24 Dec 2025 3:19 PM IST
Summary
ഒരു വര്‍ഷത്തിനുള്ളില്‍ 70 ശതമാനത്തിലധികം വളര്‍ച്ചയാണ് സ്വര്‍ണം നേടിയത്
സ്വര്‍ണത്തിന് ഇനി 'പൊന്നിന്‍ വില'യല്ല, അതിനും മുകളിലാണ്! അന്താരാഷ്ട്ര വിപണിയില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഔണ്‍സിന് 4,500 ഡോളര്‍ എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുന്നു. വെറും ഒരു വര്‍ഷത്തിനുള്ളില്‍ 70 ശതമാനത്തിലധികം വളര്‍ച്ച.
ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സ്വര്‍ണം ഔണ്‍സിന് 4,525.19 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡ് തൊട്ടിരുന്നു. വെറും ഒരു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് 72 ശതമാനവും വെള്ളിക്ക് 149 ശതമാനവും വില വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഡോളര്‍ നേരിടുന്ന തളര്‍ച്ചയും അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനയുമാണ് പൊന്നിനെ ഈ കൊടുമുടിയില്‍ എത്തിച്ചത്.
യുഎസ് - വെനസ്വേല സംഘര്‍ഷം, കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം ശേഖരിക്കുന്നതും ചൈന-അമേരിക്ക വ്യാപാര തര്‍ക്കങ്ങളും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇനിയും വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.അതേസമയം, 1979-ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക കുതിപ്പിലാണ് സ്വര്‍ണം.
സ്വര്‍ണത്തിന് പിന്നാലെ വെള്ളിയും പ്ലാറ്റിനവും റെക്കോര്‍ഡുകള്‍ ഭേദിച്ചു. ലോകം ഒരു 'മെറ്റല്‍ ഫ്രെന്‍സി' അഥവാ ലോഹ വിപണിയിലെ വന്‍ റാലിയ്ക്ക് വിപണി സാക്ഷ്യം വഹിക്കുകയാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. വെള്ളിക്ക് ഈ വര്‍ഷം മാത്രം 150 ശതമാനത്തിലേറെയാണ് വില കൂടിയത്. പ്ലാറ്റിനം 160 ശതമാനവും പലാഡിയം 100 ശതമാനവും വളര്‍ച്ച കൈവരിച്ചു.
ഇതൊരു തുടക്കം മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അടുത്ത 6 മുതല്‍ 12 മാസത്തിനുള്ളില്‍ സ്വര്‍ണവില 5,000 ഡോളറിലേക്ക് എത്തിയേക്കാം. വെള്ളി വില ഔണ്‍സിന് 80 ഡോളര്‍ കടക്കുമെന്നും പ്രവചനമുണ്ട്. ഇന്ത്യയിലെ സ്പോട്ട് വില പരിശോധിച്ചാല്‍ ഈ വര്‍ഷം മാത്രം സ്വര്‍ണത്തിന് 80 ശതമാനവും വെള്ളിക്ക് 145 ശതമാനവും വില കൂടിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
