image

5 Nov 2026 10:30 AM IST

Gold

എണ്ണവില കുറഞ്ഞു; തീപിടിച്ച് സ്വര്‍ണം, ഒരു പവന്‍ ആഭരണത്തിന് എന്തു നല്‍കണം?

MyFin Desk

എണ്ണവില കുറഞ്ഞു; തീപിടിച്ച് സ്വര്‍ണം,  ഒരു പവന്‍ ആഭരണത്തിന് എന്തു നല്‍കണം?
X

Summary

യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കുണ്ടായ വിജയമാണ് വിപണിയെ പാടെ മാറ്റിമറിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആഗോളതലത്തില്‍ സ്വര്‍ണവില കുതിച്ചുകയറുകയാണ്


സ്വര്‍ണവില വീണ്ടും കുതിച്ചുകയറുന്നു. രണ്ട് ദിവസംകൊണ്ട് പൊന്ന് പൊള്ളുന്ന സ്ഥിതിയിലായി. ഇന്ന് രാവിലെ ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,385 രൂപയായും പവന് 1,07,080 രൂപയായും ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 235 രൂപ വര്‍ദ്ധിച്ച് 10,955 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിക്കും ഇന്ന് വില ഉയര്‍ന്നു, ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 210 രൂപയായി. രണ്ടുദിവസത്തിനിടെ 4680 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണവിപണിയിലുണ്ടായത്.

യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കുണ്ടായ വിജയമാണ് വിപണിയെ പാടെ മാറ്റിമറിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആഗോളതലത്തില്‍ സ്വര്‍ണവില കുതിച്ചുകയറുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെയും കുതിച്ചുകയറിയിരുന്നു. ഇന്ന് വില ഔണ്‍സിന് 4100 ഡോളര്‍ കടന്നു. ഒരു ശതമാനത്തിലേറെ വര്‍ദ്ധനയാണ് വിലയില്‍ ഉണ്ടായത്.

യുഎസിലെ സംഭവ വികാസങ്ങളെത്തുടര്‍ന്ന് ക്രൂഡോയിലില്‍ വിലയില്‍ കനത്ത ഇടിവുണ്ടായി. ഒരു ഘട്ടത്തില്‍ വില ബാരലിന് 94 ഡോളറിന് താഴെയെത്തി. ഇത് പണപ്പെരുപ്പ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന ആശങ്കയും ഈ സാഹചര്യത്തില്‍ കുറഞ്ഞിട്ടുണ്ട്. കൂടാതെ ഡോളറിന്റെ കരുത്ത് കുറഞ്ഞതും സ്വര്‍ണവിപണിയെ സ്വാധീനിച്ചു. ഇവയെല്ലാം ചേര്‍ന്നാണ് സ്വര്‍ണവില വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്.

സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെ എത്തുമോ എന്ന ചോദ്യം ഉയരുമ്പോഴാണ് യുഎസ് തെരഞ്ഞെടുപ്പ് ഫലം വിപണിയെ മാറ്റിമറിച്ചത്. ദീപാവലി അടുത് വേളയില്‍ ഇനിയും വില ഉയരുമോ എന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്. വിലക്കയറ്റം വ്യാപാരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികളും. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും മറ്റ് നികുതികളും കൂട്ടിച്ചേര്‍ത്താല്‍ 1,16,003 രൂപയെങ്കിലും നല്‍കേണ്ടിവരും.