6 April 2026 4:37 PM IST
Summary
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് കേരളത്തിലെ വിപണിയിലും വില കുതിച്ചുയരാന്‍ കാരണമായത്
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായെങ്കിലും ഉച്ചയ്ക്ക് ശേഷം വില കുതിച്ചുയരുകയായിരുന്നു. പവന് 1120 രൂപയും ഗ്രാമിന് 140 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,480 രൂപ എന്ന നിരക്കിലെത്തി. ഗ്രാമിന് 13,810 രൂപയാണ് നിലവിലെ വിപണി വില.
അന്താരാഷ്ട്ര വിപണിയിലുണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 4630 ഡോളറിലേക്ക് ഉയര്‍ന്നതാണ് കേരളത്തിലെ വിപണിയിലും വില കുതിച്ചുയരാന്‍ കാരണമായത്. രാവിലെ ഗ്രാമിന് 165 രൂപ കുറഞ്ഞുകൊണ്ട് ആശ്വാസം നല്‍കിയ വിപണി, ഉച്ചയോടെ ആ നേട്ടം ഏകദേശം പൂര്‍ണമായും ഇല്ലാതാക്കി പുതിയ ഉയരങ്ങള്‍ തൊടുകയായിരുന്നു. 18 കാരറ്റിനും വില വര്‍ധിച്ചു; ഗ്രാമിന് 115 രൂപ കൂടി 11,350 രൂപയിലെത്തി.
വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്, ഗ്രാമിന് 250 രൂപയാണ് നിലവിലെ നിരക്ക്. വിവാഹ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ഈ കുതിപ്പ് സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് വിലയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
