image

7 May 2024 2:20 AM GMT

Market

വിപണി നീക്കം റേഞ്ച് ബൗണ്ടില്‍

Joy Philip

domestic indices ended the trade with gains
X

Summary

  • യൂറോപ്യന്‍, യുഎസ് വിപണികള്‍ പോസീറ്റീവായിട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്


ലോകസഭാ തെരഞ്ഞെടുപ്പും അതിന്റെ ഫലങ്ങളുമാണ് ഇനി ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ സംഭവങ്ങള്‍. തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതനുസരിച്ച് പുറത്തുവരുന്ന വിശകലനങ്ങളും വിലയിരുത്തലുകളും വിപണിയില്‍ വന്യമായ വ്യതിയാനങ്ങള്‍ക്ക് വഴിയൊരുക്കും. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍. ഏഴുഘട്ട തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് ഇന്ന്.

പ്രധാനമായും ബിജെപിക്കു സ്വാധീനമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. രണ്ടു ഘട്ടങ്ങളിലായി 191 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. മൂന്നാം ഘട്ടത്തില്‍ ഗുജറാത്തിലെ 26 സൂറ്റുകളുള്‍പ്പെടെ 94 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നാലാം ഘട്ടം മേയ് 13-ന് ആണ്.

ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വിപണിയുടെ വിശ്വാസത്തിന് ഇനിയും ഇളക്കം തട്ടയിട്ടില്ലെന്ന സൂചനയാണ് മുന്‍വാരത്തിലെ വിപണിയുടെ പ്രകടനം സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 മേയ് മൂന്നിന് അമ്പത്തിരണ്ട് ആഴ്ചയിലെ ഏറ്റവും ഉയരത്തില്‍എത്തിയശേഷം രണ്ടു ദിവസമായി താഴ്ചയിലാണ്. മേയ് ആറിന് നിഫ്റ്റി 33 പോയിന്റെ കുറഞ്ഞ് 22443 പോയിന്റിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 22794 പോയിന്റ് വരെ നിഫ്റ്റി ഉയര്‍ന്നിരുന്നു.

ആഗോള വിപണികള്‍

ഇന്ത്യന്‍ വിപണി അടച്ചതിനുശേഷം ആരംഭിച്ച യൂറോപ്യന്‍, യുഎസ് വിപണികള്‍ പോസീറ്റീവായിട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഡൗ ജോണ്‍സ്176.59 പോയിന്റും നാസ്ഡാക് 192.92 പോയിന്റും എസ് ആന്‍ഡ് പി 50052.95 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. നാസ്ഡാക്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്‌സ് നേരിയ പോയിന്റ് കുറഞ്ഞാണെങ്കിലും ഡൗ ഫ്യൂച്ചേഴ്‌സ് 10 പോയിന്റ് മെച്ചപ്പെട്ടാണ് നില്‍ക്കുന്നത്. ജാപ്പനീസ് നിക്കി ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികള്‍ എല്ലാം മെച്ചപ്പെട്ടാണ് തുറന്നിട്ടുള്ളത്. നിക്കി 387 പോയിന്റും ഹാങ് സാങ് 102 പോയിന്റും കൊറിയന്‍ കോസ്പി 47 പോയിന്റും ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഇന്ത്യന്‍ വിപണിയെ പ്രതിഫലിപ്പിക്കുന്ന ഗിഫ്റ്റ് നിഫ്റ്റി ഫ്യൂച്ചേഴ്‌സ് 9 പോയിന്റ് താഴെയാണ്.

നിഫ്റ്റിക്ക് പിന്തുണ

ഇപ്പോഴത്തെ സാഹചര്യത്തില്‍ നിഫ്റ്റിക്ക് 22600-22650 തലത്തിലും തുടര്‍ന്ന് 22800 പോയിന്റിലും തടസങ്ങള്‍ പ്രതീക്ഷിക്കാം. തുടര്‍ന്നും മുന്നോട്ടു നീങ്ങുകയാണെങ്കില്‍ 23030- 23200 പോയിന്റ്ുവരെ എത്താം. താഴേയ്ക്കു നീങ്ങിയാല്‍ 22300 പോയിന്റിനു ചുറ്റളവില്‍ മോശമല്ലാത്ത പിന്തുണ പ്രതീക്ഷിക്കാം. 22300 പോയിന്റിനു താഴേയ്ക്കു നീങ്ങിയാല്‍, ചെറിയ സമയത്തേയ്ക്കങ്ക്ിലും വിപണി ദുര്‍ബലമായ അവസ്ഥയിലേക്കു നീങ്ങുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍.

എന്തായാലും വിപണി കണ്‍സോളിഡേഷന്‍ മൂഡിലാണ്. അതിലെ പ്രധാന കടമ്പകളാണ് 22600 പോയിന്റും 22300 പോയിന്റും. ചെറിയ കാലത്തേക്കെങ്കിലും റേഞ്ച് ബൗണ്ട് നീക്കമാണ് വിപണി കാണിക്കുന്നത്. പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സൂചനയുടെ ഏറ്റവും താഴ്ന്ന നിലയിലാണ്. എപ്പോള്‍ വേണമെങ്കിലും ന്യൂട്രല്‍ നിലയിലേക്ക് പ്രവേശിക്കമെന്ന സൂചനയാണ് പ്രതിദിന ചാര്‍ട്ടുകള്‍ നല്‍കുന്നത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30 താഴെയ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്. നിഫ്റ്റി ആര്‍ എസ്‌ഐ മേയ് ആറിന് 51-ലാണ്.

