22 Dec 2025 6:10 PM IST
Summary
1979ന് ശേഷമുള്ള ഏറ്റവും മികച്ച വാര്‍ഷിക വളര്‍ച്ചയിലേക്കാണ് സ്വര്‍ണവും വെള്ളിയും നീങ്ങുന്നത്
സ്വര്‍ണവിലയില്‍ ചരിത്രപരമായ കുതിച്ചുചാട്ടം! ഔണ്‍സിന് 4,400 ഡോളര്‍ എന്ന മാന്ത്രിക സംഖ്യ കടന്ന് സര്‍വ്വകാല റെക്കോര്‍ഡിലെത്തി. 10000 ഡോളറിലേക്കെത്തുമെന്ന് വിദഗ്ധരുടെ പ്രവചനം. 1979ന് ശേഷമുള്ള ഏറ്റവും മികച്ച വാര്‍ഷിക വളര്‍ച്ചയിലേക്കാണ് സ്വര്‍ണവും വെള്ളിയും നീങ്ങുന്നത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള സൂചനകളാണ് ഈ മുന്നേറ്റത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വരാനിരിക്കുന്ന മാസങ്ങളില്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്. പലിശ ലഭിക്കാത്ത നിക്ഷേപമാണെങ്കിലും, നിരക്കുകള്‍ കുറയുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയമേറുന്നുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
വെനസ്വേലയ്‌ക്കെതിരെയുള്ള അമേരിക്കയുടെ എണ്ണ ഉപരോധം കര്‍ശനമാക്കിയതും, യുക്രെയ്ന്‍-റഷ്യ യുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതും വിപണിയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, സ്വര്‍ണ നിക്ഷേപകര്‍ക്കും ഓഹരി വിപണി നിരീക്ഷകര്‍ക്കും ഒരുപോലെ ആവേശം നല്‍കുന്ന ഒരു വമ്പന്‍ പ്രവചനമാണ് പ്രശസ്ത വിപണി വിദഗ്ധനും യാര്‍ഡേനി റിസര്‍ച്ച് പ്രസിഡന്റുമായ എഡ് യാര്‍ഡേനി നല്‍കിയിരിക്കുന്നത്. 2029 അവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് 10,000 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നേക്കാം എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
സ്വര്‍ണത്തോടൊപ്പം തന്നെ യുഎസ് ഓഹരി വിപണിയും കുതിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കില്‍ 2026-ല്‍ ഇന്ത്യന്‍ വിപണി പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
കൂടാതെ, ഡോളറിന്റെ മൂല്യത്തകര്‍ച്ച ഭയന്ന് പല രാജ്യങ്ങളും തങ്ങളുടെ കരുതല്‍ ശേഖരം സ്വര്‍ണത്തിലേക്ക് മാറ്റുന്നതും വില വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.സ്വര്‍ണത്തിനൊപ്പം വെള്ളിയും പ്ലാറ്റിനവും റെക്കോര്‍ഡ് വേഗത്തിലാണ് മുന്നേറുന്നത്. വെള്ളി ഔണ്‍സിന് 70 ഡോളറിന് അടുത്തെത്തി. പ്ലാറ്റിനം 2008-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 2,000 ഡോളര്‍ കടന്നു. പല്ലാഡിയം വിലയിലും 5 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി.
ഗോള്‍ഡ്മാന്‍ സാക്സ് പോലുള്ള പ്രമുഖ ബാങ്കുകളുടെ പ്രവചനം അനുസരിച്ച്, 2026-ഓടെ സ്വര്‍ണവില ഔണ്‍സിന് 4,900 ഡോളര്‍ വരെ ഉയര്‍ന്നേക്കാം. അതായത്, സ്വര്‍ണത്തിലെ ഈ മുന്നേറ്റം ഇനിയും തുടരാനാണ് സാധ്യത.
പഠിക്കാം & സമ്പാദിക്കാം
Home
