21 Jan 2026 3:20 PM IST
21 ദിവസം കൊണ്ട് കൂടിയത് പവന് 16280 രൂപ ; സ്വർണ വില ഈ വർഷം പവന് മൂന്നു ലക്ഷം രൂപ തൊടുമോ?
MyFin Desk
Summary
21 ദിവസം കൊണ്ട് സ്വർണ വിലയിലെ വർധന പവന് 16280 രൂപ. സ്വർണ വില കുതിക്കുമോ? അതോ കുറയുമോ?
സ്വർണ്ണവില റെക്കോഡുകൾ ഭേദിക്കുകയാണ്. എല്ലാ വിലയേറിയ ലോഹങ്ങളിലുമുണ്ട് ഈ റാലി. വെള്ളി, പ്ലാറ്റിനം, പല്ലേഡിയം എന്നിങ്ങനെയുള്ള ലോഹങ്ങളുടെ എല്ലാം മൂല്യം ഉയരുന്നു. ഇന്ന് സ്വർണ വില ട്രോയ് ഔൺസിന് 4855 ഡോളറിലാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വില.
1974 ന് ശേഷമുള്ള ഏറ്റവും ശക്തമായ വിലക്കയറ്റമാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. ഈ മാസം ഇതുവരെ മാത്രം കേരളത്തിൽ പവന് 16280 രൂപയായി മാറി. 21 ദിവസം കൊണ്ട് 99040 രൂപയിൽ നിന്ന് 115320 രൂപയിലേക്കാണ് വില ഉയർന്നത്. നിക്ഷേപ പോർട്ട്ഫോളിയോയിൽ ധൈര്യമായി സ്വർണം പോലുള്ള നിക്ഷേപങ്ങളും ഉൾപ്പെടുത്താം എന്ന സൂചനയാണ് അനലിസ്റ്റുകൾ നൽകുന്നത്.
ഗ്രീൻലാൻഡിനെച്ചൊല്ലി യുഎസും യൂറോപ്പും തമ്മിലുള്ള സംഘർഷങ്ങൾ ആണ് ഇപ്പോൾ വിലയേറിയ ലോഹങ്ങൾക്ക് വീണ്ടും തിളക്കം നൽകിയിരിക്കുന്നത്. ഗ്രീൻലാൻഡ് അതിക്രമിക്കാനുള്ള ട്രംപിൻ്റെ പദ്ധതികളെ എതിർക്കുകയാണ് ചില യൂറോപ്യൻ രാജ്യങ്ങൾ. എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത് വീണ്ടും വിലയേറിയ ലോഹങ്ങളുടെ വില കുതിക്കാൻ കാരണമായി.
വില കുറഞ്ഞേക്കാം
നിലവിലെ അനിശ്ചിതങ്ങൾ മൂലം താൽക്കാലികമായി വില കുതിക്കാമെങ്കിലും വില കുറയാനുള്ള സാധ്യതകളുമുണ്ട്. യുഎസ് തൊഴിൽ വിപണി മെച്ചപ്പെടുന്നതിനാൽ യുഎസ് ഫെഡ് ഈ മാസം അവസാനം പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്ന സൂചനകളുമുണ്ട്. ജൂണിൽ വരുന്ന ഫെഡ് നയങ്ങൾ വിപണിയെ സ്വാധീനിക്കും. ഫെഡ് റിസർവ് പലിശ നിരക്കുകൾ ഉയർത്തുന്നത് ഡോളറിന് അനുകൂലമാകാം. ഇത് സ്വർണ്ണം പോലുള്ള പലിശയില്ലാത്ത ആസ്തികളുടെ നേട്ടം കുറയ്ക്കാമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