ഇന്ത്യ വിക്‌സ്

വിപണിയിലിപ്പോള്‍ വന്യമായ വ്യതിയാനം കൂടെക്കൂടെയുണ്ടാകുകയാണ്. ഇന്ത്യ വിക്‌സ് 16.6 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു.

വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്- കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് ആറിന് 0.85ലേക്ക് താഴ്ന്നിട്ടുണ്ട്. തലേ വ്യാപാരദിനത്തിലിത് 0.89 ആയിരുന്നു. പിസി ആര്‍ 0.7ന് മുകളിലേ്ക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട ഓപ്ഷന്‍ വില്‍ക്കപ്പെട്ടു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നുവെന്നാണ്. ഇതി ബെയറീഷ് ട്രെന്‍ഡിന്റെ സൂചനയാണ്.

സെന്റിമെന്റ് ബെയറീഷ്

വിപണിയുടെ പൊതു സെന്റിമെന്റ് തിങ്കളാഴ്ച ബെയറീഷ് ആയിരുന്നു. കൈമാറ്റം ചെയ്യപ്പെട്ട ഓഹരികളില്‍ 2726 എണ്ണം ചുവപ്പിലാണ് ക്ലോസ് ചെയ്തത്. നേട്ടമുണ്ടാക്കിയത് 1207 എണ്ണം മാത്രം.

കോടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ടൈറ്റന്‍, എച്ച് ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്യപ്പെട്ട ഓഹരികള്‍. തുടര്‍ച്ചയായി താഴേയ്ക്ക് നീങ്ങിയിരുന്ന കോട്ക് മഹീന്ദ്ര മികച്ച പ്രവര്‍ത്തനഫലത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച 5 ശതമാനത്തിലധികം നേട്ടം കൈവരിച്ചു. ടിസിഎസ് രണ്ടു ശതമാനവും എച്ച് യു എല്‍ 1.77 ശതമാനവും മഹീന്ദ്ര 1.46 ശതമാനവും നേട്ടമുണ്ടാക്കി.

അതേസമയം ജുന്‍ജുന്‍ വാല ഓഹരിയായ ടൈറ്റന്‍ 7.18 ശതമാനം ഇടിവോടെ 3280 രൂപയിലെത്തി. അഡാനി എന്റര്‍പ്രൈസസ് 3.96 ശതമാനവും ബിപിസിഎല്‍ 3.11 ശതമാനവും കോള്‍ ഇന്ത്യ 2.95 ശഥമാനവും എസ്ബിഐ 2.84 ശതമാനവും ഇടിവു കാണിച്ചു.

പ്രവര്‍ത്തനഫലങ്ങള്‍ ഇന്ന്

ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, പിബി ഫിന്‍ടെക്, ജെഎസ്ഡബ്ല്യു എനര്‍ജി, വോള്‍ട്ടാസ്, ഡെല്‍റ്റ കോര്‍പ്, ഗ്രാഫൈറ്റ് ഇന്ത്യ, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ജിന്‍ഡാല്‍ സോ, കെഇസി ഇന്റര്‍നാഷണല്‍, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നവിന്‍ ഫ്‌ലൂറിന്‍ ഇന്റര്‍നാഷണല്‍, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, യുണൈറ്റഡ് ബ്രൂവറീസ് തുടങ്ങിയ കമ്പനികള്‍ ഇന്ന് നാലാം ക്വാര്‍ട്ടര്‍ ഫലം പുറത്തുവിടും.

എഫ്‌ഐഐ ഇടപാട്

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മേയ് ആറിന് 2168.75 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ( ഡിഐഐ)781.39 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. മേയിലെ മൂന്നു വ്യാപാരദിനങ്ങളില്‍ എഫ്‌ഐഐ 5525 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്. ഈ കാലയളവില്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 2825 കോടി രൂപയുടെ നെറ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്.

കറന്‍സിയും കമോഡിറ്റിയും

ഡോളറുമായി രൂപയുടെ വിനിമയനിരക്ക് 83.47 ആണ്. തിങ്കളാഴ്ച് ഒരു ഡോളര്‍ ലഭിക്കുവാന്‍ 83.52 രൂപ നല്‍കണമായിരുന്നു. രൂപയ്ക്ക് നേരിയ ശക്തി ലഭിച്ചുവെങ്കിലും ദുര്‍ബലാവസ്ഥയില്‍തന്നെയാണ്.

ക്രൂഡോയില്‍ വില ബാരലിന് 0.38 ശതമാനം ഉയര്‍ന്ന് 78.78 ഡോളറിലാണ്. ബ്രെന്റ് വില 0.29 ശതമാനം ഉയര്‍ച്ചയോടെ 83.57 ഡോളറിലാണ്. ഇസ്രായേല്‍- ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ആയിട്ടില്ലെന്നതും റാഫ ഒഴിപ്പിക്കല്‍ ഇസ്രയേല്‍ ശക്തിപ്പെടുത്തിയതുമാണ് ക്രൂഡോയില്‍ വില മെച്ചപ്പെടുത്തിയത്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര സ്വര്‍ണവിലയും നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഔണ്‍സിന് 1.1 ഡോളര്‍ മെച്ചപ്പെട്ട് 2324.6 ഡോളറിലാണ് വില.