image

10 March 2023 11:15 AM GMT

Market

ഓണ വിപണി ലക്ഷ്യമിട്ട വാഴ കര്‍ഷകര്‍ക്ക് വില്ലനായി വേനല്‍

MyFin Bureau

commodities market update 10 03
X

Summary

  • നാളികേര മേഖലയില്‍ വീണ്ടും വിളവെടുപ്പ് ഊര്‍ജിതമായി, വിഷുവിന് മുന്നോടിയായി വില ഉയരുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകര്‍ വിളവെടുപ്പിലേയ്ക്ക് ശ്രദ്ധതിരിച്ചത്


വരള്‍ച്ച രൂക്ഷമായതോടെ കാര്‍ഷിക കേരളം കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് വഴുതുകയാണ്. ഓണ വില്‍പ്പന മുന്നില്‍ കണ്ട് വാഴ കൃഷിക്ക് ഇറങ്ങിയവരെ വരള്‍ച്ച കനത്ത സമ്മര്‍ദ്ദത്തിലാക്കി. പകല്‍ ചൂട് ഇനിയും കനത്താല്‍ വാഴത്തോട്ടങ്ങളുടെ നിലനില്‍പ്പും ഉത്പാദനവും കര്‍ഷകരുടെ കണക്ക് കൂട്ടല്‍ തെറ്റിക്കുന്നുമെന്ന അവസ്ഥയിലാണ്. കുളങ്ങളും കിണറുകളും വറ്റി തുടങ്ങിയതോടെ ജലസേചന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയിലാണ് ഗ്രാമീണ മേഖല.

സ്ഥിതിഗതികള്‍ വ്യക്തമായി മനസിലാക്കി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രദേശിക കൃഷി ഓഫീസര്‍മാര്‍ മുന്‍ പന്തിയിലുണ്ടെങ്കിലും സംസ്ഥാന കൃഷി വകുപ്പില്‍ നിന്നും വരള്‍ച്ചയെ മറികടക്കാനാവശ്യമായ നടപടികള്‍ക്ക് പച്ച കൊടി ഉയരാഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കും. ഈ അവസരത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഉത്സവ വേളയിലെ ആവശ്യങ്ങള്‍ക്കുള്ള പഴത്തിന്റെ വലിയൊരു പങ്ക് ഇവിടെ തന്നെ ഉത്പാദിപ്പിക്കാനാവും. കയറ്റുമതി വിപണിയിലും പഴങ്ങള്‍ക്ക് ശക്തമായ ഡിമാന്റുണ്ട്. കഴിഞ്ഞ വര്‍ഷം 1188 കോടി രൂപ വിലമതിക്കുന്ന പഴങ്ങാണ് കയറ്റുമതി നടത്തിയത്.

ഏലം വരവ് കുറഞ്ഞു

ഏലക്ക ലേലത്തില്‍ വീണ്ടും വരവ് ചുരുങ്ങി. സീസണ്‍ അവസാനിച്ച ആദ്യ മാസം ഉയര്‍ന്ന അളവില്‍ ചരക്ക് ലേലത്തിന് ഇറങ്ങിയെങ്കിലും ഇന്ന് ഇടുക്കിയില്‍ നടന്ന ലേലത്തില്‍ വരവ് ഗണ്യമായി കുറഞ്ഞു. കേവലം 38,778 കിലോ ഏലക്ക മാത്രമാണ് വില്‍പ്പനയ്ക്ക് വന്നത്. ഇതില്‍ 37,066 കിലോയും ഇടപാടുകാര്‍ കൊത്തിപെറുക്കി. മികച്ചയിനങ്ങള്‍ കിലോ 2356 രൂപയിലും ശരാശരി ഇനങ്ങള്‍ 1455 രൂപയ്ക്കും കൈമാറ്റം നടന്നു.

സജീവമായി നാളികേര വിപണി

നാളികേര മേഖലയില്‍ വീണ്ടും വിളവെടുപ്പ് ഊര്‍ജിതമായി, വിഷുവിന് മുന്നോടിയായി വില ഉയരുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകര്‍ വിളവെടുപ്പിലേയ്ക്ക് ശ്രദ്ധതിരിച്ചത്. ഇതിനിടയില്‍ കൊപ്ര സംഭരണത്തിന് തുടക്കം കുറിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും കേരളം ഇക്കാര്യത്തില്‍ നീക്കങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ല. കഴിഞ്ഞ സീസണില്‍ അരലക്ഷം ടണ്‍ കൊപ്ര സംഭരിക്കാന്‍ ഇറങ്ങിയ കേരളത്തില്‍ ആകെ 255 ടണ്‍ ചരക്ക് മാത്രം കര്‍ഷകരില്‍ നിന്നും ശേഖരിക്കാനായുള്ളു. സ്ഥിതിഗതികള്‍ വിലയിരുത്തിയാല്‍ അതിന്റെ തനി ആവര്‍ത്തനം മാത്രമാവും ഇക്കുറിയും പ്രതീക്ഷിക്കാനാവുക. കൃഷി വകുപ്പ് കര്‍ഷകരുടെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്ന തണുപ്പന്‍ മനോഭാവത്തില്‍ മാറ്റം വരുത്തിയാലെ കാര്‍ഷിക മേഖലയില്‍ ഉണര്‍വിന് അവസരം ലഭിക്കുകയുള്ളു.

വിലയിടിഞ്ഞ് റബര്‍

ഏഷ്യന്‍ റബര്‍ വിപണികളില്‍ അനുഭവപ്പെട്ട വില തകര്‍ച്ച മറയാക്കി ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ ആഭ്യന്തര വില കുറച്ചു. സംസ്ഥാനത്ത് റബര്‍ ക്ഷാമം രൂക്ഷമെങ്കിലും ഷീറ്റ് ക്ഷാമം വ്യവസായികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. നാലാം ഗ്രേഡ് 14,350 നാണ് ടയര്‍ കമ്പനികള്‍ ശേഖരിച്ചത്.