image

26 Nov 2026 10:30 AM IST

Gold

ഇന്നലെ ഇടിഞ്ഞു, ഇന്ന് കുതിച്ചുയര്‍ന്നു; സ്വര്‍ണവിലയില്‍ വന്‍ ട്വിസ്റ്റ്!

MyFin Desk

ഇന്നലെ ഇടിഞ്ഞു, ഇന്ന് കുതിച്ചുയര്‍ന്നു;  സ്വര്‍ണവിലയില്‍ വന്‍ ട്വിസ്റ്റ്!
X

Summary

അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ ഒരു കാരണം


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ തിരിച്ചുകയറ്റം. ഗ്രാമിന് 240 രൂപയും പവന് 1,920 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,540 രൂപയായി. പവന് 92,320 രൂപയിലുമെത്തി. ഇന്നലെ രണ്ടുതവണ വില കുറഞ്ഞതിന് പിന്നാലെയാണ് വിപണിയെ ഞെട്ടിച്ച് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9,440 രൂപയായി. അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 165 രൂപയിലാണ് വ്യാപാരം.

അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ ഒരു കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3,580 ഡോളറിലെത്തി. അതേസമയം, ഇന്നലെ പുറത്തുവന്ന യുഎസ് പണപ്പെരുപ്പ കണക്കുകള്‍ ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പണപ്പെരുപ്പം 3.7 ശതമാനംഎന്നനിലയില്‍ നിന്നും 3.8ശതമാനമായി ഉയര്‍ന്നു. ഇത് വീണ്ടും സ്വര്‍ണവില കുറയാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. എണ്ണവില ഉയരുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.

വിവാഹ സീസണില്‍ സ്വര്‍ണവിലയിലുണ്ടായ ഈ കുതിച്ചുചാട്ടം ആഭരണങ്ങള്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ്. വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവര്‍ക്കും ഇന്നത്തെ വര്‍ധന നിരാശയായി. എന്നാല്‍ നിലവിലെ വിലക്കയറ്റം താല്‍ക്കാലികമായിരിക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളറിനെതിരായ രൂപയുടെ മൂല്യവും സ്വര്‍ണവിലയുടെ അടുത്ത നീക്കം നിര്‍ണയിക്കും.