image

25 May 2023 12:15 PM GMT

Market

കുരുമുളക് പിടിക്കാന്‍ ഇറക്കുമതി ലോബിയും, ഗന്ധം മങ്ങുന്ന സുഗന്ധ വിളകള്‍

Kochi Bureau

കുരുമുളക് പിടിക്കാന്‍ ഇറക്കുമതി ലോബിയും, ഗന്ധം മങ്ങുന്ന സുഗന്ധ വിളകള്‍
X

Summary

  • ജാതിക്ക, ജാതിപത്രി തുടങ്ങിയവയ്ക്ക് വില ഇടിവ്


ദക്ഷിണേന്ത്യന്‍ വിപണികളില്‍ നിന്നും കുരുമുളക് സംഭരണത്തിന് അന്തര്‍സംസ്ഥാന വ്യാപാരികള്‍ ഉത്സാഹം കാണിച്ചത് കണ്ട് ഇറക്കുമതി ലോബിയും രംഗത്ത് ഇറങ്ങി. വിയറ്റ്നാം, ബ്രസീല്‍ എന്നിവടങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച മുളക് നാടന്‍ ചരക്കുമായി കലര്‍ത്തിയാണ് അവര്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. മുഖ്യ വിപണികളില്‍ ഉത്പന്ന വില നിത്യേന ഉയരുന്നതിനൊത്ത് സ്റ്റോക്ക് ഇറക്കി അധിക ലാഭം സ്വന്തമാക്കുകയാണവര്‍. അതേ സമയം കലര്‍പ്പുള്ള കുരുമുളക് സംഭരണത്തില്‍ നിന്നും പല കയറ്റുമതി സ്ഥാപനങ്ങളും പിന്നോക്കം വലിയുകയാണ്. ഹൈറേഞ്ച് കുരുമുളക് മാത്രമാണ് കയറ്റുമതി മേഖല ശേഖരിക്കുന്നത്. ഇറക്കുമതി ചരക്ക് വരവ് ഉയര്‍ന്നാല്‍ ഉത്പന്ന വിലയെ അത് ബാധിക്കാന്‍ ഇടയുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 100 രൂപ ഉയര്‍ന്ന് 50,300 രൂപയായി.

ഗന്ധം മങ്ങുന്ന സുഗന്ധ വിളകള്‍

ജാതിക്ക

ജാതിക്ക, ജാതിപത്രി തുടങ്ങിയവയ്ക്ക് വില ഇടിവ്. ഉത്തരേന്ത്യയില്‍ നിന്നുള്ള വന്‍കിട കറിമസാല നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം ചില ഔഷധ വ്യവസായികളും വില ഇടിവ് കണ്ട് ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. കര്‍ഷകര്‍ പുതിയ ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കാന്‍ മധ്യകേരളത്തിലെ വിപണികളിലേയ്ക്ക് തിരിഞ്ഞ തക്കത്തിനാണ് വാങ്ങലുകാര്‍ സംഘടിതരായി നിരക്ക് ഇടിച്ചത്.

തേട്ടങ്ങളില്‍ നിന്നും മൊത്തമായി വിളവെടുക്കുന്ന മധ്യവര്‍ത്തികള്‍ ജാതിക്ക വില്‍പ്പനയ്ക്ക് തിടുക്കം കാണിക്കുന്നില്ല. സീസണിലെ വില്‍പ്പന സമ്മര്‍ദ്ദത്തിന് ശേഷം ചരക്ക് വിപണിയില്‍ എത്തിക്കാമെന്ന നിലപാടിലാണവര്‍. ഇതിനിടയില്‍ അറബ് രാജ്യങ്ങളുമായി കച്ചവടങ്ങള്‍ ഉറപ്പിച്ച കയറ്റുമതിക്കാരും രംഗത്ത് എത്തി. ജാതിക്ക, ജാതിപരിപ്പ്, ജാതിപത്രി, ജാതിക്ക ഫ്‌ളവര്‍ തുടങ്ങിവയില്‍ അവര്‍ താല്‍പര്യം കാണിച്ചു. ജാതിക്ക തൊണ്ടന്‍ കിലോ 250 രൂപയിലും പരിപ്പ് ൪൬൦ രൂപയിലും വിപണനം നടന്നു.

ഏലം

ഏലക്ക ശേഖരിക്കാന്‍ ഇടപാടുകാര്‍ ഉത്സാഹിച്ചിട്ടും ശരാശരി ഇനങ്ങളുടെ വില കുമളി ലേലത്തില്‍ കിലോ 1026 രൂപയില്‍ പിടിച്ചു നിര്‍ത്തി. മൊത്തം വരവ് 44,322 കിലോയില്‍ ഒതുങ്ങിയിട്ടും വിറ്റഴിച്ചത് 40,145 കിലോ ചരക്ക് മാത്രമായിരുന്നു. വിദേശ ഇടപാടുകാര്‍ക്ക് ഒപ്പം ആഭ്യന്തര വാങ്ങലുകാരും ഏലക്ക ശേഖരിക്കുന്നുണ്ട്. മികച്ചയിനങ്ങള്‍ കിലോ 1582 രൂപയില്‍ ലേലം നടന്നു.

പിടിതരാതെ റബര്‍

വിദേശ വിപണികളില്‍ റബര്‍ അവധി നിരക്കുകളില്‍ അനുഭവപ്പെട്ട ചാഞ്ചാട്ടവും വില്‍പ്പന സമ്മര്‍ദ്ദവും മുന്‍ നിര്‍ത്തി നിക്ഷേപകര്‍ രംഗത്ത് നിന്നും അല്‍പ്പം പിന്‍വലിഞ്ഞ തക്കത്തിന് ഷീറ്റ് വില ഇടിക്കാന്‍ ടയര്‍ ലോബി ലോബി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ശ്രമം നടത്തി. നാലാം ഗ്രേഡ് റബര്‍ വില 160 ല്‍ നിന്നും 159 ലേയ്ക്ക് വ്യവസാകയികള്‍ താഴ്ത്തിയെങ്കിലും സ്റ്റോക്കിസ്റ്റുകളും കര്‍ഷകരും വിപണിയില്‍ നിന്നും പുര്‍ണമായി അകന്ന് നിന്നതിനാല്‍ വാങ്ങലുകാരുടെ കണക്ക് കൂട്ടലിന് ഒത്ത് വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടില്ല.



Looker StudioLooker Studio