5 Nov 2026 4:00 PM IST
ജിഎസ്ടി പരിശോധന; സ്വര്‍ണ വ്യാപാരികള്‍ക്ക് ആശങ്ക, മാര്‍ഗനിര്‍ദേശം വേണമെന്ന് അസോസിയേഷന്
MyFin Desk
Summary
നികുതി വെട്ടിപ്പ് തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെങ്കിലും, അത് നിയമം വിധിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ ഉപയോഗിക്കാവൂ എന്നാണ് വ്യാപാര സംഘടനകളുടെ നിലപാട്
സംസ്ഥാനത്തെ സ്വര്‍ണവ്യാപാര മേഖലയില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ വ്യാപാരികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചതായി കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്. പരിശോധനയ്ക്കിടെ രേഖകളിലെ സ്റ്റോക്കിനേക്കാള്‍ അധിക സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്ന സാഹചര്യങ്ങളില്‍, ഉടനടി നികുതി അടപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന പരാതികളാണ് മേഖലയില്‍ ഉയരുന്നത്. നികുതി വെട്ടിപ്പ് തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെങ്കിലും, അത് നിയമം വിധിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ ഉപയോഗിക്കാവൂ എന്നാണ് വ്യാപാര സംഘടനകളുടെ നിലപാട്.
അധിക സ്റ്റോക്ക് കണ്ടെത്തിയാല്‍ തന്നെ അത് നികുതി വെട്ടിപ്പായി കണക്കാക്കാനാവില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പഴയ സ്വര്‍ണം വാങ്ങല്‍, എക്സ്ചേഞ്ച്, നിര്‍മാണം, ജോബ് വര്‍ക്ക്, അറ്റകുറ്റപ്പണി തുടങ്ങിയ സാധാരണ വ്യാപാര പ്രവര്‍ത്തനങ്ങളില്‍ സ്റ്റോക്കില്‍ വ്യത്യാസം ഉണ്ടാകാം. അതിനാല്‍ ഇനം, തൂക്കം, രേഖകളുമായുള്ള വ്യത്യാസം, കാരണം എന്നിവ വിശദമായി രേഖപ്പെടുത്തി, വ്യാപാരിയുടെ വിശദീകരണവും രേഖകളും പരിശോധിച്ച ശേഷം മാത്രമേ നികുതി ബാധ്യത നിര്‍ണയിക്കാവൂ. നോട്ടീസും ഹിയറിങ്ങും നല്‍കാതെ നികുതി ബാധ്യത തീരുമാനിക്കുന്നത് നിയമപരമല്ലെന്നും അസോസിയേഷന് പറയുന്നു.
കണ്ടുകെട്ടല്‍ നടപടിക്ക് ജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 67(2) പ്രകാരം സാധനങ്ങളോ രേഖകളോ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ന്യായമായി വിശ്വസിക്കാനുള്ള സാഹചര്യം ആവശ്യമാണ്. കൂടാതെ ജോയിന്റ് കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അനുമതിയും വേണം. സ്റ്റോക്കില്‍ വ്യത്യാസം കണ്ടതുകൊണ്ട് മാത്രം മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കണ്ടുകെട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നാണ് നിയമ നിര്‍ദേശമെന്നും അസോസിയേഷന് പറയുന്നു.
സംസ്ഥാന ജിഎസ്ടി വകുപ്പും കേന്ദ്ര ജിഎസ്ടി അധികൃതരും അടിയന്തരമായി ഇടപെട്ട് സ്വര്‍ണവ്യാപാര സ്ഥാപനങ്ങളിലെ പരിശോധനകള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പഠിക്കാം & സമ്പാദിക്കാം
Home
