image

25 Feb 2026 11:56 AM IST

Gold

സ്വർണം, വെള്ളി; വിലയേറിയ ലോഹങ്ങൾ കുതിപ്പ് തുടരുമോ?

MyFin Desk

gold and silver, will precious metals continue to surge
X

Summary

ജനുവരി അവസാന വാരത്തിന് ശേഷം ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ച് സ്വർണ വില. വെള്ളി, ഉൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങളിലും നേരിയ മുന്നേറ്റം. വീണ്ടും സ്വർണ വില ഉയരുമോ?


സ്വ‍ർണ വില വീണ്ടും ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ്. വെള്ളി വിലയിലും മുന്നേറ്റമുണ്ട്. വിലയേറിയ ലോഹങ്ങളുടെ വില ഒരു കറക്ഷന് ശേഷം വീണ്ടും ഉയരുന്നത് എന്തുകൊണ്ടാണ്? സ്വർണ വിലയിലെ മുന്നേറ്റം വീണ്ടും തുടരുമോ?

യുഎസ് തീരുവ നിരക്കിലെ മാറ്റങ്ങൾ, പണപ്പെരുപ്പ ഡാറ്റ, ഡോളറിന്റെ ഇടിവ് എന്നിവയാണ് മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് സ്വ‍ർണ വില ഉൾപ്പെടെ ഇപ്പോൾ ഉയരാൻ കാരണം. യുഎസ് പലിശ നിരക്ക് , ആ​ഗോള വിപണി സാഹചര്യങ്ങൾ എന്നിവ വീണ്ടും സ്വ‍ർണം, വെള്ളി വിലയേയും മറ്റ് വിലയേറിയ ലോഹങ്ങളുടെ വിലയേയും സ്വാധീനിക്കും.

യുഎസ് ഇറാൻ സംഘർഷം നിർണായകമാകും

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത ഇല്ലെന്നതും യുഎസ് ഇറാൻ സംഘ‍ർഷം കടുക്കാനുള്ള സാധ്യതകളും നിക്ഷേപകരുടെ ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വെള്ളി തുടങ്ങിയ ലോഹങ്ങളിലേക്ക് നിക്ഷേപകർ വീണ്ടും തിരിഞ്ഞിരിക്കുകയാണ്.

ആഗോള വിപണികളിലെ അനിശ്ചിതത്വം തന്നെയാണ് പൊടുന്നനെ സ്വർണ വില ഉൾപ്പെടെ ഉയരാൻ കാരണം. ഡോളർ വീണ്ടും ദുർബലമായാൽ വിലയേറിയ ലോഹങ്ങളിൽ വീണ്ടും റാലി പ്രതീക്ഷിക്കാം.

ട്രോയ് ഔൺസ് വില ഉയരുന്നു

തിങ്കളാഴ്ച സ്വർണ്ണ വില മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. സ്പോട്ട് ഗോൾഡ് വില 0.6 ശതമാനം ഉയർന്ന് ഔൺസിന് 5,136.22 ഡോളറിലെത്തി. ബുധനാഴ്ച രാവിലെ 5188 ഡോളറിലാണ് വ്യാപാരം. ജനുവരി 30 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് വില ഉയർന്നിരിക്കുകയാണ്.

യുഎസ് സുപ്രീം കോടതി ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് തീരുമാനങ്ങൾക്ക് എതിരായ വിധി പുറപ്പെടുവിച്ചതാണ് പോയ വാരം ഏറ്റവും ശ്രദ്ധേയമായത്. അടിയന്തര സാമ്പത്തിക നിയമം ഉപയോ​ഗിച്ച് വിവിധ രാജ്യങ്ങൾക്ക് ചുമത്തിയ തീരുവ പ്രസിഡൻ്റിൻ്റെ അധികാര പരിധിയിൽ വരുന്നതല്ല എന്നതായിരുന്നു കോടതി നിരീക്ഷണം. ഇത് ആഗോള വിപണികളിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. വാൾസ്ട്രീറ്റ് ഫ്യൂച്ചറുകൾ ഇടിഞ്ഞു. യുഎസ് ഡോള‍ർ ദുർബലമാകാനും കാരണമായി. ഇതാണ് വിലയേറിയ ലോഹങ്ങളുടെ വിലയിലെ മുന്നേറ്റത്തിലേക്ക് നയിച്ചത്. ആഗോള വിപണി സാഹചര്യങ്ങളും യുഎസ് ഡോളറിൻ്റെ ദുർബലതയും വീണ്ടും സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങളുടെ താൽക്കാലിക മുന്നേറ്റത്തിന് കാരണമാകാം.