image

2 Feb 2026 10:09 AM IST

Gold

Gold rate today: സ്വർണവിലയിൽ കുത്തനെ ഇടിവ്:പവന് 6640 രൂപ കുറഞ്ഞു

MyFin Desk

Gold rate today: സ്വർണവിലയിൽ കുത്തനെ ഇടിവ്:പവന് 6640 രൂപ കുറഞ്ഞു
X

Summary

രാജ്യാന്തര വിപണിയിലെ വൻ ഇടിവും ശക്തമായ ഡോളറും ആഭ്യന്തര സ്വർണവിലയെ താഴേക്ക് വലിച്ചു


സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് 6,640 രൂപ കുറഞ്ഞതോടെ കേരളത്തിലെ സ്വർണവില 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയാണ് ഇന്നത്തെ നിരക്ക്. ജനുവരി 29ന് വൈകീട്ട് ആരംഭിച്ച വിലയിടിവ് ഇന്നും തുടർന്നിരിക്കുകയാണ്.

ജനുവരി 29ന് രാവിലെയാണ് കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡ് ഉയരത്തിലെത്തിയത്. അന്നേദിവസം പവന് 1,31,160 രൂപയായിരുന്നു വില. എന്നാൽ പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില കുത്തനെ ഇടിഞ്ഞു. അടുത്ത ദിവസം രണ്ട് ഘട്ടങ്ങളിലായി 6,280 രൂപ കുറഞ്ഞു. അതിന് പിന്നാലെ 6,320 രൂപയും ഇന്ന് 6,640 രൂപയും കുറഞ്ഞതോടെ നാല് ദിവസത്തിനിടെ ആകെ 20,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തിങ്കളാഴ്ച രാജ്യാന്തര സ്വർണവിലയിൽ ഏകദേശം 1.50 ശതമാനം ഇടിവുണ്ടായി. നിലവിൽ ട്രോയ് ഔൺസിന് 4,650 ഡോളറിലാണ് സ്വർണവില വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച 4,889 ഡോളറിലായിരുന്നു ക്ലോസിങ്, എന്നാൽ ഇന്ന് 200 ഡോളറിന് മുകളിലുള്ള ഇടിവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച സ്വർണവില 5,594.82 ഡോളർ വരെ എത്തിയിരുന്നു.

ശക്തമായ ഡോളറും പുതിയ ഫെഡ് ചെയർമാന്റെ പണനയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് സ്വർണത്തിന് തിരിച്ചടിയായത്. കെവിൻ വാർഷ് പലിശനിരക്കുകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷ ഡോളറിനെ കൂടുതൽ ശക്തിപ്പെടുത്തി. ഡോളർ സൂചിക ഒരു ശതമാനം ഉയർന്ന് 97.22 എന്ന നിലയിലെത്തി. ഇതോടെ ഡോളറിൽ വ്യാപാരം നടത്തുന്ന സ്വർണത്തിന്റെ ആവശ്യകത കുറയുകയായിരുന്നു.

അതേസമയം, വെള്ളിവിലയിൽ നേരിയ മുന്നേറ്റമുണ്ടായി. മൂന്നാഴ്ചയിലെ താഴ്ന്ന നിലയിൽ എത്തിയതിന് ശേഷം വെള്ളി 1.60 ശതമാനം ഉയർന്ന് 85.98 ഡോളറിലെത്തി. വ്യാഴാഴ്ച വെള്ളിവില 121.64 ഡോളറിലായിരുന്നു.