image

20 April 2024 6:40 AM GMT

IPO

പുതിയ റൈഡിന് ഒരുങ്ങി ഒല കാബ്‌സ്; ഐപിഒയിലൂടെ 500 ദശലക്ഷം ഡോളര്‍ സമാഹരിക്കും

MyFin Desk

Ola IPO in three months, targets $500 million
X

Summary

  • ഏകദേശം 40,000 കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന കമ്പനിയാണ് ഒല കാബ്‌സ്
  • മൂന്ന് മാസത്തിനുള്ളില്‍ ഐപിഒ
  • കമ്പനിയുടെ സ്ഥാപകന്‍ ഭവീഷ് അഗര്‍വാളാണ്


ഐപിഒയിലൂടെ ഒല കാബ്‌സ് 4000 കോടി രൂപ (500 ദശലക്ഷം ഡോളര്‍ ) സമാഹരിക്കാനൊരുങ്ങുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഐപിഒ നടക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 40,000 കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന കമ്പനിയാണ് ഒല കാബ്‌സ്.

ഇന്ത്യയില്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിക്ക് (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഇതു സംബന്ധിച്ച അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ ഒല പദ്ധതിയിടുകയാണെന്നും റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഗോള്‍ഡ്മാന്‍ സാക്‌സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി, കൊട്ടക്, ആക്‌സിസ് എന്നിവയുള്‍പ്പെടെയുള്ള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുമായി ഓല ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഐപിഒ അഡൈ്വസര്‍മാരെ ഒരു മാസത്തിനുള്ളില്‍ നിയമിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഓണ്‍ലൈന്‍ ഗതാഗത നെറ്റ് വര്‍ക്ക് സംവിധാനമാണ് ഒല കാബ്‌സ്. 2010 ഡിസംബറില്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച കമ്പനിയുടെ സ്ഥാപകന്‍ ഭവീഷ് അഗര്‍വാളാണ്.

രാജ്യത്തെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ സിഇഒയും ഭവീഷ് അഗര്‍വാളാണ്.

രണ്ടാം തവണ

2021-ല്‍ 8300 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാന്‍ ഒല കാബ്‌സ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ ശ്രമം റദ്ദാക്കിയിരുന്നു. 2021-ല്‍ കമ്പനിക്ക് കണക്കാക്കിയിരുന്ന മൂല്യം 58,300 കോടി രൂപയായിരുന്നു. ഇത് രണ്ടാം തവണയാണ് കമ്പനി ഐപിഒയ്ക്ക് തയാറെടുക്കുന്നത്.