image

9 Dec 2023 1:05 PM GMT

Gold

സ്വർണത്തിൽ നിക്ഷേപിക്കാൻ വീണ്ടും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

MyFin Desk

Issuing sovereign gold bonds
X

Summary

സീരീസ് I ജൂണ്‍ 19-23 വരെയും സീരീസ് II സെപ്റ്റംബര്‍ 11-15 വരെയുമായിരുന്നു


സ്വര്‍ണം ഒരു ബുദ്ധിപരമായ നിക്ഷേപ മാര്‍ഗമായി കാണുന്നവര്‍ക്ക് പുതിയ അവസരം. ഈ മാസവും ഫെബ്രുവരിയിലും സര്‍ക്കാര്‍ വീണ്ടും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. സ്വര്‍ണം ലോഹരൂപത്തില്‍ വാങ്ങി സൂക്ഷിക്കുന്നതിലെ ബുദ്ധിമുട്ടുകളും പ്രായോഗിക പ്രതിസന്ധികളും ഒഴിവാക്കാന്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഇന്ന് അവസരങ്ങളുണ്ട്. അതില്‍ പ്രധാനമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്.

ഇതില്‍ ആദ്യ ബോണ്ട് തുറക്കുന്നത് ഡിസംബര്‍ 18 മുതല്‍ 22വരെയാണ്. 2023-24 സീരീസ് IIIന്റെ സബ്സ്‌ക്രിപ്ഷന്‍ അന്നു നടക്കും. അതേസമയം സീരീസ് IV ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത് ഫെബ്രുവരി 12-16 വരെയാണെന്നും ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

സീരീസ് I ജൂണ്‍ 19-23 വരെയും സീരീസ് II സെപ്റ്റംബര്‍ 11-15 വരെയും സബ്സ്‌ക്രിപ്ഷനായി തുറന്നിരുന്നു.

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (ചെറുകിട ധനകാര്യ ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎല്‍), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (സിസിഐഎല്‍), നിയുക്ത തപാല്‍ ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് , ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് എന്നിവ വഴിയാണ് എസ്ജിബികള്‍ വില്‍ക്കുന്നത്.

സബ്സ്‌ക്രിപ്ഷന്‍ കാലയളവിന് മുമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളില്‍ ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിച്ച 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ലളിതമായ ശരാശരി ക്ലോസിംഗ് വിലയുടെ അടിസ്ഥാനത്തില്‍ എസ്ജിബിയുടെ വില ഇന്ത്യന്‍ രൂപയില്‍ നിശ്ചയിക്കും.

ഓണ്‍ലൈനായി സബ്സ്‌ക്രൈബുചെയ്ത് ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുന്ന നിക്ഷേപകര്‍ക്ക് എസ്ജിബികളുടെ ഇഷ്യു വില ഗ്രാമിന് 50 രൂപ കുറവായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിക്ഷേപകര്‍ക്ക് അര്‍ധ വാര്‍ഷികമായി പ്രതിവര്‍ഷം 2.50 ശതമാനം എന്ന നിശ്ചിത നിരക്കില്‍ തുകനല്‍കും.സബ്സ്‌ക്രിപ്ഷന്റെ പരമാവധി പരിധി വ്യക്തികള്‍ക്ക് 4 കിലോ, എച്ച് യുഎഫ് 4 കിലോ, ട്രസ്റ്റുകള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും 20 കിലോ എന്നിങ്ങനെ ആയിരിക്കും.

എസ്ജിബിയുടെ കാലാവധി എട്ട് വര്‍ഷമായിരിക്കും. അഞ്ചാം വര്‍ഷത്തിന് ശേഷം അകാല റിഡംഷന്‍ ഓപ്ഷനും ഉണ്ടായിരിക്കും. ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്. ബോണ്ടുകള്‍ ലോണുകള്‍ക്ക് ഈടായി ഉപയോഗിക്കാം. കെവൈസി മാനദണ്ഡങ്ങള്‍ ഭൗതിക സ്വര്‍ണം വാങ്ങുന്നതിന് തുല്യമായിരിക്കും.

2015 നവംബറില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം ആരംഭിച്ചത് ഫിസിക്കല്‍ സ്വര്‍ണത്തിന്റെ ആവശ്യകത കുറയ്ക്കുകയും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സാമ്പത്തിക സമ്പാദ്യത്തിലേക്ക് മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്.