image

2 Dec 2023 11:11 AM IST

Gold

റെക്കോഡുകള്‍ തിരുത്തി സ്വർണം! പവന്‍ വാങ്ങാന്‍ എത്ര നല്‍കണം?

MyFin Desk

Gold prices Today | ഇന്നത്തെ സ്വർണ വില
X

Summary

  • സംസ്ഥാനത്ത് 5845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
  • വന്‍കിട നിക്ഷേപകര്‍ വിറ്റഴിക്കാത്തതാണ് ഈ വന്‍ കുതിപ്പിന് കാരണം
  • എല്ലാം കൂടി 50624.04 രൂപയാകും പവന്‍ വില


റെക്കോഡുകള്‍ തിരുത്തി മുന്നോട്ട് കുതിക്കുകയാണ് സ്വര്‍ണ വില. ബുധനാഴ്ച്ചത്തെ ചരിത്രവിലയില്‍ നിന്നും പതിയെ ഇറങ്ങുകയും പിന്നെ കയറുകയും ചെയ്ത സ്വര്‍ണ വില ഇന്ന് പുതിയ ഉയരം തെട്ടു. സംസ്ഥാനത്ത് ഇന്ന് 75 രൂപയുടെ വര്‍ധനയോടെ 5845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 600 രൂപയുടെ വര്‍ധനയോടെ 46760 രൂപയും. ബുധനാഴ്ച്ചത്തെ ഒരു ഗ്രാമിന്റെ വിലയായ 5810 രൂപ, ഒരു പവന്റെ വിലയായ 46480 രൂപ എന്നീ റെക്കോഡ് വിലകളാണ് ഇന്ന് സ്വര്‍ണം മറികടന്നിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2072.12 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

2077 ഡോളറാണ് അന്താരാഷ്ട്ര തലത്തിലെ ഇതുവരെയള്ള ഉയര്‍ന്ന റെക്കോര്‍ഡ് വില. എന്നാല്‍, 2080 ഡോളര്‍ മറികടന്നാല്‍ 2150 ഡോളര്‍ വരെ സ്വര്‍ണ വില പോകു മെന്നുള്ള സൂചനകളാണ് ഇപ്പോള്‍ വരുന്നത്. വന്‍കിട നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ വിറ്റഴിക്കാതെ തുടരുന്നതാണ് വിലയിലെ ഈ വന്‍ കുതിപ്പിന് കാരണം. പശ്ചിമേഷ്യയിലെ വെടി നിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറയുന്നു.

ഒരു പവന്‍ വാങ്ങാന്‍ എത്ര നല്‍കണം?

കല്യാണം, നൂലുകെട്ട് അങ്ങനെ അങ്ങനെ ആഘോഷങ്ങളിലെല്ലാം മിന്നുന്നത് പൊന്നാണ്. ഇങ്ങനെ വില കൂടുമ്പോള്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്നാണ് സ്വര്‍ണ്ണ വ്യാപാരികളും പറയുന്നത്. എന്തായാലും ഒരു പവന്‍ വാങ്ങാന്‍ എത്ര രൂപയാകുമെന്നൊന്നു നോക്കാം.

ഒരു ഗ്രാമിന് 5845 രൂപ. അപ്പോള്‍ എട്ട് ഗ്രാമിന് 46760 രൂപ. പണിക്കൂലി അഞ്ച് ശതമാനമാണെങ്കില്‍ അത് 2330 രൂപയോളം വരും. ഒരു പവന് ജിഎസ്ടിയായി 1472.94 രൂപ നല്‍കണം. അതിനൊപ്പം ഹാള്‍ മാര്‍ക്കിംഗ് ചാര്‍ജ്, അതിനുള്ള ജിഎസ്ടിയുള്‍പ്പെടെ 53.10 രൂപയും നല്‍കണം. എല്ലാം കൂടി കണക്കുകൂട്ടുമ്പോള്‍ 50624.04 രൂപയാകും ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍.