image

19 Nov 2026 11:33 AM IST

IPO

ചരിത്രം കുറിച്ച് ആന്ത്രോപിക്; ലോകത്തിലെ ഏറ്റവും വലിയ ഐപിഒ, ഇന്ത്യന്‍ വിപണിയിലും ചലനം!

MyFin Desk

anthropic ipo stuns, $107 billion raised, ripples felt in the indian market too
X

Summary

ആന്ത്രോപിക് ഐപിഒയെതുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഹ്രസ്വകാലത്തേക്ക് ഇന്ത്യന്‍ ഓഹരികള്‍ വിറ്റേക്കാം. എങ്കിലും നാസ്ഡാക് ഉയര്‍ന്നാല്‍ അതിന്റെ പോസിറ്റീവ് എഫക്ട് നിഫ്റ്റിയിലും സെന്‍സെക്‌സിലും പ്രതിഫലിക്കും


എഐ ലോകത്ത് പിറന്നത് വന്‍ ചരിത്രം! ക്ലോഡ് ചാറ്റ്‌ബോട്ടിന്റെ നിര്‍മ്മാതാക്കളായ ആന്ത്രോപിക് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ നടത്തി. കമ്പനിയും 7 സഹസ്ഥാപകരും ചേര്‍ന്ന് ആകെ 107.3 ബില്യണ്‍ ഡോളറാണ് സ്വരൂപിച്ചത്. ഒരു ഫ്രോണ്ടിയര്‍ എഐ ലാബ് പൊതുവിപണിയില്‍ എത്തുന്നത് ഇതാദ്യമാണ്. ഇതോടെ എഐ യുഗത്തില്‍ പുതിയ അധ്യായത്തിന് തുടക്കമായി.

വിലയില്‍ റെക്കോര്‍ഡ്!

ആന്ത്രോപിക് ഓരോ ഓഹരിക്കും 83 ഡോളര്‍ വച്ചാണ് വില നിശ്ചയിച്ചത്. ആദ്യം പ്രതീക്ഷിച്ചത് 70 മുതല്‍ 78 ഡോളര്‍ വരെയായിരുന്നു. എന്നാല്‍ ഡിമാന്‍ഡ് കൂടിയതോടെ വില ഉയര്‍ന്നു. കമ്പനി 956.4 ദശലക്ഷം ഓഹരികളും സഹസ്ഥാപകര്‍ 23.6 ദശലക്ഷം ഓഹരികളും വിറ്റു. ഐപിഒയില്‍ നിന്ന് മാത്രം 81.3 ബില്യണ്‍ ഡോളര്‍ ലഭിച്ചു. ജൂണില്‍ 75 ബില്യണ്‍ ഡോളര്‍ നേടിയ സ്‌പേസ് എക്‌സിന്റെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്.

കമ്പനിയുടെ മൊത്തം മൂല്യം 1.5 ട്രില്യണ്‍ ഡോളര്‍

83 ഡോളര്‍ വിലയില്‍ കമ്പനിയുടെ മൊത്തം മൂല്യം 1.5 ട്രില്യണ്‍ ഡോളറായി. ഐപിഒ ക്ക് പുറമെ 26 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ പ്ലേസ്‌മെന്റും നടക്കുന്നു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എഎംഡി തുടങ്ങിയ വമ്പന്മാരാണ് ഇതില്‍ പങ്കാളികള്‍. ജപ്പാനിലെ നിക്ഷേപകരില്‍ നിന്ന് മാത്രം 3 ബില്യണ്‍ ഡോളര്‍ ലഭിച്ചു. നവംബര്‍ 19 ന് ( ഇന്ന്) നാസ്ഡാക്കില്‍ എഎന്‍ടി എന്ന പേരില്‍ ഓഹരികള്‍ ട്രേഡിംഗ് തുടങ്ങും.

എന്തുകൊണ്ട് ഇത് പ്രധാനം?

ഇതുവരെ നിക്ഷേപകര്‍ ചിപ്പ് കമ്പനികളില്‍ മാത്രമായിരുന്നു ശ്രദ്ധിച്ചത്. ഇനി ശ്രദ്ധ എഐ പ്ലാറ്റ്‌ഫോം കമ്പനികളിലേക്ക് മാറുകയാണ്. ക്ലോഡ് പോലുള്ള എഐ പ്ലാറ്റ്‌ഫോമുകള്‍ വ്യാപാരത്തിലും സര്‍ക്കാരിലും ആരോഗ്യരംഗത്തും വ്യാപിക്കുകയാണ്. അതുകൊണ്ട് തന്നെ ആന്ത്രോപിക്കിന്റെ ഈ അരങ്ങേറ്റം ലോക വിപണിയെ തന്നെ മാറ്റിമറിക്കും.

ഇന്ത്യന്‍ വിപണിയെ എങ്ങനെ ബാധിക്കും?

ആന്ത്രോപിക്കിന്റെ വന്‍ ഐപിഒ ഇന്ത്യന്‍ ഓഹരി വിപണിക്കും ഗുണകരമാകും. എഐ കമ്പനികളോടുള്ള നിക്ഷേപകരുടെ വിശ്വാസം കൂടിയതോടെ Infosys, TCS, Wipro, HCLTech പോലുള്ള ഇന്ത്യന്‍ എടി ഓഹരികള്‍ക്ക് കുതിപ്പുണ്ടാകാം. എഐ സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുന്നത് ഇന്ത്യന്‍ എഐ കമ്പനികള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ നേടിക്കൊടുക്കും. അതേസമയം 107.3 ബില്യണ്‍ ഡോളര്‍ അമേരിക്കന്‍ ഐപിഒ യിലേക്ക് പോകുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ ഹ്രസ്വകാലത്തേക്ക് ഇന്ത്യന്‍ ഓഹരികള്‍ വിറ്റേക്കാം. എങ്കിലും നാസ്ഡാക് ഉയര്‍ന്നാല്‍ അതിന്റെ പോസിറ്റീവ് എഫക്ട് നിഫ്റ്റിയിലും സെന്‍സെക്‌സിലും പ്രതിഫലിക്കും. ദീര്‍ഘകാലത്തില്‍ എഐ ബൂം ഇന്ത്യന്‍ ടെക് മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.