19 Jun 2026 4:00 PM IST
Summary
പത്ത് രൂപ മുഖവിലയുള്ള 270 ദശലക്ഷം വരെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യു ഐപിഒയില്‍ ഉള്‍പ്പെടുമെന്ന് ജിയോ
ഇന്ത്യന്‍ വിപണി ഏറെ നാളായി കാത്തിരുന്ന വാര്‍ത്ത സ്ഥിരീകരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിനായുള്ള (ഐപിഒ) നടപടികള്‍ ആരംഭിച്ചതായും, ഇതിനായുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സെബിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. റിലയന്‍സിന്റെ 49-ാമത് വാര്‍ഷിക പൊതുയോഗത്തിലായിരുന്നു സുപ്രധാന പ്രഖ്യാപനം. ഐപിഒ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ആകാശ്, ഇഷ, അനന്ത് അംബാനി എന്നിവരടങ്ങുന്ന അടുത്ത തലമുറയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സാങ്കേതിക ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ ലിസ്റ്റിംഗ് എന്ന് അംബാനി വിശേഷിപ്പിച്ചു. ആഗോളതലത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ള ടെക് കമ്പനികളെ കെട്ടിപ്പടുക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പത്ത് രൂപ മുഖവിലയുള്ള 270 ദശലക്ഷം വരെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യു ഐപിഒയില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മൂലധന വിപണിയിലെ ഏറ്റവും വലിയ പൊതു ഇഷ്യുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
സാങ്കേതിക മേഖലയിലെ ജിയോയുടെ വളര്‍ച്ചയും അംബാനി എടുത്തുപറഞ്ഞു. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, നവീകരണത്തിന്റെ കാര്യത്തില്‍ ലോകത്തെ ആദ്യ 20 സ്ഥാനങ്ങളിലേക്ക് ജിയോ ഉയര്‍ന്നു. 340-ാം റാങ്കില്‍ നിന്ന് 20-ാം റാങ്കിലേക്കുള്ള ഈ കുതിപ്പ് നിരവധി ആഗോള ടെക് ഭീമന്മാരെ പിന്നിലാക്കി കൊണ്ടാണ്. നിലവില്‍ 524 ദശലക്ഷത്തിലധികം വരിക്കാരുള്ള ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി തുടരുകയാണ്. ഇതില്‍ 268 ദശലക്ഷം ഉപയോക്താക്കള്‍ ജിയോയുടെ 5ജി നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തമായ സാമ്പത്തിക അടിത്തറയാണ് ഐപിഒയിലേക്ക് നീങ്ങുന്ന ജിയോയ്ക്ക് കരുത്തേകുന്നത്. നാലാം പാദത്തില്‍ 7,935 കോടി രൂപയുടെ അറ്റാദായം കമ്പനി റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തനം വഴിയുള്ള വരുമാനം 38,259 കോടി രൂപയായി വര്‍ധിച്ചത് വിപണിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
