4 March 2026 10:08 AM IST
Summary
യുഎസ് ഡോളര്‍ കരുത്ത് നേടിയതാണ് സ്വര്‍ണവില കുറയുന്നതിന് പ്രധാന കാരണം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 2,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം 1,20,640 രൂപയായി കുറഞ്ഞു. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന് 285 രൂപ കുറഞ്ഞ് 15,080 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞ് 12,390 രൂപയായി. 18 കാരറ്റ് സ്വര്‍ണം പവന് 1,840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ 18 കാരറ്റ് സ്വര്‍ണം പവന്‍ 99,120 രൂപയിലെത്തി. വെള്ളി ഗ്രാമിന് 285 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
വിലയിടിവിന് കാരണം
പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അഞ്ചാംദിനവും രൂക്ഷമായി തുടരുകയാണെങ്കിലും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. യുഎസ് ഡോളര്‍ കരുത്ത് നേടിയതാണ് സ്വര്‍ണവില കുറയുന്നതിന് പ്രധാന കാരണമായത്. ഒരു മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളറിൻ്റെ വിനിമയ നിരക്കുള്ളത്. രാജ്യാന്തര വിപണിയില്‍ നിന്ന് മറ്റ് കറന്‍സികള്‍ ഉപയോഗപ്പെടുത്തി സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവ് വര്‍ധിപ്പിക്കുന്നതാണ് പ്രതികൂല ഘടകമാകുന്നത്.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി സ്വര്‍ണവിലയില്‍ 2,120 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കും നിക്ഷേപകര്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് ഈ പുതിയ മാറ്റം. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് സ്വർണവില കുത്തനെ താഴേക്ക് വന്നതോടെ വരും ദിവസങ്ങളില്‍ വിപണിയില്‍ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് സൂചന.
പഠിക്കാം & സമ്പാദിക്കാം
Home
