image

1 March 2026 11:13 AM IST

Gold

ഇറാന്‍ ആക്രമണത്തില്‍ കത്തിക്കയറി സ്വര്‍ണം; പവന് ഒന്നേകാല്‍ ലക്ഷം കടന്നു

MyFin Desk

ഇറാന്‍ ആക്രമണത്തില്‍ കത്തിക്കയറി സ്വര്‍ണം; പവന് ഒന്നേകാല്‍ ലക്ഷം കടന്നു
X

Summary

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ ആഗോള വിപണി ആശങ്കയിൽ


ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ സ്വര്‍ണവിലയും കത്തിക്കയറുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 3,200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം 1,26,920 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 400 വര്‍ധിച്ച് 15,865 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 325 രൂപ വര്‍ധിച്ച് 13,030 രൂപയായി. 18 കാരറ്റ് സ്വര്‍ണം പവന് 2,600 രൂപ വര്‍ധിച്ച് 1,04,240 രൂപയിലെത്തി. വെള്ളി ഗ്രാമിന് 310 രൂപയിലാണ് വിപണി വ്യാപാരം നടക്കുന്നത്.

ഇറാനും യുഎസ്-ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള സംഘര്‍ഷം ആഗോള വിപണിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തുന്നതാണ് വില കുതിച്ചുയരാന്‍ കാരണം. സംഘര്‍ഷം കൂടുതല്‍ ഗുരുതരമായാല്‍ വരും ദിവസങ്ങളിലും വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.

കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഫെബ്രുവരി രണ്ടിന് വില 1,07,920 രൂപയിലേക്ക് താഴ്ന്നിരുന്നു. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍, ജനുവരിയിലെ റെക്കോര്‍ഡ് ഉയരത്തിലേക്ക് വില എത്തുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്.

ജ്വല്ലറി വ്യാപാരം

ജ്വല്ലറിയില്‍ നിന്ന് ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍, പുതിയ വിപണി വിലയ്ക്കൊപ്പം 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലെ 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം നിരക്കിലെ ജിഎസ്ടിയും ചേര്‍ത്ത് 1,40,000 രൂപയെങ്കിലും ചെലവാക്കേണ്ടിവരും. ആഭരണത്തിൻ്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ മാറ്റവും ഉണ്ടാകും.