image

17 April 2024 10:35 AM GMT

IPO

ജെഎൻകെ ഇന്ത്യ ഐപിഒ ഏപ്രിൽ 23-25 വരെ

MyFin Desk

jnk indias ipo on april 23
X

Summary

  • ഓഹരികൾ ഏപ്രിൽ 30-ന് ലിസ്റ്റ് ചെയ്യും
  • ഓഹരികളുടെ അലോട്ട്‌മെൻ്റ് 26-ന് പൂർത്തിയാവും
  • ഐപിഒ പ്രൈസ് ബാൻഡുകൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല


പ്രോസസ്-ഫയർഡ് ഹീറ്ററുകൾ, ക്രാക്കിംഗ് ഫർണസുകൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജെഎൻകെ ഇന്ത്യയുടെ ഐപിഒ ഏപ്രിൽ 23-ന് ആരംഭിക്കും. ഇഷ്യൂവിൽ 300 കോടി രൂപയുടെ പുതിയ ഓഹരികളും 84 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു.

ഗൗതം രാംപെല്ലിയുടെ 11.2 ലക്ഷം ഓഹരികളും ജെഎൻകെ ഗ്ലോബലിൻ്റെ 24.3 ലക്ഷം ഓഹരികളും മാസ്‌കോട്ട് ക്യാപിറ്റലിൻ്റെ 44 ലക്ഷം ഓഹരികളും മിലിന്ദ് ജോഷിയുടെ 4.68 ലക്ഷം ഓഹരികളാണ് ഓഫർ ഫോർ സയിൽ വഴി വിൽക്കുന്നത്.

മാസ്‌കോട്ട് ക്യാപിറ്റൽ ആൻഡ് മാർക്കറ്റിംഗ്, ജെഎൻകെ ഹീറ്റേഴ്‌സ്, അരവിന്ദ് കാമത്ത്, ഗൗതം രാംപെല്ലി, ദീപക് കചരുലാൽ ഭരുക എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂ ഏപ്രിൽ 25-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 26-ന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 30-ന് ലിസ്റ്റ് ചെയ്യും.

ജെഎൻകെ ഇന്ത്യയുടെ ഐപിഒ പ്രൈസ് ബാൻഡുകൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും.

2010-ൽ സ്ഥാപിതമായ ജെ എൻ കെ ഇന്ത്യ പ്രോസസ്-ഫയർഡ് ഹീറ്ററുകൾ, ക്രാക്കിംഗ് ഫർണസുകൾ എന്നിവയുടെ രൂപകൽപ്പന, നിർമ്മാണം, വിതരണം, ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്.

ആന്ധ്രാപ്രദേശ്, അസം, ബിഹാർ, കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കമ്പനി പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. നൈജീരിയയിലും മെക്‌സിക്കോയിലും ഉൾപ്പെടെ ആഗോളതലത്തിലും കമ്പനി സാനിധ്യം അറിയിച്ചിട്ടുണ്ട്. കമ്പനി ഇന്ത്യയിലെ 17-ലധികം ഉപഭോക്താക്കൾക്കും വിദേശത്തുള്ള ഏഴ് ക്ലയൻ്റുകൾക്കും സേവനം നൽകിയിട്ടുണ്ട്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ടാറ്റ പ്രോജക്ട്‌സ്, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, നുമാലിഗഡ് റിഫൈനറി തുടങ്ങിയവ കമ്പനിയുടെ ഉപഭോക്താക്കളിൽപെടുന്ന ഇന്ത്യൻ കമ്പനികളാണ്.

കമ്പനിയിലെ എല്ലാ ഉത്പന്നങ്ങളും ഉപഭോക്താവിൻ്റെ ആവശ്യങ്ങൾക്കനുസരിച്ചും ബാധകമായ മാനദണ്ഡങ്ങൾക്കനുസൃതമായും നിർമ്മിക്കപ്പെടുന്നവയാണ്. ഇൻ-ഹൌസ് നിർമ്മാണ സൗകര്യങ്ങളിലും മൂന്നാം കക്ഷി വെണ്ടർമാർ വഴിയും നിർമ്മാണം നടക്കുന്നു. ഗുജറാത്തിലെ മുന്ദ്രയിലെ മൾട്ടി-പ്രൊഡക്‌ട് സ്‌പെഷ്യൽ ഇക്കണോമിക് സോണിലാണ് കമ്പനിയുടെ നിർമാണ യൂണിറ്റ്. ഇത് ഏകദേശം 20,243 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.

ഐഐഎഫ്എൽ സെക്യൂരിറ്റീസും ഐസിഐസിഐ സെക്യൂരിറ്റീസുമാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യയാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.