image

7 May 2026 3:30 PM IST

Gold

ആഭരണപ്രേമികള്‍ക്ക് ഷോക്ക്; സ്വര്‍ണവിലയില്‍ വീണ്ടുംകുതിപ്പ്, പവന്‍ 1,12,000 കടന്നു

MyFin Desk

ആഭരണപ്രേമികള്‍ക്ക് ഷോക്ക്; സ്വര്‍ണവിലയില്‍   വീണ്ടുംകുതിപ്പ്, പവന്‍ 1,12,000 കടന്നു
X

Summary

രാവിലെ പവന് 240 രൂപ വര്‍ദ്ധിച്ചതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയര്‍ന്നത്. ഇതോടെ ഇന്ന് മാത്രം സ്വര്‍ണവിലയില്‍ ഉണ്ടായ ആകെ വര്‍ദ്ധനവ് 640 രൂപയാണ്


സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. ഉച്ചയ്ക്ക് ശേഷം പവന് 400 രൂപ കൂടി വര്‍ദ്ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,200 രൂപ എന്ന ഉയരത്തിലെത്തി. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 14,025 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം വില കുതിച്ചുയരുന്നത് വിപണിയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

രാവിലെ പവന് 240 രൂപ വര്‍ദ്ധിച്ചതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയര്‍ന്നത്. ഇതോടെ ഇന്ന് മാത്രം സ്വര്‍ണവിലയില്‍ ഉണ്ടായ ആകെ വര്‍ദ്ധനവ് 640 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തോടൊപ്പം 18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 11,525 രൂപയിലാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. എന്നാല്‍ വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 270 രൂപയില്‍ തുടരുന്നു.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള എണ്ണവിലയിലുണ്ടായ ഇടിവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഇറാനും യുഎസും ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു എന്ന ശുഭവാര്‍ത്തകള്‍ സ്വര്‍ണവിപണിക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു.

ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരുന്നതിനനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തില്‍ വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. വിവാഹ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ഈ വിലക്കയറ്റം സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. വരും മണിക്കൂറുകളില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍.