28 Dec 2025 3:18 PM IST
Coal India:വരുന്നു വമ്പന്‍ സര്‍ക്കാര്‍ ഐപിഒ; കോള്‍ ഇന്ത്യയുടെ 8 കമ്പനികള്‍ വിപണിയിലേക്ക്
MyFin Desk
Summary
പൊതുമേഖലാ സ്ഥാപനങ്ങളിലെ സുതാര്യത വര്‍ദ്ധിപ്പിക്കാനും ആസ്തികളിലൂടെ കൂടുതല്‍ മൂല്യം കണ്ടെത്താനുമാണ് ഈ നടപടി
കോള്‍ ഇന്ത്യയുടെ ഉപകമ്പനികളെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം. 8 കമ്പനികളുടെ ലിസ്റ്റിങ് 2030ഓടെ പൂര്‍ത്തിയാക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശം. പൊതുമേഖലാ സ്ഥാപനങ്ങളിലെ സുതാര്യത വര്‍ദ്ധിപ്പിക്കാനും ആസ്തികളിലൂടെ കൂടുതല്‍ മൂല്യം കണ്ടെത്താനുമാണ് ഈ നടപടി.
കോള്‍ ഇന്ത്യയ്ക്ക് നിലവില്‍ എട്ട് ഉപകമ്പനികളാണുള്ളത്. ഈ എട്ട് കമ്പനികളെയും ഘട്ടം ഘട്ടമായി 2030-ഓടെ വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് പി.എം.ഒ കല്‍ക്കരി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഈ നീക്കത്തിന്റെ ആദ്യ ഘട്ടമായി ഭാരത് കോക്കിംഗ് കോള്‍ ലിമിറ്റഡ് , സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഐപിഒകള്‍ 2026 മാര്‍ച്ചോടെ പ്രതീക്ഷിക്കാം. ഇതിനായുള്ള പ്രാഥമിക രേഖകള്‍ ഇതിനകം തന്നെ സെബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കോള്‍ ഇന്ത്യയുടെ ഏറ്റവും ലാഭകരമായ ഉപകമ്പനിയായ മഹാനദി കോള്‍ഫീല്‍ഡ്‌സ്, സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് എന്നിവയെ അടുത്ത സാമ്പത്തിക വര്‍ഷം ലിസ്റ്റ് ചെയ്യാന്‍ കോള്‍ ഇന്ത്യ ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.
സര്‍ക്കാരിന്റെ ആസ്തി വില്പനയിലൂടെ പണം കണ്ടെത്തുക എന്നതിലുപരി, ഓരോ കമ്പനിയുടെയും പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാനും ഓഹരി നിക്ഷേപകര്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാനുമാണ് ഈ തീരുമാനം. കോള്‍ ഇന്ത്യയുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം നല്‍കുന്നത് ഈ ഉപകമ്പനികളാണ്. ഇവ വിപണിയിലെത്തുന്നത് മാതൃകമ്പനിയായ കോള്‍ ഇന്ത്യയുടെ ഓഹരി വിലയെയും പോസിറ്റീവായി ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
പഠിക്കാം & സമ്പാദിക്കാം
Home
