമായതെങ്കില്‍ ഫെഡ് റിസര്‍വ് ധനനയ അവലോകന യോഗത്തിനും തുടര്‍ന്നുള്ള പ്രഖ്യാപനത്തിനും ശേഷം വിലയില്‍ ചാഞ്ചാട്ടം പ്രകടമായി. ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ഡോളര്‍ ശക്തി പ്രാപിക്കുന്നത് സ്വര്‍ണ വിലയിലെ വര്‍ധനയ്ക്ക് ഈയാഴ്ച കടിഞ്ഞാണിടുമെന്ന് നേരത്തേ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു 1 ഡോളറിന് 82.77 രൂപ എന്ന നിരക്കിലാണ് വിനിമയം.
വെള്ളി വിലയിലും തുടർച്ചയായ രണ്ടാം ദിവസം ഇടിവ് പ്രകടമായി. ഗ്രാമിന് 78 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 10 പൈസയുടെ ഇടിവ്. 8 ഗ്രാം വെള്ളിക്ക് 624 രൂപയാണ്, 80 പൈസയുടെ ഇടിവ്.
പഠിക്കാം & സമ്പാദിക്കാം
Home
