13 May 2026 4:57 PM IST
സ്വര്‍ണവിലയില്‍ വന്‍ ട്വിസ്റ്റ്. കുതിച്ചുയര്‍ന്ന വില ഉച്ചയോടെ ഇടിഞ്ഞു, ഒറ്റയടിക്ക് കുറഞ്ഞത് 4,320 രൂപ
MyFin Desk
Summary
രാവിലെയുണ്ടായ വില വര്‍ദ്ധനവില്‍ നിന്ന് ആശ്വാസകരമായ മാറ്റമാണ് ഉച്ചയ്ക്ക് ശേഷം കണ്ടത്. ഇതോടെ ഇന്നത്തെ ആകെ വില വര്‍ദ്ധന പവന് 5,880 രൂപയായി കുറഞ്ഞു
കേരളത്തിലെ സ്വര്‍ണവിപണിയില്‍ ഇന്ന് കണ്ടത് അസാധാരണമായ വില വ്യതിയാനം. രാവിലെ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുത്തനെ ഇടിഞ്ഞു. പവന് 4,320 രൂപയും ഗ്രാമിന് 540 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,850 രൂപയായും പവന് 1,18,800 രൂപയായും താഴ്ന്നു. ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് രാവിലെ പവന് ഒറ്റയടിക്ക് 10,200 രൂപ വര്‍ദ്ധിച്ചത് ഉപഭോക്താക്കളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ രൂപയുടെ വിനിമയ നിരക്കും ബാങ്ക് നിരക്കും പരിശോധിച്ച് വില പുതുക്കി നിശ്ചയിച്ചതോടെയാണ് വലിയൊരു ഇടിവ് രേഖപ്പെടുത്തിയത്.
രാവിലെയുണ്ടായ വില വര്‍ദ്ധനവില്‍ നിന്ന് ആശ്വാസകരമായ മാറ്റമാണ് ഉച്ചയ്ക്ക് ശേഷം കണ്ടത്. ഇതോടെ ഇന്നത്തെ ആകെ വില വര്‍ദ്ധന പവന് 5,880 രൂപയായി കുറഞ്ഞു. സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 405 രൂപ കുറഞ്ഞ് 12,235 രൂപയിലെത്തി. അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 320 രൂപയായി തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും ആഭ്യന്തര വിപണിയിലെ ഈ വില പുനക്രമീകരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ചുങ്കം വര്‍ദ്ധനവ് സ്വര്‍ണ വിപണിയില്‍ വരും ദിവസങ്ങളിലും അനിശ്ചിതത്വം നിലനിര്‍ത്തുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. രാവിലെ വിപണി തുറന്നപ്പോള്‍ ഉണ്ടായ അമിത വിലക്കയറ്റം സ്വര്‍ണാഭരണ പ്രേമികളെ ആശങ്കയിലാഴ്ത്തിയിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷമുള്ള വിലക്കുറവ് വിപണിയില്‍ നേരിയ ആശ്വാസം നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവും അനുസരിച്ച് വിലയില്‍ ഇനിയും വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
