image

27 Nov 2023 11:38 AM IST

Gold

സ്വര്‍ണ വില വീണ്ടും കുതിപ്പ് തുടങ്ങി

MyFin Desk

സ്വര്‍ണ വില വീണ്ടും കുതിപ്പ് തുടങ്ങി
X

Summary

  • സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു


സ്വര്‍ണ വില ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5735 രൂപയായി. പവന് 200 രൂപ വര്‍ധിച്ച് 45880 രൂപയായി. യുഎസ് ബോണ്ട് ആദായവും ഡോളര്‍ സൂചികയും നേരിയ ഇടിവ് പ്രകടമാക്കിയത് ആഗോള തലത്തില്‍ സ്വര്‍ണ വിലയെ മുന്നോട്ട് നയിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ഗോള്‍ഡ് ഔണ്‍സിന് 2012.30 ഡോളറാണിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഒരേ നിലവാരത്തില്‍ തുടരുകയായിരുന്നു. വെള്ളി വിലയിലും ഗ്രാമിന് 1.30 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ഒരു ഗ്രാം വെള്ളിക്ക് 81.50 രൂപയും എട്ട് ഗ്രാം വെള്ളിക്ക് 10.40 രൂപ വര്‍ധിച്ച് 652 രൂപയുമായി.

സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്.

2008 ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ ശ്രദ്ധ സ്വര്‍ണത്തില്‍ ഗൗരവമായി പതിഞ്ഞത്. നല്ലൊരു നിക്ഷേപ മാര്‍ഗമായി സ്വര്‍ണത്തെ കണക്കാക്കുന്നത് ഈ മുന്നേറ്റം കൊണ്ടാണ്. 2007 കാലഘട്ടത്തില്‍ പവന് 10,000 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് ഇന്ന് വില മൂന്നിരട്ടിയിലധികമാണ്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. രൂപയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. ഇതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ്.

പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനുമുള്ള അധികാരം അസോസിയേഷനുകള്‍ക്കുണ്ട്. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്. കാരറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വര്‍ണത്തിന്റെ അളവും പരിശുദ്ധിയും കണക്കാക്കുന്നത്. കാരറ്റിന്റെ നിലവാരം കൂടുന്നതിന് അനുസരിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി കൂടും. പ്രധാനമായും 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് നിലവാരങ്ങളിലാണ് സ്വര്‍ണം ഇന്ത്യയില്‍ ലഭ്യമാകുന്നത്.