image

26 March 2026 3:11 PM IST

Gold

സ്വര്‍ണവിപണിയില്‍ തകര്‍ച്ച; പവന് 1720 രൂപ കുത്തനെ കുറഞ്ഞു

MyFin Desk

Gold bars and coins with a rising stock market graph in the background representing gold price hike.
X

Summary

രാവിലെ രേഖപ്പെടുത്തിയ 480 രൂപയുടെ കുറവിന് പിന്നാലെയാണ് ഈ വന്‍ ഇടിവുണ്ടായിരിക്കുന്നത്


സംസ്ഥാനത്തെ സ്വര്‍ണ പ്രേമികള്‍ക്ക് ആശ്വാസമായി വിലയില്‍ വന്‍ ഇടിവ്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 215 രൂപയും പവന് 1,720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,000 രൂപയായും ഗ്രാമിന് 13,250 രൂപയായും താഴ്ന്നു. രാവിലെ രേഖപ്പെടുത്തിയ 480 രൂപയുടെ കുറവിന് പിന്നാലെയാണ് ഈ വന്‍ ഇടിവുണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു; ഗ്രാമിന് 175 രൂപ താഴ്ന്ന് 10,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയില്‍ തുടരുന്നു.

രാജ്യാന്തര വിപണിയിലെ നാടകീയമായ മാറ്റങ്ങളാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. എണ്ണവില വര്‍ധിക്കുന്നതും അത് സൃഷ്ടിക്കുന്ന പണപ്പെരുപ്പ ഭീഷണിയും ഡോളറിനെ കരുത്തുറ്റതാക്കി മാറ്റുകയാണ്. അന്താരാഷ്ട്ര സ്വര്‍ണ വ്യാപാരം ഡോളറില്‍ ആയതിനാല്‍, ഡോളര്‍ ശക്തിപ്പെടുന്നത് പൊന്നിന് തിരിച്ചടിയാവുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉട്ടക്കുശേഷം ഔണ്‍സിന് 4410 ഡോളറിലേക്ക് കൂപ്പുകുത്തി.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വമാണ്. യുദ്ധഭീതി ഒഴിയുന്നതിന്റെ സൂചനകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നും പിന്‍മാറുന്നതാണ് വില കുറയാനുള്ള മറ്റൊരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിലും വിലയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.