image

27 Jan 2023 7:06 AM GMT

Metals & Mining

പാദസരം മുതല്‍ സോളാര്‍ പാനല്‍ വരെ, വെള്ളി ഇറക്കുമതി റെക്കോഡിലേക്ക്

MyFin Desk

silver import growth
X


മുംബൈ: ഇന്ത്യ 2022 ല്‍ ഇറക്കുമതി ചെയ്തത് 9,450 ടണ്‍ വെള്ളി. വാര്‍ഷിക ഇറക്കുമതിയിലെ റെക്കോഡ് കണക്കാണിത്. 2015 ലെ 8,903 ടണ്ണിന്റെ റെക്കോഡ് ഇറക്കുമതിയാണ് 2022 ല്‍ മറികടന്നത്. ലോക്ഡൗണിനു ശേഷമുള്ള ഡിമാന്‍ഡ് വര്‍ധന, വില താഴ്ന്നതിനെത്തുടര്‍ന്ന് നിക്ഷേപ ഡിമാന്‍ഡ് ഉയര്‍ന്നത്, ആഭരണങ്ങളും, വെള്ളി ഉപകരണങ്ങളും നിര്‍മിക്കുന്നവര്‍ക്കിടയിലെ ഡിമാന്‍ഡ് ഉയര്‍ന്നത് എന്നിവയൊക്കെ വെള്ളി ഇറക്കുമതി ഉയരാന്‍ കാരണമായിട്ടുണ്ട്.

കിലോഗ്രാമിന് വില 55,000 രൂപയില്‍ താഴെയെത്തിയ 2022 ന്റെ പകുതിയോടെയാണ് ഇറക്കുമതി വര്‍ധിച്ചത്. ജൂലൈയാണ് ഏറ്റവുമധികം ഇറക്കുമതി നടന്ന മാസം.1,700 ടണ്‍ വെള്ളിയാണ് ജൂലൈയില്‍ ഇറക്കുമതി ചെയ്്തത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഏകദേശം 4,700 ടണ്‍ വെള്ളി ഇറക്കുമതി ചെയ്തു. 2022 ലെ ആഭ്യന്തരമായുള്ള വെള്ളിയുടെ വില്‍പ്പന 700-750 ടണ്ണായിരുന്നു. പ്രതീക്ഷിച്ച ഡിമാന്‍ഡ് 9,000 ടണ്ണും. വ്യവസായം, ജ്വല്ലറി, കരകൗശല വസ്തുകക്കളുടെ നിര്‍മാണം, നിക്ഷേപം എന്നിങ്ങനെയുള്ള പ്രധാന മേഖലകളിലെയെല്ലാം ഡിമാന്‍ഡ് 2022 ല്‍ വര്‍ധിച്ചുവെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.

വ്യാവസായിക മേഖലയിലെ ഡിമാന്‍ഡിന്റെ ഭൂരിഭാഗവും ഇലക്ട്രിക്കല്‍, സോളാര്‍ പാനല്‍ നിര്‍മാതാക്കളുടെ ഭാഗത്തു നിന്നുമാണ്. ഈ മേഖലയിലെ ഡിമാന്‍ഡ് രാജ്യത്തെ മൊത്തം വെള്ളിയുടെ ഡിമാന്‍ഡിന്റെ 40 ശതമാനം വരും. ഗുജറാത്തിലെ രാജ്കോട്ടാണ് ഇലക്ട്രിക് സ്വിച്ച് നിര്‍മാണത്തിന്റെ ഹബ്. രാജ്യത്തെ മൊത്തം വെള്ളി ഡിമാന്‍ഡിന്റെ 10 ശതമാനവും രാജ്കോട്ടില്‍ നിന്നാണ്. രാജ്യത്തെ മൊത്തം വെള്ളി ഡിമാന്‍ഡിന്റെ 40 ശതമാനം വ്യാവസായിക മേഖല, 30 ശതമാനം നിക്ഷേപകര്‍, അവശേഷിക്കുന്ന 30 ശതമാനം ആഭരണ, കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നവര്‍ എന്നീ മേഖലകളില്‍ നിന്നുമാണ്. ചെറുകിട ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവുമധികം ഡിമാന്‍ഡുള്ള വെള്ളി ആഭരണവും, ഉത്പന്നവും പാദസരവും, ഡിന്നര്‍ സെറ്റുമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.