image

9 April 2026 10:17 AM IST

Gold

പൊന്നിന്റെ തിളക്കം കുറയുന്നു; പവന് കുറഞ്ഞത് 1720 രൂപ; സ്വര്‍ണക്കമ്പോളത്തില്‍ വന്‍ മാറ്റം

MyFin Desk

പൊന്നിന്റെ തിളക്കം കുറയുന്നു; പവന് കുറഞ്ഞത്  1720 രൂപ; സ്വര്‍ണക്കമ്പോളത്തില്‍ വന്‍ മാറ്റം
X

Summary

വിവാഹ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റം വിപണിയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്


സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ വന്‍ വിലക്കുറവ്. കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണവിലയിലാണ് ഇപ്പോള്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 215 രൂപയും പവന് 1720 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,885 രൂപയും, ഒരു പവന്‍ സ്വര്‍ണത്തിന് 1,11,080 രൂപയുമാണ് ഇന്നത്തെ വിപണിവില. ഇന്നലെ പവന് 2920 രൂപയുടെ റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായതിന് പിന്നാലെയാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ഈ വിലക്കുറവ് എത്തിയിരിക്കുന്നത്.

ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വിപണിവില 260 രൂപയാണ്. 18 കാരറ്റ് സ്വര്‍ണവിലയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,410 രൂപയിലാണ് ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. വിവാഹ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റം വിപണിയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ ഇത്തരമൊരു പ്രതിഫലനമുണ്ടാക്കിയത്. ഇസ്രയേലും അമേരിക്കയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ചര്‍ച്ചകളില്‍ നിന്നും പിന്മാറുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയത് അന്താരാഷ്ട്ര വിപണിയെ സ്വാധീനിച്ചു. ഇസ്രയേലിന്റെ ലെബനന്‍ ആക്രമണത്തോടുള്ള ടെഹ്റാന്റെ ഈ പ്രതികരണം എണ്ണവില കുതിച്ചുയരാന്‍ കാരണമായി. നിലവില്‍ ബെന്റ് ക്രൂഡ് വില ബാരലിന് 97 ഡോളര്‍ കടന്നിരിക്കുകയാണ്.

ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ഈ വര്‍ധനവ് ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധര്‍. സാധാരണഗതിയില്‍ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വര്‍ണവില കൂടാറാണ് പതിവെങ്കിലും, പണപ്പെരുപ്പ സൂചനകളും എണ്ണവിലയിലെ അമിതമായ വര്‍ധനവും നിക്ഷേപകരെ മറ്റ് മേഖലകളിലേക്ക് ആകര്‍ഷിച്ചതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായത്. വരും ദിവസങ്ങളിലും വിപണിയിലെ ഈ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.