image

4 Nov 2026 3:47 PM IST

Gold

ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിന് കനത്ത തിരിച്ചടി, കത്തിക്കയറി സ്വര്‍ണവില, ഇനി വിലകുറയുമോ?

MyFin Desk

ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിന് കനത്ത തിരിച്ചടി,  കത്തിക്കയറി സ്വര്‍ണവില, ഇനി വിലകുറയുമോ?
X

Summary

യുഎസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ നേട്ടം കൈവരിച്ചതിന് പിന്നാലെ, രാവിലെ ഔണ്‍സിന് 3,937 ഡോളറായിരുന്ന സ്വര്‍ണവില 4,000 ഡോളര്‍ കടന്നു കുതിച്ചു


യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ നേട്ടമുണ്ടാക്കിയതിന് പിന്നാലെ സ്വര്‍ണവില കുതിച്ചുയര്‍ന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,090 രൂപയിലും പവന് വില 1,04,720 രൂപയിലുമെത്തി. രാവിലെ നിലനിന്ന നിരക്കില്‍നിന്ന് ഉച്ചയോടെ ഉണ്ടായ വന്‍കുതിപ്പ് ആഭരണം വാങ്ങാനൊരുങ്ങിയവര്‍ക്ക് കനത്ത തിരിച്ചടിയായി. രാവിലെ സ്വര്‍ണത്തിന് 200 രൂപ വര്‍ദ്ധിച്ചിരുന്നു.

ദീപാവലിയോടനുബന്ധിച്ച് ആഭരണവിപണിയില്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിലവര്‍ധന. ഉത്സവകാല വാങ്ങലുകളെ ഉയര്‍ന്ന നിരക്ക് ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരമേഖല. വിവാഹാവശ്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിട്ടവരുടെ ചെലവും ഇതോടെ ഉയരും. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയില്‍ മാറ്റമില്ല; ഗ്രാമിന് 200 രൂപയാണ് നിരക്ക്.

അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലക്കുതിപ്പാണ് സംസ്ഥാനത്തെ ഉച്ചനിരക്കിലും പ്രതിഫലിച്ചത്. യുഎസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ നേട്ടം കൈവരിച്ചതിന് പിന്നാലെ, രാവിലെ ഔണ്‍സിന് 3,937 ഡോളറായിരുന്ന സ്വര്‍ണവില 4,000 ഡോളര്‍ കടന്നു കുതിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഔണ്‍സിന് 72 ഡോളറിന്റെ വര്‍ധനയാണുണ്ടായത്. ആഗോള വിപണിയിലെ ഈ മുന്നേറ്റത്തിന് പിന്നാലെയാണ് ആഭ്യന്തര വിപണിയിലും വില കുത്തനെ ഉയര്‍ന്നത്.

ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും യുഎസ് ട്രഷറി ബോണ്ട് വിപണിയിലെ തകര്‍ച്ചയും സ്വര്‍ണവിലയുടെ മുന്നേറ്റത്തിന് കാരണമായി. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുള്ള അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ഉത്സവകാല ആവശ്യകതയ്‌ക്കൊപ്പം ആഗോള വിപണിയിലെ അനിശ്ചിതത്വവും തുടരുന്നതിനാല്‍, തുടര്‍ന്നുള്ള വിലമാറ്റങ്ങള്‍ ഉറ്റുനോക്കുകയാണ് ഉപഭോക്താക്കളും വ്യാപാരികളും.